സഖാവ് പി അഥവാ കണ്ണൂരിലെ പാര്‍ട്ടി

 
സഖാവ് പി അഥവാ കണ്ണൂരിലെ പാര്‍ട്ടി

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പറ്റാത്ത പി ജയരാജന്റെ കാല്‍തൊട്ട് നമിക്കുന്നിടത്തു തന്നെയാണ് കണ്ണൂരിലെ പുതുകാല രാഷ്ട്രീയ വിപ്ലവം എന്ന് കരുതുന്ന രീതിയിലാണ് ഇന്ന് വടകരയില്‍ പി ജയരാജന്റെ സഹോദരി പി സതീദേവിയുടെ വീട്ടില്‍ നടന്ന രാഷ്ട്രീയ ചടങ്ങ്. ചടങ്ങില്‍ പങ്കെടുത്തവര്‍ അത്രയും സിപിഐഎം കണ്ണൂരിലെ ആധിപത്യം നിലനിര്‍ത്താന്‍ പറഞ്ഞയച്ച പുതുക്കക്കാര്‍ തന്നെയായിരുന്നുവെന്നതും ശ്രദ്ധേയം. എംവി നികേഷ് കുമാര്‍ മാത്രമായിരുന്നില്ല ടിവി രാജേഷും ബിനോയ് കുര്യനും എ എന്‍ ഷംസീറും ഒക്കെയുണ്ടായിരുന്നു ആ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സ്ഥാനാര്‍ത്ഥികളായി. ഈ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ മുഴങ്ങിക്കേള്‍ക്കേണ്ടിയിരുന്ന ഗാനം മച്ചകത്തമ്മയെ കാല്‍തൊട്ട് വന്ദിച്ച് മകനേ തുടങ്ങു നിന്‍ യാത്ര എന്നതായിരുന്നു.

കണ്ണൂരിലെ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞാല്‍ അത് സഖാവ് പി ജയരാജന്‍ നേതൃത്വം നല്‍കുന്ന ഒരു തെരഞ്ഞെടുപ്പ് തന്നെയാണ്. അക്കാര്യത്തില്‍ പുതുക്കക്കാര്‍ക്കും തര്‍ക്കമില്ലാത്തതിനാല്‍ തന്നെയാണ് ഗുരുദക്ഷിണ വച്ച് കതിരൂരില്‍ ആവാത്ത ചടങ്ങ് വടകരയിലേക്ക് മാറ്റിയത്.

പി ജയരാജന്റെ അഭാവം ഇക്കുറി കണ്ണൂര്‍ വല്ലാതെ അറിയുന്നുണ്ട് എന്ന് തന്നെ വേണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സിപിഐഎം നടത്തുന്ന വിക്രിയകള്‍ കാണുമ്പോള്‍. കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യം കിട്ടിയെങ്കിലും കണ്ണൂരില്‍ പ്രവേശിക്കാന്‍ പറ്റാത്ത സഖാവ് പി അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നിടത്തേക്ക് എത്തിയെന്നു തന്നെ വേണം ഇന്നത്തെ വടകരയിലെ കൂട്ടായ്മ കാണുമ്പോള്‍ തോന്നുക. ഇതൊരു തോന്നലല്ല യാഥാര്‍ത്ഥ്യമാണ്. കണ്ണൂരിന്റെ ചുക്കാന്‍ കൂത്തുപറമ്പ് ഏര്യാ കമ്മിറ്റി സെക്രട്ടറിയാകുമ്പോള്‍ പോലും നിയന്ത്രിച്ചിരുന്നത് സഖാവ് പി ആണെന്നത് പുതുക്കക്കാര്‍ക്കും അറിയാം. എംവി രാഘവന്‍ കൊടി കൊണ്ട നേതാവായി വിലസ്സുമ്പോഴും ചുവട്ടില്‍ ഒരു നിഴല്‍ പോലെ സഖാവ് പി ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് വിജയ തന്ത്രങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മാത്രമല്ല പരാജിത ഭൂമികളുടേയും ലിസ്റ്റ് സ്വന്തമായി കൊണ്ടു നടന്നിരുന്ന സഖാവിനെ കാണാന്‍ പോയ പുതുക്കക്കാരുടെ വിശ്വാസം കണ്ണൂരിലെ ചുവന്ന മണ്ണ് അവരെ കാക്കും എന്നു തന്നെ വേണം കരുതാന്‍.

