പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; രണ്ട് മരണം, രണ്ടുപേര്‍ക്ക് പരിക്ക്

 
Palakkad Fire

മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറിലെ മസാലി ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ, മൂന്നരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തീ ഇതിനകം പൂര്‍ണമായും അണച്ചിട്ടുണ്ട്. അതേസമയം, നാശനഷ്ടങ്ങള്‍ അറിവായിട്ടില്ല. 

മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ (58), പട്ടാമ്പി സ്വദേശിനി പുഷ്പലത (42) എന്നിവരാണ് മരിച്ചത്. ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. തുടര്‍ന്ന്, ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തീ അണച്ചതിനുശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്നും ആരോപണമുണ്ട്. എന്നാല്‍, ഫയര്‍ഫോഴ്‌സ് അധികൃതര്‍ ആരോപണങ്ങള്‍ തള്ളി.