'നിപ: കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാന്‍ സാധ്യത; സ്രവം ശേഖരിക്കാതിരുന്നത് പരിശോധിക്കും'

 
Nipah Route Map

പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്

കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മാതാവിന് ചെറിയ പനിയുള്ളതായാണ് വിവരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ട ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. ഇവര്‍ നിരീക്ഷണത്തിലാണ്. ഇവരുള്‍പ്പെടെ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിനുശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാന്‍ സാധ്യതയുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ ആരോഗ്യവകുപ്പ് തിരിച്ചറിയാത്ത ആളുകളുണ്ടാകാം. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കന്‍ഡറി സമ്പര്‍ക്കം തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ട്. സമയബന്ധിതമായി കോണ്‍ടാക്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടേ കാര്യമുള്ളൂ. ആ രീതിയിലുള്ള വളരെ ഏകോപനത്തോടെയുള്ള ശക്തമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. 

കുട്ടി ചികിത്സ തേടിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്തതിനെക്കുറിച്ച് ഗൗരവമായി പരിശോധിക്കും. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയക്കും. നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരെ ആശുപത്രിയില്‍ ഏര്‍പ്പാടാക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കും. ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. മെഡിക്കല്‍ കോളേജ് പേ വാര്‍ഡ് ബ്ലോക്ക് നിപ വാര്‍ഡാക്കും. തിങ്കളാഴ്ച വൈകീട്ട് അവലോകനയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, കുട്ടിയുടെ സ്രവ പരിശോധന നടത്തിയില്ലെന്ന ആരോപണത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ മറുപടിയുമായി രംഗത്തെത്തി. കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനാണ് ആദ്യം പരിഗണന നല്‍കിയത്. വെന്റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ തന്നെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും മെഡിക്കല്‍ കോളേജ് അധികതര്‍ വിശദീകരിച്ചു.