എനിക്കെന്നും ആ ചിരിക്കുന്ന മുഖം മതി- കെ വി അനൂപ് ഓര്‍മ്മ

 
എനിക്കെന്നും ആ ചിരിക്കുന്ന മുഖം മതി- കെ വി അനൂപ് ഓര്‍മ്മ

പി.വി.ജീജോ

മരണവേളയില്‍ ഓര്‍മ്മകള്‍ എഴുതുക ക്രൂരമാണ് പക്ഷെ ജീവിക്കാനുള്ള പണി ഇതായപ്പോള്‍ അതില്‍ മറ്റു ചിന്തകളില്ലാത്ത എഴുത്തായിരുന്നു. എന്നാല്‍ അനൂപിനെക്കുറിച്ച് എഴുതാനിരിക്കുമ്പോളാണ് മരണത്തിന്റെ വേദനയും സങ്കടവും അനുഭവിക്കുന്നത്.

ചെറിയ താടിയുമായി മുണ്ടും മടക്കിപിടിച്ചുള്ള നില്‍പ്പ്, പതുക്കെയുള്ള സംസാരം, കാഴ്ചയിലും രൂപത്തിലും സൗമ്യന്‍... ...അനൂപുമായുള്ള പരിചയത്തെ, സൗഹൃദത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം കണ്ട രൂപമാണിന്നും മനസില്‍. ഇന്നലെ രാവിലെ മിംസ് ആശുപത്രിയിലെ ഐസിയുവില്‍ അവന്റെ ശരീരം തണുത്തുറഞ്ഞു നില്‍ക്കുമ്പോഴൊന്നും ഓര്‍മ്മകള്‍ പലതും ഓര്‍ക്കാനാവുമായിരുന്നില്ല. കണ്ണൂര്‍ ശ്രീനാരായണ കോളേജില്‍ മലയാള ബിരുദവിദ്യാര്‍ഥിയായാണ് അനൂപെത്തിയത്. കാമ്പസില്‍ ഞാനന്ന് ഉശിരനായി പാഞ്ഞു നടക്കുന്ന കാലമായിരുന്നു. ക്ലാസിന് പുറത്ത് സദാസമയവും സംഘടനാപ്രവര്‍ത്തനവുമായി നടക്കുന്ന വേളയിലാണ് അനൂപിനെ പരിചയപ്പെടുന്നത്. സൗമ്യനായി മെലിഞ്ഞ, മുണ്ടുടുത്ത പാവമായാണ് ആദ്യമേ കണ്ടപ്പോള്‍ തോന്നിയത്. കണ്ണൂര്‍ എസ്എന്‍ കോളേജിലൂടെയുള്ള അനൂപിന്റെ നടപ്പ് ഇന്നും ഓര്‍മ്മയിലുണ്ട്.

