ശുപാര്‍ശക്കാരില്‍ മുഖ്യന്‍ മുതല്‍ കര്‍ദിനാള്‍ വരെ; ഇതോ ജനാധിപത്യം?

 
ശുപാര്‍ശക്കാരില്‍ മുഖ്യന്‍ മുതല്‍ കര്‍ദിനാള്‍ വരെ; ഇതോ ജനാധിപത്യം?

പി കെ ശ്യാം

പത്താം ക്ലാസ് പാസായ കുട്ടികളുടെ എണ്ണവും അഞ്ചുകിലോമീറ്ററിനുള്ളിലെ സ്കൂളുകളും ഭാവിയിൽ കുട്ടികൾ പഠിക്കാനെത്തുമോ എന്നുവരെ വിശദമായി പരിശോധിച്ച് ഹയർസെക്കൻ‌റി ഡയറക്ടറുടെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാനസമിതി തയ്യാറാക്കിയ റിപ്പോർട്ടിനെ സർക്കാർ മറികടന്നത് മുഖ്യമന്ത്രിയും കർദ്ദിനാളും മുതൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് വരെയുള്ളവരുടെ ശുപാശയിൽ. ശുപാശക്കാരുടെ പട്ടിക പുറത്തായപ്പോൾ ഏറ്റവുമധികം ക്രമക്കേട് നടത്തിയത് വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗിന്റെ ശുപാർശയിലാണെന്ന് വ്യക്തമായി. മലബാറിലെ മിക്ക ജില്ലകളിലും സ്കൂളും ബാച്ചും അടങ്കലെടുത്ത ലീഗ് സർക്കാരിനെ സമ്മർദ്ദത്തിലാക്കി 68 ശുപാർശകളാണ് അംഗീകരിപ്പിച്ചെടുത്തത്. പ്ലസ്-ടു അനുവദിച്ചതിലെ ക്രമക്കേട് തലനാരിഴ കീറി പരിശോധിക്കുന്ന നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയമാൻ തോമസ് ഉണ്ണിയാടന്റെ ശുപാർശ പ്രകാരവും ഡയറക്‌ടറുടെ റിപ്പോര്‍ട്ട് മറികടന്ന് അധികബാച്ച് അനുവദിച്ചെന്ന് വ്യക്തമായി.

തിരുവനന്തപുരം മുതൽ കാസർഗോഡുവരെയുള്ള അപേക്ഷകൾ പരിശോധിച്ച റീജിയണൽ ഡയറക്‌ടർമാരുടെ റിപ്പോർട്ടുകളടക്കമുള്ള വിശദമായ ശുപാർശയാണ് സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാൻ സമർപ്പിച്ചത്. 626 കുട്ടികൾക്ക് പഠനസൗകര്യമില്ലാത്തിടങ്ങളിൽപോലും പുതിയ സ്കൂളുകൾക്കുള്ള ശുപാർശ തള്ളിയ ഉപസമിതി അനുവദിക്കരുതെന്ന് പറഞ്ഞിടത്തെല്ലാം സ്കൂളും ബാച്ചും നൽകുകയും ചെയ്തു. ഹയർസെക്കൻഡറി ഡയറക്‌ടർ അദ്ധ്യക്ഷനും ജോയിന്റ് ഡയറക്ടർ കൺവീനറും പരീക്ഷാ ഡയറക്‌ടർ, സീമാറ്റ് ഡയറക്‌ടർ, എസ്.സി.ഇ.ആർ.ടി ഡയറക്‌ടർ എന്നിവർ അംഗങ്ങളുമായ സംസ്ഥാനതല സമിതി ശുപാർശ മറികടന്ന സ്കൂളുകളും ബാച്ചുകളും ഹൈക്കോടതി റദ്ദുചെയ്തിരിക്കുകയാണ്. ഹൈക്കോടതി റദ്ദാക്കാൻ നിർദ്ദേശിച്ച സ്‌കൂളുകളും ബാച്ചുകൾക്കും ശുപാർശ നൽകിയവരുടെ പട്ടിക ഇങ്ങനെ.

