കനയ്യ കുമാര്‍ അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

 
കനയ്യ കുമാര്‍ അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

കനയ്യ കുമാര്‍ അടക്കമുള്ള 15 ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 2016 ഫെബ്രുവരി ഒമ്പതിന് ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് കനയ്യ, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല അധികൃതര്‍ അച്ചടക്ക നടപടി എടുത്തത്. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അവര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം ഉചിതമായ നടപടി എടുക്കാനും കോടതി, സര്‍വകലാശാലയോട് ആവശ്യപ്പെട്ടു.

സസ്‌പെന്‍ഷന്‍, ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കല്‍ തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികള്‍ക്കെതിരായ ശിക്ഷാ നടപടിയായി ജെഎന്‍യു അധികൃതര്‍ എടുത്തിരുന്നു. ഈ തീരുമാനം ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. ഉമര്‍ ഖാലിദിനെ ഈ വര്‍ഷം ഡിസംബര്‍ വരെയും അനിര്‍ഭനെ അഞ്ച് വര്‍ഷത്തേക്കുമാണ് പുറത്താക്കിയിരിക്കുന്നത്. ഇവര്‍ ഗവേഷക വിദ്യാര്‍ത്ഥികളാണ്. ഫെബ്രുവരി ഒമ്പതിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് ഈ മൂന്ന് പേരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലിടച്ച് ഏറെ വിവാദമാവുകയും വലിയ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ വ്യാജമായിരുന്നു എന്ന് പിന്നീട് വ്യക്തമായി.