അഴിമതി കേസില്‍ സാംസങ് വൈസ് ചെയര്‍മാന് അഞ്ച് വര്‍ഷം തടവ്

 
അഴിമതി കേസില്‍ സാംസങ് വൈസ് ചെയര്‍മാന് അഞ്ച് വര്‍ഷം തടവ്

അഴിമതി കേസില്‍ സാംസങ് വൈസ് ചെയര്‍മാന്‍ ലീ ജയ്‌യോങ്ങിന് അഞ്ച് വര്‍ഷം തടവുശിക്ഷ. ദക്ഷിണകൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച് ചെയ്യുന്നതിലേക്ക് നയിച്ച അഴിമതിയിലാണ് സാംസങ് വൈസ് ചെയര്‍മാന് ശിക്ഷ ലഭിച്ചിരിക്കുന്നത്. ആറ് മാസത്തോളം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പാര്‍ക് ഗ്യൂന്‍ ഹൈയും സുഹൃത്തും രൂപം നല്‍കിയ ഫൗണ്ടേഷനുകള്‍ക്ക് വന്‍ തുക സംഭാവന നല്‍കിയെന്നാണ് കേസ്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് സാംസങാണ്, 114 കോടി രൂപയോളം.

അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ലീ ജയ് യോങ്. കോടതി ഉത്തരവ് അംഗീകരിക്കാനാകാത്തതാണെന്ന് ലീയുടെ അഭിഭാഷകര്‍ അറിയിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകും. ദക്ഷിണ കൊറിയന്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തില്‍ കൂടുതലുള്ള ശിക്ഷകള്‍ സസ്‌പെന്‍ഡ് ചെയ്യാനാകില്ല. ദക്ഷിണ കൊറിയക്കാരനായ ഒരു ബിസിനസുകാരന് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്. സാംസങില്‍ ഉന്നത സ്ഥാനം വഹിക്കുന്നയാള്‍ അറസ്റ്റിലാവുന്നതും ഇതാദ്യമാണ്.