തുടക്കം മുഖ്യമന്ത്രിയിൽ
തിരുവനന്തപുരം കഠിനംകുളത്ത് സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിന് സയൻസ്, കോമേഴ്സ് ബാച്ചുകളോടെ പ്ലസ്ടു അനുവദിക്കാനുള്ള ഉന്നതതലസമിതിയുടെ ശുപാർശ തള്ളി സെന്റ് വിൻസെന്റ് ഹൈസ്‌കൂളിന് പ്ലസ്ടു നൽകിയത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആവശ്യപ്രകാരമായിരുന്നു. ഒരു പഞ്ചായത്തിൽ ഒരു സ്കൂളെന്ന മാനദണ്ഡം മറികടന്ന് പത്തനംതിട്ടയിലെ കടമ്പനാട് പഞ്ചായത്തിൽ സെന്റ് തോമസ് ഹൈസ്‌കൂളിന് പ്ലസ്ടു നൽകിയതും മുഖ്യമന്ത്രിയുടെ ശുപാ‌ശയിലാണ്. ഇതേ പഞ്ചായത്തിൽ മണ്ണടി വി.എച്ച്.എസ്.സി സ്‌കൂളിന് പ്ലസ്ടു നൽകിയതിന് എൻ.എസ്.എസാണ് ശുപാർശ നൽകിയത്. ഇവിടെ ഏറ്റവുമധികം കുട്ടികൾ പാസായ വി.എച്ച്.എസ് ഗേൾസ് സ്കൂളിന് പ്ലസ്ടു നൽകാനുള്ള ഡയറക്ടറുടെ റിപ്പോർട്ട് തള്ളിയാണ് ഉപസമിതി രണ്ട് ശുപാർശകളും സ്വീകരിച്ചത്.

ശുപാര്‍ശക്കാരില്‍ മുഖ്യന്‍ മുതല്‍ കര്‍ദിനാള്‍ വരെ; ഇതോ ജനാധിപത്യം?

കോട്ടാങ്ങൽ പഞ്ചായത്തിൽ സെന്റ് ജോർജ്ജ് ഹൈസ്കൂളിനുള്ള ഡയറക്ടറുടെ ശുപാർശ പരിഗണിക്കാതെ വായ്‌പൂർ എൻ.എസ്.എസ്.എച്ച്.എസിന് പ്ലസ്ടു നൽകി. പെരിങ്ങരയിൽ കുട്ടികളില്ലാത്തതിനാൽ അനാദായകരമെന്ന വിഭാഗത്തിൽ സർക്കാർ ഉൾപ്പെടുത്തിയ ജി.ജി.എച്ച്.എസിനാണ് പ്ലസ്ടു നൽകിയത്. അവിടത്തെ എസ്.എൻ.ഡി.പി എച്ച്.എസിനേയും പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിനേയും തഴഞ്ഞു. തോട്ടാപ്പുഴശേരിയിൽ കുറിയന്നൂർ മാർത്തോമ സ്കൂളിനുള്ള ഡയറക്ടറുടെ ശുപാർശ തഴഞ്ഞ് രണ്ടരകിലോമീറ്ററടുത്ത് മറ്റൊരു സ്‌കൂളുള്ള മരാമൺ എം.എം.എ.എച്ച്.എസിന് പ്ലസ്ടു നൽകി. വടശേരിക്കരയിൽ രണ്ട് സർക്കാർ സ്കൂളുകളെ തഴഞ്ഞ് ഗുരുകുലം ഹൈസ്കൂളിന് പ്ലസ്ടു അനുവദിച്ചു. കോട്ടയത്ത് അകലക്കുന്നം പഞ്ചായത്തിൽ മറ്റക്കര എച്ച്.എസ്, ചെങ്ങളം സെന്റ്ആന്റണീസ് എന്നീ രണ്ട് സ്‌കൂളുകളിൽ പ്ലസ്ടു നൽകിയതും മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന ശുപാർശയിലാണ്. ഒക്കാൽ എസ്.എൻ സ്കൂളിന് അധികബാച്ചും മുഖ്യമന്ത്രിയുടെ ശുപാർശയിൽ തന്നെ. തൃശൂരിലെ യൂത്ത് കോൺഗ്രസ് പ്രാദേശികനേതാവ് സനീഷ്‌കുമാറിന്റെ ശുപാർശ പോലും ഉപസമിതി അംഗീകരിച്ചിട്ടുണ്ട്.

