അനില്‍കുമാറിന് നിരാശാബോധം, ഗുരുതരമായ അച്ചടക്കലംഘനം; പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സുധാകരന്‍

 
K Sudhakaran

കെ.പി അനില്‍കുമാറിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അനില്‍കുമാറിന് നിരാശാബോധമാണെന്ന് സുധാകരന്‍ പറഞ്ഞു. ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായത്. പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമല്ല. നിരുത്തരവാദപരമായ മറുപടിയാണ് നല്‍കിയത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടികക്കെതിരെ പരസ്യമായി പ്രതികരിക്കുകയും, അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചും അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം. 

കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് അനില്‍കുമാര്‍ പാര്‍ട്ടി ബന്ധം അവസാനിപ്പിച്ചത്. പിന്നില്‍ നിന്ന് കുത്തേറ്റു മരിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞാണ് അനില്‍കുമാര്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി. പിന്നാലെ, എകെജി സെന്ററിലെത്തിയ അനില്‍കുമാര്‍ തുടര്‍ന്ന് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.