കോവിഡ് പ്രതിസന്ധി; കൊല്ലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

 
Sumesh kollam

കോവിഡ് പ്രതിസന്ധിയില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞു. കൊല്ലം കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ് ആത്മഹത്യ ചെയ്തത്. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക്ഡൗണിനെത്തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖല നിശ്ചലമായിരുന്നു. ഇതേത്തുടര്‍ന്ന് സുമേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി. 

കഴിഞ്ഞ ലോക്ക്ഡൗണിനു മുമ്പ് തന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവകകള്‍ പണയപ്പെടുത്തി രണ്ട് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്സ് എന്ന പേരില്‍ സ്വന്തം സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണിനെത്തുടര്‍ന്ന് പൊതുപരിപാടികള്‍ നിലച്ചതോടെ ജോലി കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നു. വായ്പ തിരിച്ചടവുകള്‍ ഉള്‍പ്പെടെ മുടങ്ങുകയും ചെയ്തു. അതോടെ, സുമേഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. സമീപവാസികളില്‍നിന്ന് കടംവാങ്ങിയ പണവും തിരിച്ചുകൊടുക്കാന്‍ കഴിയാതെ വന്നത് സാഹചര്യം കൂടുതല്‍ വഷളാക്കിയെന്നും ബന്ധുക്കള്‍ പറയുന്നു.