കോളേജ് ടൂര്‍ പോയ മുസ്ലീം വിദ്യാര്‍ത്ഥിനിക്ക് ബിജെപി അനുഭാവികളായ വിദ്യാര്‍ത്ഥികളുടെ പീഡനം

 
കോളേജ് ടൂര്‍ പോയ മുസ്ലീം വിദ്യാര്‍ത്ഥിനിക്ക് ബിജെപി അനുഭാവികളായ വിദ്യാര്‍ത്ഥികളുടെ പീഡനം

ആഗ്രയിലേയ്ക്കുള്ള കോളേജ് ടൂറിനിടെ തന്നെ ബസില്‍ വച്ച് ബിജെപി അനുഭാവികളായ വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി ഉമാം ഖാനം എന്ന മുസ്ലീം വിദ്യാര്‍ത്ഥിനി. ട്വിറ്ററിലാണ് ഉമാം തന്റെ ദുരനുഭവം വിവരിക്കുന്നത്. 55 വിദ്യാര്‍ത്ഥികളില്‍ താന്‍ മാത്രമായിരുന്നു മുസ്ലീം എന്നും മറ്റ് വിദ്യാര്‍ത്ഥികളെയൊന്നും അവര്‍ ഉപദ്രവിച്ചില്ലെന്നും ഉമാം പറയുന്നു. നാല് അധ്യാപകര്‍ കൂടെയുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ പുരുഷന്മാരായിരുന്നു. മദ്യപിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ അടുത്ത് വന്ന് ശാരീരികമായി ഉപദ്രവിക്കാനും അസഭ്യം വിളിക്കാനും തുടങ്ങി. ബിജെപി തൊപ്പികള്‍ കൊണ്ടുവന്ന് അത് ധരിക്കാന്‍ നിര്‍ബന്ധിച്ചു. അധ്യാപകര്‍ ഇതല്ലാം കണ്ടിരിക്കുകയായിരുന്നു.

കൈ പിടിച്ചുവലിച്ച് ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ അസഭ്യം പറയാന്‍ തുടങ്ങി. അശ്ലീലച്ചുവയുള്ള സിനിമാപാട്ടുകള്‍പാടിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച എന്റെ സുഹൃത്തുക്കളോടും മോശമായി പെരുമാറി. ബിജെപി തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച എന്നെ ഭീഷണിപ്പെടുത്തി. പല പെണ്‍കുട്ടികളും എന്നെ ഉപദ്രവിക്കുന്നത് ആസ്വദിച്ച് ചിരിക്കുകയായിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെ വലിയ വെറുപ്പാണ് ഇവര്‍ക്കിടയിലുള്ളത് എന്നും ഉനാം ഖാനം പറയുന്നു.