'ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന ആ പ്രസ്താവന കേട്ട് ഞെട്ടി'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നരേന്ദ്ര മോദി

 
'ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന ആ പ്രസ്താവന കേട്ട് ഞെട്ടി'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നരേന്ദ്ര മോദി

കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരമൊരു മന്ത്രാലയം 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി രാഹുലിന് അറിയില്ലായിരുന്നുവെന്നത് ഞെട്ടിച്ചുവെന്നും പുതുച്ചേരിയില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

'ഒരു കോണ്‍ഗ്രസ് നേതാവ് ഫിഷറീസ് മന്ത്രാലയം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് കേട്ട് ഞാന്‍ ആകെ ഞെട്ടിപ്പോയി. സത്യം ഇതാണ് അത് ഇപ്പോള്‍ നിലവിലുണ്ട്. നിലവിലെ എന്‍ഡിഎ സര്‍ക്കാര്‍ 2019 ല്‍ തന്നെ ഫിഷറീസ് മന്ത്രാലയം ആരംഭിച്ചു,' പ്രധാനമന്ത്രി പറഞ്ഞു.

പ്രചാരണ റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ ബ്രിട്ടീഷുകാരോടാണ് മോദി പ്രതിപക്ഷത്തെ ഉപമിച്ചത്. 'വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കൊളോണിയല്‍ ഭരണകൂടം ചെയ്തിരുന്നത്. വിഭജിച്ച്, നുണപറഞ്ഞ് ഭരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. പ്രദേശങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുകയാണ് അവരുടെ നേതാക്കള്‍' പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴിലെ 'ദുര്‍ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം' ജനങ്ങള്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുമായി സംവദിക്കവെയാണ് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുല്‍ പറഞ്ഞത്.