പ്രധാനമന്ത്രി മോദിക്ക് 71-ാം പിറന്നാള്‍; ഒറ്റ ദിവസംകൊണ്ട് ഒന്നര കോടി വാക്സിന്‍ ലക്ഷ്യം

 
modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71ാം പിറന്നാള്‍. വിപുലമായ ആഘോഷ പരിപാടികളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. ആഘോഷം ഒക്ടോബര്‍ 7 വരെ തുടരും. വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് ഒന്നര കോടി കോവിഡ് വാക്‌സിനുകള്‍ നല്‍കി റെക്കോഡ് സൃഷ്ടിക്കാനും ലക്ഷ്യമുണ്ട്. ഇതിനായി പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബിജെപി ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്.

നേരത്തെ, ഒറ്റ ദിവസത്തില്‍ ഒരു കോടിയിലധികം വാക്‌സിനുകള്‍ രാജ്യം നല്‍കിയിട്ടുണ്ട്. ഇത് മറികടക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ ചരിത്രത്തില്‍ റെക്കോഡ് നമ്പര്‍ കോവിഡ് വാക്‌സിനുകള്‍ നല്‍കിയ ദിവസമായി ഇന്നത്തെ ദിവസത്തെ രേഖപ്പെടുത്തുന്നതിന് സാക്ഷ്യം വഹിക്കാനാണ് പാര്‍ട്ടി ശ്രമമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം. 

രാജ്യ വ്യാപകമായി നടത്തുന്ന വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ഇതുവരെ 77 കോടിയിലധികം ഡോസ് വാക്‌സിന്‍ ആണ് രാജ്യത്ത് വിതരണം ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച മാത്രം 57,11,488 വാക്സിന്‍ ഡോസുകള്‍ നല്‍കി.