വരാപ്പുഴ കസ്റ്റഡി മരണക്കേസ്: മുൻ റൂറൽ എസ്പി എ വി ജോർജ്ജിന് ക്ലീൻചിറ്റ്

 
വരാപ്പുഴ കസ്റ്റഡി മരണക്കേസ്: മുൻ റൂറൽ എസ്പി എ വി ജോർജ്ജിന് ക്ലീൻചിറ്റ്

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയനായിരുന്ന എർണാകുളം മുൻ റൂറൽ എസ് പി എവി ജോർജ്ജിനെ കുറ്റവിമുക്തനാക്കി. വകുപ്പ് തല നടപടികളിൽ നിന്നാണ് ജോർജ്ജിനെ ഒഴിവാക്കിയത്. ഇക്കാര്യം വ്യക്തമാക്കി സർക്കാറിന് വേണ്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

കസ്റ്റഡി മരണത്തിൽ ജോര്‍ജ്ജിന് പങ്കില്ലെന്ന ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എവി ജോർജ്ജ് സാക്ഷി മാത്രമാണെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ട്. ഈ രണ്ട് റിപ്പോർട്ടുകൾ‌ പരിഗണിച്ചാണ് നടപടി. അതിനിടെ, പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ് പി ആയിരുന്ന എവി ജോർജ്ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നൽകും.

നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണസംഘത്തെ നയിച്ച എവി ജോര്‍ജ് പിന്നീട് വാരാപ്പുഴ കസ്റ്റഡി മരണക്കേസിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു. സസ്പെന്‍ഷന് ശേഷം മടങ്ങിയെത്തിയ എവി ജോര്‍ജിനെ ആദ്യം ഇന്‍റലിജന്‍സിലും പിന്നീട് പൊലീസ് അക്കാദമിയിലേക്കും മാറ്റിയിരുന്നു. ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് ജോര്‍ജിനെ ഇപ്പോള്‍ ക്രമസമാധാനപാലന രംഗത്തേക്ക് മാറ്റി നിയമിച്ചത്.

അടിപിടിയുമായി ബന്ധപ്പെട്ട വരാപ്പുഴ സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് 2018 ഏപ്രിൽ ആറിന് ശ്രീജിത്ത് അടക്കം പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പോലീസ് മര്‍ദ്ദനത്തിന്‍റെ ഭാഗമായുണ്ടായ ഗുരുതരമായ പരിക്കുകള്‍ മൂലമാണ് ശ്രീജിത്ത് മരണപ്പെട്ടതെന്നാണ് മെഡിക്കൽ റിപ്പോര്‍ട്ട്. എറണാകുളം റൂറൽ എസ്‍‍പിയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന റൂറൽ ടൈഗര്‍ ഫോഴ്സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിൻ രാജ്, എം എസ് സുമേഷ്, എസ്ഐ ദീപക്, ഇൻസ്പെക്ടര്‍ ക്രിസ്പിൻ സാം, എഎസ്ഐമാരായ സി എൻ ജയാനന്ദൻ, സന്തോഷ് ബേബി, സിപിഓ പി ആര്‍ ശ്രീരാജ്, ഇ ബി സുനിൽകുമാര്‍ എന്നിവർക്കെതിരെയായിരുന്നു നടപടി. സംഭവത്തിന്‍റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് റൂറൽ പോലീസ് മേധാവിയ്ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുറ്റ വിമുക്തനാക്കി ഉത്തരവിറക്കിയത്.

കാർഷിക മേഖലയിലൂന്നി മോദി 2.0 തുടക്കം; എല്ലാ കർഷകർക്കും വർഷം 6000 രൂപ; പെൻഷൻ പദ്ധതിയും വിപുലീകരിച്ചു