സർക്കാർ സ്കൂളിനെ വെട്ടിയത് മന്ത്രി ഷിബുബേബിജോൺ
തിരുവനന്തപുരം പള്ളിച്ചലിൽ നേമം വിക്ടറി സ്കൂളിന് ഡപ്യൂട്ടി സ്‌പീക്കർ ശക്തൻ നാടാരുടേയും കൊല്ലം ആദിച്ചനല്ലൂരിൽ സർക്കാർ സ്കൂളിനെ തഴഞ്ഞ് കൊട്ടിയം സി.എഫ്.എച്ച്.എസിന് മന്ത്രി ഷിബു ബേബിജോണിന്റേയും ശുപാർശയിലാണ് പ്ലസ്ടു നൽകിയത്. ആദിച്ചനല്ലൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ സയൻസ്, കോമേഴ്സ് ബാച്ചുകളോടെ പ്ലസ് ടു നൽകാനാണ് ഡയറക്ടർ ശുപാർശ ചെയ്തത്. പക്ഷേ മന്ത്രി ഷിബുവിന്റെ ശുപാർശ പരിഗണിച്ച് മാനേജ്മെന്റ് സ്‌കൂളായ കൊട്ടിയം സി.എഫ്.എച്ച്.എസിനെയാണ് ഉപസമിതി തിരഞ്ഞെടുത്തത്.

എസ്.എസ്.എൽ.സി പരീക്ഷയിൽ കൃത്രിമം കാട്ടിയ തലവൂർ ദേവിവിലാസം സ്കൂളിന് ആർ.ബാലകൃഷ്‌ണപിള്ളയുടേയും ഗണേശ്‌കുമാറിന്റേയും ശുപാർശയിലാണ് പ്ലസ് ടു അനുവദിച്ചത്. ശാരീരിക-മാനസിക വൈകല്യമുള്ള കുട്ടികളുടെ പരീക്ഷാക്കടലാസ് വ്യാജമായി ചേര്‍ത്ത് മൂല്യനിർണയത്തിന് അയച്ചതിന് ഈ സ്കൂളിലെ പ്രിൻസിപ്പാളും പരീക്ഷാ ഡെപ്യൂട്ടി സൂപ്രണ്ടും സസ്പെഷൻഷനിലാണ്. പത്തനംതിട്ടയിൽ തോട്ടപ്പുഴശേരിയിൽ മാരാമൺ എം.എം.എ.എച്ച്.എസിനായി തിരുവല്ല മാർത്തോമാ ചർച്ചും ബിഷപ്പും ശിവദാസൻനായർ എം.എൽ.എയും ശുപാർശ ചെയ്തു. കോട്ടയം മരിയാപുരത്ത് ഉപ്പുതോട് എസ്.ജെ.എച്ച്.എസിനെ തഴഞ്ഞ് എസ്.എം.എച്ച്.എസിനായി ശുപാർശ നൽകിയത് മന്ത്രിസഭാ ഉപസമിതിയംഗമായിരുന്ന പി.ജെ.ജോസഫാണ്.

