ബിജെപി എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി; പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പും പീഡിപ്പിച്ചു

 
ബിജെപി എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി; പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പും പീഡിപ്പിച്ചു

ഉത്തര്‍ പ്രദേശിലെ ബിസൗലി മണ്ഡലത്തിലെ ബിജെപി എംഎല്‍എ കുശാഗ്ര സാഗര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. എംഎല്‍എയുടെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിയുമായി ബറൈലി പോലിസിനെ സമീപിച്ചത്. കുശാഗ്ര സാഗര്‍ വര്‍ഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും 22 കാരിയായ യുവതി പരാതിയില്‍ പറയുന്നു. തനിക്ക് പ്രായ പൂര്‍ത്തിയാവുന്നതിന് മുന്‍പും കുശാഗ്ര സാഗര്‍ തന്നെ പീഡിപ്പിച്ചതായും പരാതി ആരോപിക്കുന്നു.

നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും തനിക്ക് ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. ജുണ്‍ 17 ന് എംഎല്‍എയുടെ വിവാഹം നിശ്ചയിച്ച സാഹചര്യത്തിലാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

എംഎല്‍എയുടെ പിതാവും മുന്‍ എംഎല്‍എയുമായ യോഗേന്ദ്ര സാഗര്‍ മകനുമായുള്ള വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒത്തുതീര്‍പ്പിനായി 20 ലക്ഷം വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്നും ഇതിനുശേഷം മാത്രമേ നടപടികളിലേക്ക് കടക്കു എന്നും പോലിസ് സീനിയര്‍ സൂപ്രണ്ട് പ്രതികരിച്ചു.

അതേസമയം, പരാതി തനിക്കെതിരായ രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണെന്നാണ് കുശാഗ്ര സാഗര്‍ എംഎല്‍എയുടെ പ്രതികരിച്ചു. എതിരാളികള്‍ തന്റെ പിതാവിന്റെ രാഷ്ട്രീയ ഭാവി തകര്‍ത്തവരാണ്. ഇപ്പോള്‍ താനാണ് ലക്ഷ്യം. 2014ല്‍ സമാനമായ പരാതിയുമായി യുവതി പോലിസിനെ സമീപിച്ചിരുന്നു. അന്ന് 10 ലക്ഷം രൂപയായിരുന്നു അവരുടെ ആവശ്യം. അന്നത്തെ കരാറിന്റെ പകര്‍പ്പ് തന്റെ കൈവശമുണ്ടെന്നും എംഎല്‍എ പ്രതികരിച്ചു. തന്റെ വിവാഹം നിശ്ചയിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത്. നിരപരാധിത്വം തെളിയിക്കാല്‍ നുണപരിശോധനയക്ക് തയ്യാറാണെന്നും കുശാഗ്ര സാഗര്‍ പ്രതികരിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.