കനത്തമഴ; മുന്‍ കരുതല്‍, മലമ്പുഴ ഡാമിന്റെ നാലുഷട്ടറുകള്‍ ഉയര്‍ത്തും

 
കനത്തമഴ; മുന്‍ കരുതല്‍, മലമ്പുഴ ഡാമിന്റെ നാലുഷട്ടറുകള്‍ ഉയര്‍ത്തും

പാലക്കാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയക്ക് സാധ്യതയുള്ളതിനാല്‍ ജല നിരപ്പ് നിയന്ത്രിക്കുന്നതിനായി മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തൂറക്കുന്നു. ഉച്ചക്ക് ശേഷം മൂന്നരയോടെ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ ഒരടിയോളം തുറക്കാനാണ് തീരുമാനം. വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിപ്പുണ്ട്.

ഇന്നലെ രാത്രിയില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്തമഴ പെയ്തിരുന്നെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ജില്ലയിലെ മഴയ്്ക്ക് നേരിയ ശമനവുമുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ കനത്ത മഴയെതുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലകളായ നെല്ലിയാമ്പതി, കരടിത്തോട് മേഖലകളില്‍ പുതിയ സാഹചര്യം കണക്കിലെടുത്ത് സഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മുന്നറിയിപ്പ് നില നില്‍ക്കുന്ന തൃശ്ശുര്‍ ജില്ലയില്‍ നിലവില്‍ മഴപെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. എന്നാല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണ കൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള റെയില്‍പാതക്ക് കീഴില്‍ മണ്ണിടിഞ്ഞത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. നിലവില്‍ ഇവിടെ അറ്റക്കുറ്റപ്പണി പുരോഗമിക്കുന്നുണ്ടെങ്കിലും പത്ത് കിലോ മീറ്റര്‍ വേഗതയില്‍ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്. മേഖലയില്‍ വൈകുന്നേരങ്ങളില്‍ തുടര്‍ച്ചയായിപ്പെയ്യുന്ന മഴ വ്യാപക നാശമാണ് വിതച്ചിട്ടുള്ളത്. ജില്ലയിലെ ഡാമുകളിലെ ജല നിരപ്പ് ഉള്‍പ്പെടെ ഇന്നു ചേരുന്ന യോഗം വിലയിരുത്തും.