പ്രതിച്ഛായ കാക്കാൻ അമൃതാനന്ദമയിക്കറിയാമെന്ന് ചിദാനന്ദപുരി; പിണറായി വിഡ്ഢിത്തം പറയുന്നു

 
പ്രതിച്ഛായ കാക്കാൻ അമൃതാനന്ദമയിക്കറിയാമെന്ന് ചിദാനന്ദപുരി; പിണറായി വിഡ്ഢിത്തം പറയുന്നു

അമൃതാനന്ദമയിയുടെ പ്രതിച്ഛായ കാക്കാൻ അവർക്കറിയാമെന്ന് ചിദാനന്ദപുരി. അമൃതാനന്ദമയിയുടെ പ്രതിച്ഛായ അവരുണ്ടാക്കിയതാണ്. അത് കാക്കാൻ അവർക്കറിയാം.

വരുന്ന തെരഞ്ഞെടുപ്പിൽ ഒരു കോലീബി സഖ്യസാധ്യതയെക്കുറിച്ചും ചിദാനന്ദപുരി സൂചിപ്പിച്ചു. ആചാരം ലംഘിച്ചവരെ ഒറ്റപ്പടുത്തുമെന്നും ഇതിനായി ആരുമായും സഹകരിക്കുന്നത് നല്ലതാണെന്നും ചിദാനന്ദപുരി പറഞ്ഞു. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് കോൺഗ്രസ്സും ലീഗും ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മാതാ അമൃതാനന്ദമയി ശബരിമല കര്‍മസമിതി യോഗത്തിന്റെ വേദി പങ്കിട്ടതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. 'നാം മുന്നോട്ട്' എന്ന പേരിൽ മുഖ്യമന്ത്രി നടത്തിവരുന്ന പ്രതിവാര സംവാദ പരിപാടിയിലായിരുന്നു ഈ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും സ്നേഹിക്കുന്നവരും കേരളത്തിനകത്തും പുറത്തുമുണ്ട്. അവർക്കുപോലും അമൃതാനന്ദമയി ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്തത് ഇഷ്ടമായിട്ടില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് കടത്തിവിടാൻ സംഘപരിവാർ നേരത്തെയും ശ്രമങ്ങൾ നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. അതിലൊന്നും കുടുങ്ങാതെ മാറിനിൽക്കാനുള്ള ആർജവും അവർ കാണിച്ചിരുന്നു. ഇപ്പോഴത്തെ സംഭവം അമൃതാനന്ദമയിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും മുഖ്യമന്ത്രി പറയുകയുണ്ടായി.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് അമൃതാനന്ദമയി നേരത്തെ എടുത്തിരുന്നതെന്ന വസ്തുതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംവാദപരിപാടിയിൽ അഡ്വ. സി.കെ. വിദ്യാസാഗർ, ലക്ഷ്മി രാജീവ്, അഡ്വ. കെ. ശാന്തകുമാരി, ബീനാപോൾ, സി.കെ. ജാനു, മേതിൽ ദേവിക, സി.കെ. ആശ എം.എൽ.എ, അഡ്വ. അജകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഈ ഭാഗം വരുന്ന ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്യും.

https://www.azhimukham.com/news-updates-sabarimala-karma-samithi-woman-entry-issues-pinarayi-vijayan-on-mata-amritanandamayi/