സഖാവ് പിക്ക് ഒരു ഗുണമുണ്ട്. എവിടെയായിരുന്നാലും പാര്‍ട്ടി തന്നെയാണ് ജീവിതം എന്ന ആത്മവിശ്വാസം നല്‍കുന്ന ആ കരുത്ത്. ആ കരുത്ത് തന്നെയായിരുന്നു കണ്ണൂരില്‍ പാര്‍ട്ടിയുടെ വലിയ വളര്‍ച്ചയ്ക്ക് കാരണമായതും വളര്‍ന്നു വരുന്നതിന് ഇടയില്‍ മുരടിപ്പ് ബാധിച്ച ആര്‍ എസ് എസ് ജയരാജനെ ലക്ഷ്യമിടുന്നതും അതുകൊണ്ട് കൂടിയാണ് (ജയരാജനുമായി ബന്ധപ്പെട്ട കേസുകളല്ല പറയുന്നത്. അതൊക്കെ അന്വേഷണ സംഘം തീരുമാനിക്കേണ്ട കാര്യങ്ങളാണ്).

സഖാവ് പിയെ കണ്ടിറങ്ങിയ നികേഷ് കുമാര്‍ പറഞ്ഞത് താന്‍ പത്ര മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നുവെന്നാണ്. നികേഷ് വരുന്നുവെന്ന് അറിഞ്ഞ് അഴീക്കോട് മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ കെ എം ഷാജി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ കൂമ്പടയ്ക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നികേഷ് ഇത്രയും പറഞ്ഞത്. ജയിച്ചാല്‍ നികേഷ് അസംബ്ലിയിലേക്ക് തോറ്റാല്‍ എവിടേക്ക് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

കണ്ണൂര്‍ രാഷ്ട്രീയം കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. പിണറായിയുടെ ധര്‍മ്മടം സീറ്റിലൂടെയുള്ള രംഗപ്രവേശനത്തിലൂടെ ജില്ലയൊട്ടാകെ കൈപ്പിടിയിലൊതുക്കാമെന്ന അമിതാവേശത്തിലാണ് സിപിഐഎം. പിണറായിക്ക് അപ്പുറത്ത് കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യാന്‍ പറ്റുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെയാണ് ജില്ല അതിര്‍ത്തിക്ക് അപ്പുറത്ത് വാസം ഉറപ്പിക്കേണ്ടി വന്ന പി ജയരാജനെ പുതുക്കക്കാരായ സ്ഥാനാര്‍ത്ഥികള്‍ കണ്ടത്.

പുതുക്കക്കാരെ കണ്ട് ആവേശഭരിതനായ പഴയ കമ്മ്യൂണിസ്റ്റ് മാസ്റ്റര്‍ പറഞ്ഞത് കണ്ണൂരിലെ പാര്‍ട്ടി പി ജയരാജനെ കണ്ടല്ല വളര്‍ന്നത്. ഞാനില്ലെങ്കിലും അവിടത്തെ കാര്യങ്ങള്‍ കൃത്യമായി നടക്കുമെന്നാണ്. കോഴിക്കോട് ജില്ലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് അടുത്ത ഒമ്പതാം തിയതിവരെ തുടര്‍ച്ച ചികിത്സകളുണ്ടെന്നും ആരോഗ്യം അനുവദിക്കുന്ന രീതിയില്‍ കോഴിക്കോട് ജില്ലയില്‍ പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നുമാണ്. ഒരുകാര്യം ഏതാണ്ട് ഉറപ്പാണ്. സഖാവ് പിയുടെ ദൃശ്യ സാന്നിദ്ധ്യം കോഴിക്കോട് ജില്ലയില്‍ അദൃശ്യ സാന്നിദ്ധ്യം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഉണ്ടാകുമ്പോള്‍ മലബാറിലെ വോട്ട് ബാങ്ക് അക്കൗണ്ടില്‍ കനത്ത വോട്ട് നിക്ഷേപം ഉണ്ടാകുമെന്ന ധാരണയില്‍ തന്നെയാണ് സിപിഐഎം.