ദേശീയ സെക്രട്ടറിയായാലും പാര്‍ട്ടി മാനദണ്ഡം ലംഘിക്കാന്‍ പാടില്ല; ഡി രാജക്കെതിരെ കാനം രാജേന്ദ്രന്‍

 
kanam d raja

ചെയര്‍മാനായിരുന്ന ഡാങ്കെ മുതലുള്ളവരെ വിമര്‍ശിച്ചിരുന്ന പാര്‍ട്ടിയാണ് സിപിഐ


ആനി രാജയെ പിന്തുണച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ വിമര്‍ശിച്ച് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. ആനി രാജയുടെ പ്രസ്താവനയിലെ ഡി രാജയുടെ പ്രതികരണം ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനം അല്ലെന്ന് കാനം പറഞ്ഞു. താന്‍ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തത്. പാര്‍ട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാന്‍ പാടില്ല. അത് ജനറല്‍ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പൊലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളില്‍ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ആനി രാജ കേരള പൊലീസിനെതിരെ നടത്തിയ പരസ്യ പ്രതികരണത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം വന്നിരിക്കുന്നത്. കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുണ്ടെന്നായിരുന്നു ആനി രാജയുടെ പരാമര്‍ശം. സിപിഐ സംസ്ഥാന നേതൃത്വം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ആനി രാജയുടെ പ്രസ്താവനയില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ട് കാനം രാജേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചു. ആനി രാജയുടെ നടപടി പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാനത്തിന്റെ കത്ത്. 

എന്നാല്‍, ആനി രാജയെ പിന്തുണച്ചുകൊണ്ടായിരുന്നു ഡി രാജയുടെ പ്രതികരണം. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകളെ വിമര്‍ശിക്കണം എന്നായിരുന്നു രാജയുടെ പ്രസ്താവന ഇതിനു പിന്നാലെയാണ് കാനം ദേശീയ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പാര്‍ട്ടി ചെയര്‍മാനായിരുന്ന എസ്.എ ഡാങ്കെ മുതലുള്ളവരെ വിമര്‍ശിച്ചിരുന്ന പാര്‍ട്ടിയാണ് സിപിഐ. അതുകൊണ്ട് ജനറല്‍ സെക്രട്ടറി ആയാലും ചെയര്‍മാനായാലും പാര്‍ട്ടി മാനദണ്ഡം ലംഘിച്ചാല്‍ അത് വിമര്‍ശിക്കപ്പെടും. സംസ്ഥാന ഘടകത്തിലുണ്ടായ ചര്‍ച്ചകളുടെ പൊതുവികാരം ഡി രാജയെ അറിയിക്കാന്‍ മറ്റൊരു ദേശീയ സെക്രട്ടറിയേറ്റ് അംഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.