സംസ്ഥാനത്തെ കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന്

 
covid

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന്. വൈകിട്ട് ഓണ്‍ലൈനായാണ് യോഗം ചേരുക. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടര്‍മാര്‍, ചികിത്സാ പരിചയമുള്ള സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്തെ കോവിഡ് സാഹചര്യം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിയന്ത്രണങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. 

യോഗത്തിനുശേഷമായിരിക്കും സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക. രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും നിലനില്‍ക്കുന്നുണ്ട്. ഇതുകൂടാതെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ അനുസരിച്ചും നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് നിയന്ത്രണമുള്ളത്. വാക്സിനേഷന്‍ 80 ശതമാനം പിന്നിട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തണമെന്ന അഭിപ്രായം നിലവിലുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

വെള്ളിയാഴ്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ആരോഗ്യം, റെവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരും പങ്കെടുക്കും. മൂന്നാം തരംഗം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഈ യോഗം.