കർദ്ദിനാളിന്റെ ശുപാർശകൾ അഞ്ച്
എറണാകുളത്ത് കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിനും അയിരൂർ സെന്റ് തോമസ് സ്കൂളിനും തുറവൂർ മാർ അഗസ്റ്റിൻസിനും വാരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ്ജ് എച്ച്.എസിനും തൃക്കാക്കര കർദ്ദിനാൾ സ്കൂളിനും കർദ്ദിനാൾ മാർ ആലഞ്ചേരിയും വാഴക്കുളം ഇൻഫന്റ് ജീസസിനും പോത്താനിക്കാട് സെന്റ് മേരീസിനും ജോസഫ് വാഴയ്ക്കനും ശുപാർശ നൽകി. തൃശൂരിൽ ചൂണ്ടൽ എൽ.ഐ.ജി.എച്ച്.എസിന് പ്ലസ്ടു നൽകിയത് മന്ത്രി സി.എൻ.ബാലകൃഷ്‌ണനും പി.എ.മാധവൻ എം.എൽ.എയും ശുപാർശയിലാണ്. കോഴിക്കോട് മുക്കത്ത് മുക്കം എച്ച്.എസിനായി മുസ്‌ലിംലീഗും കണ്ണൂർ ചെറുപുഴയിൽ സെന്റ് മേരീസ് എച്ച്.എസിനായി മന്ത്രി കെ.സി.ജോസഫും ശുപാർശ ചെയ്തു. ഒരു സ്കൂളിനേയും പരിഗണിക്കേണ്ടെന്ന ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട് മറികടന്ന് കൂടിയാങ്ങൽ മേരി ക്യൂൻസിന് പ്ലസ്ടു നൽകിയത് മന്ത്രി കെ.സി.ജോസഫ്, സണ്ണിജോസഫ് എം.എൽ.എ എന്നിവരുടെ ശുപാർശയിൽ. ഹയർസെക്കൻഡറി ഡയറക്‌ടറുടെ ലിസ്റ്റിലേ ഇല്ലാത്ത കരിക്കോട്ടക്കരി സെന്റ്തോമസിനായും സണ്ണിജോസഫാണ് ശുപാർശ ചെയ്തത്.

എറണാകുളത്ത് മോറക്കാല സെന്റ്മേരീസിനും രാജർഷി മെമ്മോറിയൽ സ്കൂളിനും വി.പി.സജീന്ദ്രൻ, തൃക്കാക്കര കർദ്ദിനാൾ സ്കൂളിന് ബെന്നി ബെഹനാൻ, പൈഗോട്ടൂർ സെന്റ് ജോസഫിന് ജോസഫ് വാഴയ്ക്കൻ, പമ്പക്കുട എം.ടി.എം സ്കൂളിന് മന്ത്രി അനൂപ് ജേക്കബ്, എച്ച്.എം.വൈ സ്കൂൾ, നോർത്ത് പറവൂർ എസ്.എൻ സ്കൂൾ എന്നിവയ്ക്ക് വി.ഡി.സതീശൻ, പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ, കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് എന്നിവയ്ക്ക് ഡൊമനിക്ക് പ്രസന്റേഷൻ എന്നിവർ ശുപാർശ നൽകി. പെരുമ്പാവൂർ എം.ജി.എം സ്കൂളിന് യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചനും എസ്.എൻ.വി സ്കൂളിന് മന്ത്രി ഇബ്രാഹിം കുഞ്ഞും എറണാകുളം സെന്റ് തെരേസാസിനും സെന്റ് ആന്റണീസിനും ഹൈബി ഈഡനും ശുപാര്‍‌ശ നൽകി.

ശുപാര്‍ശക്കാരില്‍ മുഖ്യന്‍ മുതല്‍ കര്‍ദിനാള്‍ വരെ; ഇതോ ജനാധിപത്യം?

തിരുവനന്തപുരത്തെ എം.എൽ.എ, ശുപാർശ പെരുമ്പാവൂരിൽ
പെരുമ്പാവൂർ പുല്ലുവഴി ജയകേരളം സ്കൂളിന് വി.ശിവൻകുട്ടിയുടേതാണ് ശുപാർശ. ഉപസമിതിയംഗമായ മന്ത്രി പി.ജെ.ജോസഫിന്റെ ശുപാർശ പ്രകാരം കോതമംഗലം സെന്റ്ജോർജ്ജ്, മാർബേസിൽ എന്നിവയ്ക്ക് അധികബാച്ചുകൾ കിട്ടി. പിറവം എം.കെ.എം, വടകര സെന്റ് ജോൺസ് സ്‌കൂളുകൾക്ക് മന്ത്രി അനൂപ് ജേക്കബ് ശുപാർശ നൽകി. തൃശൂരിൽ മുല്ലൂർക്കര സ്കൂളിന് ഉപസമിതിയംഗമായ മന്ത്രി തിരുവഞ്ചൂരും വിവേകോദയത്തിന് തേറമ്പിൽ രാമകൃഷ്‌ണനും ശ്രീ ശാരദയ്ക്കും ശ്രീ ദുർഗ്ഗവിലാസത്തിനും സി.എൻ.ബാലകൃഷ്‌ണനും മാർ അഗസ്റ്റിന് കെ.പി ധനപാലനും സിറിയൻ സ്കൂളിന് എം.പി വിൻസെന്റും തോപ്പ് സെന്റ് തോമസിനും വെള്ളാച്ചിറ സെന്റ് തോമസിനും തൃശൂർ ബിഷപ്പും ശുപാർശ നൽകി.

