പരവൂര്‍ ദുരന്തം; കണ്ണടച്ചത് ആരൊക്കെ?

 
പരവൂര്‍ ദുരന്തം; കണ്ണടച്ചത് ആരൊക്കെ?

അഡ്വ. എസ് ഹരീഷ്

2008 മുതലാണ് ക്ഷേത്രങ്ങളിലെ കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് അനുമതി നല്‍കേണ്ട അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. ജില്ലാ കളക്ടര്‍മാര്‍ ഒരു പക്ഷേ അതിന്റെ സാങ്കേതിക പരിജ്ഞാനം ഉള്ളവരായിരിക്കണമെന്നില്ല. പൊട്ടാസ്യം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കും. മാത്രമല്ല അനുമതി കിട്ടുന്നതില്‍ കൂടുതല്‍ വെടിമരുന്ന് വെടിക്കെട്ടിന് ഉപയോഗിക്കാറുണ്ട്.

ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എക്‌സ്‌പ്ലോസീവ് കേസുകള്‍ വളരെ കുറവാണ്. അതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. എക്‌സ്‌പ്ലോസീവ് ആക്ടില്‍ എന്തെങ്കിലും ലംഘനം വന്നു കഴിഞ്ഞാല്‍ പൊലീസിന് വേണമെങ്കില്‍ കേസെടുക്കാം. കാരണം സുരക്ഷയുടെ ഭാഗമായിട്ടാണ് ഈ ലൈസന്‍സൊക്കെ വിതരണം ചെയ്യുന്നത്. എന്തെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് എഡിഎം പൊലീസിന് കൈമാറുകയും പൊലീസ് വെടിക്കെട്ട് തടയാന്‍ നടപടി സ്വീകരിക്കുകയും വേണം. അതിന്റെ ഭാഗമായി വെടിക്കെട്ട് നടത്തുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കും. ലൈസന്‍സ് ഇല്ലായെന്ന് കണ്ടെത്തിയാല്‍ സുരക്ഷയുടെ ഭാഗമായി വെടിക്കെട്ട് തടയാം. ഇത് പരവൂരില്‍ നടന്നിട്ടില്ല.

ലൈസന്‍സ് കൊടുക്കുന്നത് തന്നെ പൊട്ടാസ്യം നൈട്രേറ്റ് പോലുള്ള തീവ്രത വര്‍ദ്ധിപ്പിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിട്ടുണ്ടാകും. ലൈസന്‍സ് കൊടുക്കുന്ന അതോറിറ്റി തന്നെ എല്ലാ വിധ നിബന്ധനകളും എഴുതിയിട്ടുണ്ടാകും. ഇതൊന്നും പരിശോധിക്കാതെയാകും പൊലീസ് അനുമതി കൊടുക്കുക. പക്ഷേ, പൊലീസിന് ഇതൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. വെടിക്കെട്ടിന് ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് പരിശോധിക്കാനേ പൊലീസിന് കഴിയുകയുള്ളൂ. ഉത്സവങ്ങള്‍ക്കും മറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന അളവ് വച്ച് പരിപാടി നടത്താന്‍ പറ്റില്ല. സ്വാഭാവികമായും കൂടുതല്‍ അളവ് ഉപയോഗിക്കും. ഈ മരുന്ന് അവര്‍ ശേഖരിക്കുന്നത് കരിഞ്ചന്തയില്‍ നിന്നാകും.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തു നിന്നു 100 മീറ്റര്‍ അകലത്തിലാണ് ആളുകള്‍ നില്‍ക്കുന്നത് എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ തൃശൂര്‍ പൂരത്തിന് പോലും 45 മീറ്ററിന്റെ അകലം മാത്രമേ ഉണ്ടാകാറുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

നിയമ ലംഘനം നടത്തിയാല്‍ കേസെടുക്കുക ലൈസന്‍സിയുടേയും ക്ഷേത്ര അധികൃതരുടേയും പേരിലാണ്. പരവൂരില്‍ അനുമതി നിഷേധിച്ചത് പൊലീസിന് കൃത്യമായി നടപ്പിലാക്കാനായില്ല.

പരവൂര്‍ ദുരന്തം; കണ്ണടച്ചത് ആരൊക്കെ?

ഓലപ്പടക്കം പൊട്ടിക്കാന്‍ ലൈസന്‍സിന്റെ ആവശ്യമില്ല. ലൈസന്‍സ് ആവശ്യമായി വരുന്നത് ഗുണ്ട് പോലുള്ളവ പ്രയോഗിക്കുമ്പോഴാണ്. വെടിക്കെട്ട് നടത്താന്‍ അനുമതി കൊടുക്കുന്നവര്‍ ആരും അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ ലംഘനം നടക്കുന്നുണ്ടോയെന്ന് വെടിക്കെട്ടിന് മുമ്പ് പരിശോധിക്കാറില്ല. കൂടാതെ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ എല്ലാ രാഷ്ട്രീയക്കാരും ഇതിനോട് കണ്ണടച്ചിട്ടുമുണ്ട്. അനുമതി ഇല്ലെങ്കിലും അവരെന്തെങ്കിലും കാണിച്ചോട്ടെയെന്നും ക്ഷേത്രത്തിന്റെ പരിപാടിയല്ലേ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നുമുള്ള നിലപാടാകും അവര്‍ സ്വീകരിച്ചിട്ടുണ്ടാകുക.

നമ്മള്‍ മൈക്ക് ഉപയോഗിക്കാനുള്ള അനുവാദം വാങ്ങിയശേഷം പൊലീസിന് എപ്പോള്‍ വേണമെങ്കിലും അതു വന്ന് ചോദിക്കാം. സമാനമാണ് വെടിക്കെട്ടിനുള്ള ലൈസന്‍സിലും. നിയമപരമായി നടത്താനുള്ള സമ്മതം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് ഉറപ്പുവരുത്തണം. പൊലീസിന് അത്രയേ പറ്റത്തുള്ളൂ. വെടിമരുന്നിന്റെ അളവ് എത്ര, അതിലെന്തൊക്കെ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നൊന്നും നോക്കാന്‍ പൊലീസിന് സാധിക്കില്ല.

അനുമതി നിഷേധിച്ചു കൊണ്ട് എഡിഎം പുറപ്പെടുവിച്ച ഉത്തരവ് ആര്‍ക്കൊക്കെ നല്‍കിയിട്ടുണ്ടോ അവരൊക്കെ വെടിക്കെട്ട് തടയാന്‍ ബാധ്യസ്ഥരാണ്. ജില്ലാ പൊലീസ് മേധാവി, ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍, പരവൂര്‍ എസ് ഐ, കൊല്ലം തഹസീല്‍ദാര്‍, പരവൂര്‍ വില്ലേജ് ഓഫീസര്‍, കൊല്ലം അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എന്നിവര്‍ക്ക് ഈ ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. ഇവരൊക്കെ ഈ മത്സര കമ്പം തടയാന്‍ ബാധ്യസ്ഥരായിരുന്നു.

(തൃശൂരില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)