രണ്ട് വര്‍ഷമായി ക്ലാസില്‍ ആരും ഒപ്പമിരിക്കാറില്ല; പുനര്‍വിവാഹത്തിന്റെ പേരില്‍ എസ് എഫ് ഐക്കാര്‍ സദാചാര ആക്രമണം നടത്തുന്നതായി വിദ്യാര്‍ത്ഥിനി

 
രണ്ട് വര്‍ഷമായി ക്ലാസില്‍ ആരും ഒപ്പമിരിക്കാറില്ല; പുനര്‍വിവാഹത്തിന്റെ പേരില്‍ എസ് എഫ് ഐക്കാര്‍ സദാചാര ആക്രമണം നടത്തുന്നതായി വിദ്യാര്‍ത്ഥിനി

പുനര്‍വിവാഹിതയായതിന്റെ പേരില്‍ സഹപാഠികളില്‍നിന്ന് തൃശൂര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിക്ക് പീഡനം. ആത്മഹത്യ പ്രേരണ, സ്ത്രീപീഡനം, റാഗിങ് എന്നിവയുടെ പേരില്‍ വിദ്യാര്‍ത്ഥി മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും തുടങ്ങിയവയില്‍ പരാതി നല്‍കി. അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയിരിക്കുന്നത്. പരസ്പര സമ്മതത്തോടെ രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി വിവാഹ മോചനം നേടിതിനെ തുടര്‍ന്ന് സഹപാഠികള്‍ നിരന്തരം അപമാനിക്കുകയും, ഒറ്റപ്പെടുത്തുകയും ചെയ്തുവെന്നും, രണ്ട് വര്‍ഷമായി ക്ലാസ് മുറിയില്‍ ബെഞ്ചില്‍ ഒറ്റക്കാണ് ഇരിക്കുന്നതെന്നും, ആരും ഒപ്പമിരിക്കാറില്ലെന്നും, വാട്‌സാപ്പ് ഗ്രൂപ്പുകളിലും നിരന്തരം സദാചാര ആക്രമണം നേരിടുന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. "ലോ കോളേജിലും പരിസരത്തും വെച്ച് സഹപാഠിയായ ഡാനിക് എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ പരാതിയുമായി ചെന്നപ്പോള്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിബിന്‍ കെ വിജയന്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു." വിദ്യാര്‍ത്ഥി അഴിമുഖത്തോട് പറഞ്ഞു. എസ്എഫ്‌ഐകാരില്‍നിന്ന് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ ക്ലാസില്‍ ആരും പ്രതികരിക്കാറില്ലെന്നും, പലര്‍ക്കും ഭയമാണെന്നും , ക്യാമ്പസില്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് അറിയിച്ചുകൊണ്ട് തനിക്കുണ്ടായ പീഡനങ്ങളുടെ പേരില്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. യൂണിറ്റ് അംഗങ്ങള്‍ അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്നെകുറിച്ച് വളരെ മോശമായ പരാമര്‍ശങ്ങള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുമ്പോഴും എല്ലാവരും നിശബ്ദത പാലിക്കുകയാണെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ജീവിച്ചിരിക്കുമ്പോള്‍തന്നെ തനിക്ക് നീതിവേണമെന്ന് സൈബര്‍ സെല്‍, വനിത കമ്മീഷന്‍, ഗ്രിവന്‍സ് സെല്‍, നിര്‍ഭയ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ബേട്ടി ബച്ചാവോ എന്നിവയ്ക്ക് നല്‍കിയ പരാതിയില്‍ വിദ്യാര്‍ത്ഥി പറയുന്നു. ജീവിച്ചിരിക്കുന്നവര്‍ക്കും ഹാഷ് ടാഗുകള്‍ വേണമെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

ക്ലാസ് റൂമില്‍ വിദ്യാര്‍ത്ഥിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മറ്റ് കാര്യങ്ങളിലൊന്നും പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. കോളേജ് ചെയര്‍മാന്‍ ആരോപണങ്ങള്‍ നിഷേധിച്ചു.