മലബാര്‍ ലീഗ് പിടിച്ചു
കണ്ണൂരും വയനാടുംഅഞ്ചിടത്തും കസര്‍ഗോഡ് എട്ടിടത്തും ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ട് മറികടന്നത് മുസ്ലീംലീഗിന്റെ ശുപാർശയിലാണ്. പാലക്കാട്ട് മുസ്‌ലിംലീഗിന്റെ എട്ട് ശുപാർശകളാണ് ഉപസമിതി അംഗീകരിച്ചത്. മലപ്പുറത്ത് ലീഗിന്റെ 21 ശുപാർശകൾ പരിഗണിച്ചപ്പോൾ മന്ത്രി ആര്യാടൻമുഹമ്മദിന്റെ ശുപാർശയിൽ പീലമേട് വിവേകാനന്ദ സ്കൂളിന് അധികബാച്ച് നൽകി. കോഴിക്കോട്ട് മുസ്‌ലിംലീഗിന്റെ 19 ശുപാർശകൾ ചെവിക്കൊണ്ട ഉപസമിതി എം.കെ.രാഘവൻ എം.പിയുടേയും ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിന്റേയും വെള്ളാപ്പള്ളി നടേശന്റേയും ഓരോ ശുപാർശകൾ മാത്രം അംഗീകരിച്ചു. കണ്ണൂരില്‍ എസ്.എച്ച്.സ്കൂൾ, ഇരിട്ടി എച്ച്.എസ്.എസ്, പെരിമ്പടവ്ബി.വി.ജെ.എം, നടുവിൽ സ്കൂൾ, എന്നിവയ്ക്ക് മന്ത്രി കെ.സി.ജോസഫും പാനൂർ പി.ആർ സ്കൂൾ, കെ.കെ.വി.എം എന്നിവയ്ക്ക് മന്ത്രി കെ.പി.മോഹനനും ശുപാർശ ചെയ്തു. മുൻ എം.എൽ.എ കെ.എസ്.റോസക്കുട്ടിയുടെ ശുപാർശയിലും മുള്ളംകൊല്ലി സെന്റ്മേരീസ് സ്കൂളിന് അധികബാച്ച് നൽകി. കാസർകോട്ട് വെള്ളരിക്കുണ്ട് സെന്റ്ജൂഡ് സ്കൂളിന് മന്ത്രി കെ.സി.ജോസഫാണ് ശുപാർശചെയ്തത്.

235 കോടിയുടെ അനാവശ്യ ബാദ്ധ്യതയെന്ന് നിയമസഭാ സമിതി
പുതിയ പ്ലസ് ടു സ്‌കൂളുകളും അധികബാച്ചുകളും അശാസ്ത്രീയമായി അനുവദിച്ചതിലൂടെ പ്രതിവർഷം 235 കോടിയുടെ അനാവശ്യ ബാദ്ധ്യതയുണ്ടാകുമെന്ന് നിയമസഭ പെറ്റിഷൻസ് കമ്മിറ്റിയുടെ കണ്ടെത്തൽ. വിശദമായ തെളിവെടുപ്പിന് ശേഷമാണ് തോമസ് ഉണ്ണിയാടൻ എം.എൽ.എ ചെയർമാനായ കമ്മിറ്റി ഈ നിഗമനത്തിലെത്തിയത്.

എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ സീറ്റുകൾ സംസ്ഥാനത്തുണ്ടെന്നും ഇതിനായി പുതിയ സ്‌കൂളും ബാച്ചും അനുവദിക്കേണ്ട കാര്യമില്ലായിരുന്നെന്നും സമിതി കണ്ടെത്തി. സർക്കാർ മേഖലയിൽ 720 ഉം എയ്ഡഡ് മേഖലയിൽ 682ഉം അൺഎയ്ഡഡ് മേഖലയിൽ 375 ഉം ഉൾപ്പടെ 1872 പ്ലസ്ടു സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഈ സ്‌കൂളുകളിൽ നിലവിലുള്ള 6578 ബാച്ചുകളിൽ പത്തുശതമാനം സീറ്റ് വീതം വർധിപ്പിച്ചാൽ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചതിലൂടെ മാസം 19.60 കോടിയുടേയും വർഷം 235 കോടിയുടേയും ബാധ്യതയാണ് സർക്കാരിനുണ്ടാകുക.അധ്യാപക നിയമനമാണ് പ്രധാനമായും സാമ്പത്തിക ബാധ്യതയുണ്ടാക്കുകയെന്ന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

ശുപാര്‍ശക്കാരില്‍ മുഖ്യന്‍ മുതല്‍ കര്‍ദിനാള്‍ വരെ; ഇതോ ജനാധിപത്യം?

5600 അദ്ധ്യാപകര്‍ വേണം
പുതുതായി അനുവദിച്ച 700 ബാച്ചുകളിൽ ഒരു ബാച്ചിന് എട്ട് അധ്യാപകർ എന്ന നിലയ്ക്ക് 5,600 പുതിയ അധ്യാപകരെ നിയമിക്കേണ്ടി വരും. 2014-15 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ 10,150 അധ്യാപകരാണ് സംരക്ഷിത അധ്യാപകരായി അധ്യാപക ബാങ്കിലുള്ളത്. 5,600 പേരുടെ അധിക ബാധ്യത കൂടി സർക്കാരിന് വഹിക്കേണ്ട സാഹചര്യമാണ് പുതിയ നടപടികളിലൂടെ ഉണ്ടായത്. കുട്ടികളുടെ എണ്ണത്തിനനുസരിച്ചല്ല പുതുതായി സ്‌കൂളുകളും സീറ്റുകളും അനുവദിച്ചത്. എസ്.എസ്.എൽ.സി പാസായ 4,42,678 കൂട്ടികൾക്കായി 3,94,614 സീറ്റുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 48,061 സീറ്റുകളുടെ അഭാവമുണ്ടായിരുന്നു. എന്നാൽ വി.എച്ച്.എസ്.സിയിൽ 27,500 ഉം,ഐ.ടി.ഐ-ഐ.ടി.സി എന്നിവിടങ്ങളിൽ 61,421 സീറ്റും,പോളി ടെക്‌നിക്കുകളിൽ 13,974 സീറ്റുകളും ഒഴിവുണ്ടായിരുന്നു. ഇതൊന്നും സർക്കാർ പരിഗണിച്ചില്ല.

