മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം: രണ്ടാം ദിവസവും സഭ നേരത്തെ പിരിഞ്ഞു

 
മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം: രണ്ടാം ദിവസവും സഭ നേരത്തെ പിരിഞ്ഞു

സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ പിരിഞ്ഞു. എംഎം മണിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം സഭ തുടങ്ങുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നു. മണിയുടെ ഒരു ചോദ്യത്തിനും മറുപടി പറയേണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.

മണിയുടെ രാജിയില്‍ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. ആളുകളെ എണ്ണം നോക്കിയല്ല സമരം വിലയിരുത്തേണ്ടത് എന്ന് മുഖമന്ത്രി പിണറായി വിജയന്‍ പൊമ്പിളയ് ഒരുമൈ സമരത്തിനെതിരെ നടത്തിയ പരാമര്‍ശത്തിന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മറുപടി നല്‍കി. സമരത്തെ വിലയിരുത്തേണ്ടത് ജനബാഹുല്യം കൊണ്ടല്ല.

സിപിഎം ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലും സമരം നടത്തുന്നത് 10 പേരെ വച്ചാണ്. 4 പേരെ വച്ചാണ് സമരത്തിന് ഉള്ളതെങ്കിൽ 31 പേർക്കെതിരെ എന്തിനാണ് കേസ് എടുത്തത്?. കൂട്ടുത്തരവാദിത്വം ഉണ്ടെങ്കിൽ 144 പ്രഖ്യാപിച്ചത് എന്തുകൊണ്ട് അറിഞ്ഞില്ലേ ? കുരിശ് പൊളിച്ചത് എന്തുകൊണ്ട് അറിഞ്ഞില്ല? കുരിശും ശൂലവും പള്ളിയും സ്ഥാപിച്ചു കയ്യേറ്റം നടത്തുന്നതിനെ യുഡിഎഫ് അനുകൂലിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.