ജിഷ്ണു കേസില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ ചൂണ്ടിക്കാട്ട്: പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി

 
ജിഷ്ണു കേസില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ ചൂണ്ടിക്കാട്ട്: പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനും ബിജെപിക്കും വളരെ വേണ്ടപ്പെട്ടവരാണ് സംഭവത്തില്‍ ഉള്‍പ്പെട്ട കോളജിന്റെ മാനേജ്‌മെന്റിലുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജിഷ്ണുവിന്‍റെ 'ആത്മഹത്യ' യുഡിഎഫ് ഭരണകാലത്ത് ആയിരുന്നെങ്കില്‍ പ്രസ്തുത സ്വാശ്രയ കോളേജ് എല്ലാ തരത്തിലും സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മൊറാഴ ലോക്കല്‍ കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി.

ജിഷ്ണു പ്രണോയ് വിഷയത്തില്‍ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും പറഞ്ഞിട്ടില്ല. ഈ പ്രശ്‌നത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും തെറ്റു പറ്റിയെന്ന് ചൂണ്ടിക്കാട്ടാന്‍ മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ ചെന്നിത്തലയ്ക്കു സാധിക്കുമോ? തെറ്റ് പറ്റിയാല്‍ ഞങ്ങള്‍ തിരുത്തും. പക്ഷേ തെറ്റുണ്ടായിരിക്കണം. തെറ്റില്ലാതെ ആര്‍ക്കെതിരെയും നടപടിയെടുക്കില്ല. സര്‍ക്കാരിനെ അപമാനിക്കുന്ന വക്രബുദ്ധികള്‍ക്ക് മുന്നില്‍ ചൂളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ദുഷിപ്പിച്ച ഉദ്യോഗസ്ഥരെ തിരുത്തി നേരെയാക്കാന്‍ സമയമെടുക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.