പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാമെങ്കില്‍ എന്തുകൊണ്ട് രാമക്ഷേത്രത്തിന് നിയമനിര്‍മ്മാണമില്ല?: ആര്‍എസ്എസ്

 
പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാമെങ്കില്‍ എന്തുകൊണ്ട് രാമക്ഷേത്രത്തിന് നിയമനിര്‍മ്മാണമില്ല?: ആര്‍എസ്എസ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാമെങ്കില്‍ എന്തുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്രത്തിനായി നിയമനിര്‍മ്മാണം നടത്താന്‍ കഴിയില്ല എന്ന് മോദി സര്‍ക്കാരിനോട് ആര്‍എസ്എസ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് മുംബൈയില്‍ വിവിധ സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഒരു റാലിയില്‍ പ്രസംഗിക്കവേ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസാബ്ലെ ആണ് ഇക്കാര്യം പറഞ്ഞത്. ആര്‍എസ്എസ് സാ സര്‍കാര്യവാഹക് അഥവാ ജോയിന്റ് സെക്രട്ടറിയാണ് ദത്താത്രേയ ഹൊസാബ്ലെ. അയോധ്യയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഭൂമി, ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുകൊടുക്കുമെന്ന് എന്ന് മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നതായി ഹൊസാബ്ലെ പറഞ്ഞു.

സുപ്രീം കോടതി പ്രത്യേക ബഞ്ച് രൂപീകരിച്ചിട്ടും ഒരു തീരുമാനവുമുണ്ടാകുന്നില്ലെവന്നും ദത്താത്രേയ ഹൊസാബ്ലെ പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരണമെന്ന് നാഗ്പൂരിലെ വിജയദശമി പ്രസംഗത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ അവര്‍ തയ്യാറായിട്ടില്ല.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കും തുല്യമായി ഭാഗിക്കാനാണ് 2010ലെ അലഹബാദ് ഹൈക്കോടതി വിധി. എന്നാല്‍ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. 14 ഹര്‍ജികളാണ് അലഹബാദ് ഹൈക്കോടതി ചോദ്യം ചെയ്ത് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. ഒക്ടോബര്‍ 29ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് അയോധ്യ കേസ് പരിഗണിച്ചെങ്കില്‍ കേസില്‍ എപ്പോള്‍ വാദം കേട്ട് തുടങ്ങാമെന്ന് ജനുവരിയില്‍ അറിയിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചിരുന്നത്. ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റ് നിരവധി കേസുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

https://www.azhimukham.com/newsupdate-ram-temple-must-build-in-ayodhya-whether-bjp-ruling-or-not-says-uddhav-thackeray/

https://www.azhimukham.com/trending-p-sainath-comment-on-sabarimala-women-entry-issues-interview/