സീറ്റേതായാലും പ്രശ്നമല്ല, പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും: പിജെ ജോസഫ്

 

ലോക്സഭാ സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് എം നേതാവ് പിജെ ജോസഫ്. യുഡിഎഫിൽ രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കും. ഇത്തവണ എന്തായാലും താൻ മത്സരരംഗത്തുണ്ടാവുമെന്ന സൂചനയും അദ്ദേഹം നൽകി. കൊച്ചിയിൽ നടക്കുന്ന യുഡിഎഫ് സീറ്റ് വിഭജന ഉഭയകക്ഷി ചർച്ചയ്ക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിജെ ജോസഫ്. ആവശ്യം. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. മത്സരിക്കാന്‍ ആഗ്രഹമുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ എന്തായാലും മത്സരിക്കും. എവിടെ മത്സരിച്ചാലും കുഴപ്പമില്ല. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ആവശ്യം. മൂന്ന് സീറ്റിലും തനിക്ക് വിജയിക്കാനാവുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.

സീറ്റ് വിഭജനത്തില്‍ മുസ്ലീം ലീഗുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകും. മുസ്ലീം ലീഗ് 1984-ല്‍ രണ്ട് സീറ്റിലാണ് മത്സരിച്ചിരുന്നത്. അന്ന് കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നു ഈ പാരമ്പര്യം ഉള്ളതിനാൽ കൂടുതൽ സീറ്റ് അനുവദിക്കുന്നതിൽ ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, രണ്ടാം സീറ്റ് സംബന്ധിച്ചും പിജെ ജോസഫിന്റെ അവകാശവാദത്തെകുറിച്ചും പ്രതികരിക്കാൻ പാർട്ടി ചെയർമാൻ കെ എം മാണി തയ്യാറായില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾ അവഗണിച്ചാണ് അദ്ദേഹം യോഗത്തിന് പോയത്. കേരള കോൺഗ്രസുമായുള്ള യുഡിഎഫിന്റെ സീറ്റ് വിഭജനചർച്ച കൊച്ചിയിൽ പുരോഗമിക്കുകയാണ്.