എസ്എഫ്‌ഐയുടെ പ്രകടനത്തിന് അനൂപ്‌വരും. എങ്കിലും പ്രൊഫ. ധ്രുവകുമാറിന്റെയും ഗ്രാമപ്രകാശിന്റെയും ക്ലാസുകള്‍ ഒഴിവാക്കി പ്രകടനത്തിന് വിളിച്ചാല്‍ അവനൊരുമടിയാ. പക്ഷെ വരാത്ത പ്രകടനങ്ങള്‍ക്കെല്ലാം അവന്‍ കൃത്യമായി ഞങ്ങളുടെ യൂണിറ്റ്‌ സെക്രട്ടറി ഇ സജീവനെയോ ക്ലാസ്‌മേറ്റുകൂടിയായ യൂണിറ്റ് പ്രസിഡന്റ് എം കെ മുരളിയെയോ കണ്ട് പറയും. കഥാകൃത്തെന്ന മേല്‍വിലാസം പ്രകടിപ്പിക്കാതെയായിരുന്നു അനൂപ് എസ്എന്‍ കോളേജില്‍ വന്നത്. എന്നാല്‍ അവനില്‍ കഥയുണ്ടെന്ന് ഞങ്ങള്‍ അതിവേഗം തിരിച്ചറിഞ്ഞു. ആദ്യവര്‍ഷം തന്നെ അവനെ എസ്എഫ്‌ഐയുടെ സാംസ്‌കാരികവിഭാഗമായ രചനയുടെ എഡിറ്ററാക്കി. കാമ്പസിന്റെ മഞ്ഞച്ചുവരുകളില്‍ രചനയുടെ രചനകള്‍ സജീവമാക്കിയതില്‍ അനൂപ് നല്ല വൈഭവംകാട്ടി. പ്രണയവും കവിതയും കഥയുമായി ചെയും നെരൂദയുമായി, ജോണും അയ്യപ്പനുമായി രചനയിലൂടെ അനൂപ് കുട്ടികളെ ആകര്‍ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം എസ്എന്റെ മണ്ണില്‍ ആവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ അനൂപ് മലയാളം അസോസിയേഷന്‍ സെക്രട്ടറിയായി വിജയിച്ചു. വി സി ശ്രീജന്‍മാഷെക്കൊണ്ടുവന്ന് അസോസിയേഷന്‍ ഉദ്ഘാടനം നടത്തി. എസ്എഫ്‌ഐക്കന്ന് ജനറല്‍ സീറ്റേ കിട്ടാതിരുന്നുള്ളു. അസോസിയേഷനും ക്ലാസ് പ്രതിനിധികളില്‍ ഭൂരിഭാഗവും ഞങ്ങള്‍ക്കായിരുന്നു. അനൂപിനെ മുന്‍നിര്‍ത്തി മലയാളം അസോസിയേഷന്‍വഴി ഞങ്ങള്‍ സമാന്തര യൂണിയന്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചു. കവിയരങ്ങ്, കഥാചര്‍ച്ച, മാഗസിന്‍ പ്രദര്‍ശനം..എല്ലാമായി അവനും മലയാളം അസോസിയേഷനും ശ്രദ്ധപിടിച്ചുപറ്റി. അടുത്തവര്‍ഷം അനൂപിനെ എഡിറ്ററാക്കി മത്സരിപ്പിച്ചു.

എനിക്കെന്നും ആ ചിരിക്കുന്ന മുഖം മതി- കെ വി അനൂപ് ഓര്‍മ്മ

കാമ്പസ്‌ വിട്ടശേഷം മാതൃഭൂമിയിലെത്തിയാണ് വീണ്ടും അനൂപുമായുള്ള ബന്ധം. ആനന്ദപ്പാത്തുവും അമ്മദൈവവുമെല്ലാം വായിച്ചുള്ള അഭിപ്രായങ്ങളില്‍ അവന്‍ ഏറെതാല്‍പര്യം കാട്ടുമായിരുന്നു. സ്‌പോര്‍ട്‌സ് മാസികയിലും സിനിമാ മാസികയിലുമായി ജോലിയിലെ മാറ്റങ്ങളും ചര്‍ച്ചചെയ്യും. രോഗം, വിവാഹം, പുറക്കാട്ടീരിയിലേക്കുള്ള വീടുമാറ്റം..എല്ലാമായി വര്‍ഷങ്ങള്‍ പോയി. ഏറ്റവുമൊടുവില്‍ ദീര്‍ഘമായി സംസാരിക്കുന്നത് കതിരൂര്‍ ബാങ്കിന്റെ സാഹിത്യപുസ്‌കാരം അവന് കിട്ടിയതറിഞ്ഞ ജൂണിലായിരുന്നു. അന്ന് രാത്രിയില്‍ അവന്‍ സന്തോഷവാനായിരുന്നു. കാരണം സ്വന്തം നാട്ടില്‍ അവന്റെ മനസിലുള്ള പ്രസ്ഥാനത്തിന്റെതായ പുരസകാരം വലിയബഹുമതിയായാണ് അനൂപ് കണ്ടിരുന്നത്. അയല്‍വാസികളായ ദേശാഭിമാനിയും മാതൃഭൂമിയും തമ്മിലുണ്ടായ അകല്‍ച്ചകളിലും ചിരസുഹൃത്തുക്കളായി തുടര്‍ന്നു ഞങ്ങള്‍. എന്നുകണ്ടാലും 25 വര്‍ഷം മുമ്പ് കണ്ട ആ ചിരി അവന്‍ എനിക്കായി സൂക്ഷിച്ചിരുന്നു. മാതൃഭൂമിയില്‍ ചേതനയറ്റ ശരീരത്തിലും ആ മുഖത്ത് ചിരിയുണ്ടായിരുന്നോ എന്നെനിക്കറിയില്ല. കാരണം വെളുത്തതുണിയാല്‍ മുടിപ്പുതഞ്ഞ അവന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയിരുന്നേയില്ല. എനിക്കെന്നും ആ ചിരിക്കുന്ന മുഖം മതി.