പത്താംക്ലാസ് മുതൽ ഒന്നാംക്ലാസ് വരെയുള്ള കുട്ടികളുടെ കണക്ക് പരിശോധിച്ചപ്പോൾ കുട്ടികളുടെ എണ്ണം വലിയ തോതിൽ കുറയുന്നതായി കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഒമ്പതാം ക്ലാസിൽ 4,82,955 വിദ്യാർഥികളാണുള്ളതെങ്കിൽ രണ്ടാം ക്ലാസിൽ 2,96,906 വിദ്യാർഥികൾ മാത്രമാണുള്ളത്. അതായത് പ്ലസ്ടു കോഴ്‌സുകളിലേക്ക് ഭാവിയില്‍ കുട്ടികളെ കിട്ടാത്ത അവസ്ഥയുണ്ടാകുകയും സംരക്ഷിത അധ്യാപകരുടെ എണ്ണവും അനാദായകരമായ സ്‌കൂളുകളുടെ എണ്ണവും വർധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ആശാസ്ത്രീയമായ രീതിയിൽ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചിരിക്കുന്നതെന്ന നിഗമനത്തിൽ കമ്മിറ്റി എത്തിച്ചേർന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ബാറാണോ പ്ലസ്-ടുവാണോ ലാഭം?
പ്ലസ് ടു: കേശവേന്ദ്ര കുമാറിനെ തെറിപ്പിച്ച 500 കോടി അഴിമതിക്ക് പിന്നില്‍
മുൻഗണന പോയിതുലയട്ടെ; ഞങ്ങള്‍ക്ക് പഥ്യം വീതം വെപ്പ്
ഒരു കോടി അല്ലെങ്കില്‍ നാല് തസ്തികകള്‍; പ്ലസ് ടു കോഴ വഴികളിലൂടെ
കോഴക്കളിയും രേഖകളും പുറത്തായി, ഒപ്പം മന്ത്രിയുടെ വിശ്വസ്തരും
പ്ലസ് ടു: നിങ്ങൾക്ക് വേറേ പണിയില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി ഇനി എന്തുപറയും?

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, ഡയറക്ടർ ഗോപാലകൃഷ്ണ ഭട്ട്, ഹയർസെക്കൻഡറി ഡയറക്ടർ കെ.എൻ.സതീശ്,വി.എച്ച്.എസ്.ഇ ഡയറക്ടർ സി.കെ.മോഹനൻ, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ(അക്കാഡമിക്) പി.എ സാജുദീൻ എന്നിവരില്‍ നിന്നാണ് കമ്മിറ്റി തെളിവെടുത്തത്. എം.എൽ.എമാരായ ഇ.ചന്ദ്രശേഖരൻ,ടി. ഉബൈദുള്ള, കുഞ്ഞഹമ്മദ് മാസ്റ്റർ, കെ.കെ.നാരായണൻ, സി.കെ.നാണു എന്നിവരാണ് നിയമസഭ പെറ്റിഷൻസ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

700ൽ നിലനിൽക്കുന്നത് 415 ബാച്ചുകൾ മാത്രം
മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി സർക്കാർ അനുവദിച്ച 700 ബാച്ചുകളിൽ വെറും 415 എണ്ണമേ ഹൈക്കോടതി ഉത്തരവ് പ്രകാരം നിലനിൽക്കൂ. 370 സ്‌കൂളുകളിലെ 415 പുതിയ ബാച്ചുകളിലേക്ക് സർക്കാരിന് പ്രവേശനം നടത്താം. സ്കൂളുകളുടേയും ബാച്ചുകളുടേയും പട്ടികയടക്കമുള്ള വിശദവിവരങ്ങൾ www.dhsekerala.gov.in, www.hscap.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഹയർ സെക്കൻഡറി ഡയറക്‌ടറുടെ അദ്ധ്യക്ഷതയിലുള്ള ഉപസമിതി ശുപാർശ ചെയ്തതും സർക്കാർ ഉത്തരവിലുള്ളതുമായ സ്കൂളുകളിലാണ് പ്രവേശനം പുനരാരംഭിച്ചത്. 121 പഞ്ചായത്തുകളിൽ ഓരോ ബാച്ച് വീതമുള്ള പുതിയ സ്കൂളുകൾ, അപ്ഗ്രേഡ് ചെയ്ത 91 സ്‌കൂളുകളിലെ 136 ബാച്ചുകൾ, 158 അധിക ബാച്ചുകൾ എന്നിവയിലേക്കാണ് ഇപ്പോൾ പ്രവേശനം നടത്തുന്നത്. അപ്ഗ്രേഡ് ചെയ്തവയിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടു വീതം ബാച്ചുകളാണ് അനുവദിച്ചിട്ടുള്ളത്. കാസർകോട് മുതൽ എറണാകുളം വരെയുള്ള അധിക ബാച്ചുകൾക്ക് മാത്രമേ ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശയുള്ളൂ. 27ന് ക്ലാസ് തുടങ്ങാനാവും വിധത്തിൽ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.

*Views are personal