'15 നേതാക്കള്‍ക്കെതിരെ റെയ്ഡിനും കള്ളക്കേസെടുക്കാനും പ്രധാനമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി'

 
Manish Sissodia

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. റെയ്ഡ് നടത്താനും വ്യാജ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുമായി പതിനഞ്ച് രാഷ്ട്രീയ നേതാക്കളുടെ പട്ടിക ഡല്‍ഹി പൊലീസ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ക്ക് പ്രധാനമന്ത്രി കൈമാറിയതായാണ് സിസോദിയയുടെ ആരോപണം. അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് പട്ടികയിലുള്ള നേതാക്കളെ ഇല്ലാതാക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

പട്ടികയിലുള്ള പലരും എഎപി നേതാക്കളാണ്. വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. പറഞ്ഞപ്രകാരം ചെയ്തിരിക്കുമെന്നാണ് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന നല്‍കിയിരിക്കുന്ന ഉറപ്പ്. അസ്താന മോദിയുടെ ബ്രഹ്‌മാസ്ത്രമാണെന്നും സിസോദിയ ആരോപിച്ചു. എഎപിയുടേത് സത്യത്തിന്റെയും വിശ്വസ്തതയുടേയും രാഷ്ട്രീയമാണ്. നിങ്ങള്‍ക്ക് സിബിഐയെയും ഇ.ഡിയെയും അയയ്ക്കാം. തങ്ങളതിനെ സ്വാഗതം ചെയ്യുന്നതായും സിസോദിയ കൂട്ടിച്ചേര്‍ത്തു. 

സിസോദിയയുടെ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ട്വീറ്റ് ചെയ്തിരുന്നു. ഞങ്ങള്‍ക്കെതിരേ ഇതിനുമുമ്പും നിരവധി വ്യാജ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഒന്നും കിട്ടിയില്ല. നിങ്ങള്‍ വീണ്ടും വ്യാജക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡുകള്‍ നടത്താനും ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് സ്വാഗതം -എന്നായിരുന്നു കേജ്‌രിവാളിന്റെ ട്വീറ്റ്. 

അതേസമയം, ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ലഭിക്കുന്നതിനായി എഎപി കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഡല്‍ഹി ബിജെപി ഘടകം അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു.