ദളിതരും ആദിവാസികളും ചരിത്രം മറക്കരുത്

 
ദളിതരും ആദിവാസികളും ചരിത്രം മറക്കരുത്

തലശേരി കുട്ടിമാക്കല്‍ സിപിഐഎം പാര്‍ട്ടി ഓഫിസ് ആക്രമിച്ചെന്ന പരാതിയില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന ദളിത് യുവതികളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇവരിലൊരാള്‍ ആത്മഹത്യക്കു ശ്രമിക്കുകയും ഇതിന്റെ പേരില്‍ പ്രേരണാകുറ്റം ചുമത്തപ്പെടുകയും ചെയ്ത ഡിവൈഎഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം പി പി ദിവ്യ തന്റെ നിലപാട് നിതിന്‍ അംബുജനുമായി പങ്കുവയ്ക്കുന്നു.


കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത, ഏറ്റവും അധികം രാഷ്ട്രീയ നേതാക്കളെ സംഭാവന ചെയ്ത ജില്ലയാണ് കണ്ണൂര്‍. രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാംസ്‌കാരിക-കായിക മേഖലകളില്‍ എല്ലാം തന്നെ കണ്ണൂരിന്റെ സംഭാവന വളരെ വലുതാണ്. ആ രാഷ്ട്രീയ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുന്ന തരത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ആരോപണങ്ങള്‍ അഴിച്ചുവിടുന്നത്. അവര്‍ അക്രമരാഷ്ട്രീയം എന്നൊക്കെ ഇപ്പോഴും പറഞ്ഞു പറഞ്ഞ് ഒരു ജനതയെ ഓരം ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. അതിനു കാരണം കണ്ണൂരിന്റെ ഇടതു പക്ഷത്തോടുള്ള അടുപ്പമാണ്, കണ്ണൂരിന്റെ ചുവപ്പാണ്. അവരെന്താണ് കണ്ണൂരിലെ നല്ല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാത്തത്?

കണ്ണൂരിലെ ജനതയെ, കണ്ണൂരിലെ പാര്‍ട്ടിയെ താറടിച്ചു കാണിക്കാനുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും ശ്രമങ്ങള്‍ക്ക് ഉത്തമ ഉദാഹരണങ്ങളാണ് ഇപ്പോള്‍ കണ്ണൂരില്‍ നിന്നും ഉയര്‍ന്നു വരുന്ന അക്രമ രാഷ്ട്രീയ വ്യാജ വാര്‍ത്തകള്‍. ഈ ഇടയ്ക്ക് നിങ്ങള്‍ ഒരു വാര്‍ത്ത ശ്രദ്ധിച്ചു കാണും, ആയൂര്‍വേദ ഡോക്ടര്‍ക്ക് ക്ലിനിക്ക് നടത്താന്‍ പാര്‍ട്ടി ഗ്രാമത്തില്‍ അനുവാദം ഇല്ല എന്ന രീതിയില്‍. ദേശീയ മാധ്യമങ്ങള്‍ അടക്കം ശ്രദ്ധിച്ച വാര്‍ത്തയാണത്. കല്യാശ്ശേരി പഞ്ചായത്തിലാണ് പ്രശ്നം നടന്നത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ഒരേപോലെ അവിടെയെത്തുകയും അതൊരു വലിയ സംഭവമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കെങ്കിലും അറിയാമോ? ആരെങ്കിലും അന്വേഷിച്ചോ?

യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു പ്രശ്‌നമേ അവിടെയില്ല. ഈ ഡോക്ടറും കുടുംബശ്രീ പ്രവര്‍ത്തകരും തമ്മില്‍ ഉള്ള പ്രശ്‌നങ്ങള്‍ ആണ് നടന്നത്. അത് ഊതിപ്പെരുപ്പിച്ചു വലുതാക്കി കാട്ടുകയാണ് സത്യത്തില്‍ ഉണ്ടായത്.

മറ്റൊരാരോപണം തലശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്തതാണ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ദളിത് കുടുംബത്തെ പീഡിപ്പിക്കുന്നു എന്ന തരത്തിലാണ്, അവിടെ ഇതുവരെ അങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടില്ല.സകല ജാതിയില്‍പ്പെടുന്നവരും അവിടെ ഒരുമിച്ചു തന്നെയാണ് ജീവിക്കുന്നത്. പ്രദേശത്ത് യുഡിഎഫുകാര്‍ തീരെ കുറവാണ്. അവിടുത്തെ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ മോശമായി ചിത്രീകരിക്കുന്ന തരത്തിലേക്ക് യുഡിഎഫ് കൊണ്ടെത്തിക്കുകയായിരുന്നു.

കാരണം രാഷ്ട്രീയമായി അവര്‍ക്ക് പ്രതിരോധിക്കാന്‍ കഴിയുന്നില്ല. കേരളത്തിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയായി മാറുകയാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ച ഭരണം കാഴ്ചവെക്കുന്നു. അവിടെ തങ്ങള്‍ക്കു പ്രസക്തി നഷ്ടപ്പെടുന്നു എന്ന് കണ്ടപ്പോഴാണ് ഇത്തരം ആരോപണങ്ങളുമായി മറ്റുള്ളവര്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ ദളിത് സ്‌നേഹവും ബിജെപിയുടെ ദളിത് സ്‌നേഹവും കപടമാണ് എന്ന് തെളിയിക്കുവാനുള്ള എല്ലാ തെളിവുകളും ഇവിടെയുണ്ട്. അതിലൊന്ന്, പിണറായി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്ര വനിതാ കമ്മിഷന്‍ അധ്യക്ഷ വന്നു. അപ്പോള്‍ ഒരു ദളിത് സ്ത്രീ ഒരു പരാതിയുമായി അവരെ സമീപിച്ചു. ഈ സ്ത്രീയെ ജോലി കഴിഞ്ഞു മടങ്ങുന്ന വഴിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകരില്‍ ഒരാള്‍ ബലാത്സംഘം ചെയ്യാന്‍ ശ്രമിച്ചു, യുഡിഎഫ് സര്‍ക്കാര്‍ സമയത്താണ് സംഭവം. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ പ്രതിയെ പിടിക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല എന്നായിരുന്നു പരാതി. എന്നിട്ട് വല്ലതും സംഭവിച്ചോ? ഇപ്പോഴും ഈ സംഘപരിവാരുകാരന്‍ അവിടെ തലയുയര്‍ത്തി നടക്കുകയാണ്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഇവിടുത്തെ മാധ്യമങ്ങള്‍ കുറ്റക്കാരായി ചിത്രീകരിക്കുന്നത് ഇടതുപക്ഷത്തെയാണ്. ദളിതരും ആദിവാസികളും ചരിത്രം മറക്കരുത്. ഇവിടെ അടിസ്ഥാന വര്‍ഗത്തിന് വേണ്ടി പോരാടിയതും അവര്‍ക്കൊപ്പം നിലകൊള്ളുന്നതും ഇടതുപക്ഷം മാത്രമാണ്.

ദളിതരും ആദിവാസികളും ചരിത്രം മറക്കരുത്

തലശേരിയില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മാധ്യമങ്ങളും കോണ്‍ഗ്രസുകാരും എനിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എന്താണ് ഞാന്‍ പറഞ്ഞത്? രണ്ടു വാക്കുകള്‍ ആണ് എനിക്കെതിരെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ കുട്ടികള്‍ പൊതുശല്യമാണ്, ക്വട്ടേഷന്‍ സംഘമാണ് എന്ന് ഞാന്‍ പറഞ്ഞ രീതിയിലാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. സത്യത്തില്‍ ഞാന്‍ എന്താണ് പറഞ്ഞത്? ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ഞാന്‍ പറഞ്ഞത് നാട്ടുകാര്‍ ഈ കുടുംബത്തെപ്പറ്റി പൊതുശല്യം എന്നാണ് പറയുന്നത് എന്നാണ്. എന്നാല്‍ മാധ്യമങ്ങള്‍ അത് വളച്ചൊടിക്കുകയായിരുന്നു. മറ്റൊന്ന് ക്വട്ടേഷന്‍ സംഘമെന്ന പരാമര്‍ശം. രാജന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഈ പെണ്‍കുട്ടികളെ ഉപയോഗിക്കുകയായിരുന്നു. അവരെ ആയുധമാക്കുകയായിരുന്നു. കാരണം പാര്‍ട്ടി ഓഫീസില്‍ കയറി തല്ലി എന്നത് മാത്രമല്ല ഇവര്‍ക്ക് എതിരെയുള്ള കേസ്. ഇതിനു മുന്‍പും ഇവര്‍ക്കെതിരെ ഇത്തരം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. മുമ്പ് ഡിവൈഎഫ്‌ഐ യുണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഉള്ള ഒരു സംഘത്തെ ഇവര്‍ അക്രമിച്ചിരുന്നു. അന്ന് അത് കേസാകാതെ പോയത് ആ കൂട്ടത്തില്‍ ഇവരുടെ ബന്ധു ഉള്ളത് കൊണ്ടായിരുന്നു. തൊട്ടടുത്ത കുടുംബങ്ങള്‍ ഇവര്‍ക്കെതിരെ കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈ കുടുംബങ്ങള്‍ ഒന്നും ഇടതു പക്ഷത്തിനോട് വലിയ ആഭിമുഖ്യം ഉള്ളവരല്ല. കേസ് കൊടുത്തിരിക്കുന്നത് ദളിത് വിഭാഗത്തില്‍പ്പെട്ട ഇവരുടെ ബന്ധുക്കള്‍ തന്നെയാണ്.

അന്നത്തെ ചാനല്‍ ചര്‍ച്ചയില്‍ പാര്‍ട്ടി ഓഫീസില്‍ കയറിയ കാര്യമൊക്കെ അവര്‍ സമ്മതിച്ചതാണ്. അപ്പോള്‍ എന്റെ പ്രതികരണം അവതാരകന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ജനങ്ങളില്‍ നിന്ന് കേട്ട അഭിപ്രായം അതേപടി പറയുകയാണ് ഉണ്ടായത്. അതുപക്ഷേ വളച്ചൊടിച്ചു.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ അറിയുന്നത്, ഈ വിഷയം കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തും എന്നാണ്. ഞങ്ങള്‍ ആരും തെറ്റ് ചെയ്തിട്ടില്ല. കേസ് തന്നെ നിലനില്‍ക്കില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇവര്‍ കോണ്‍ഗ്രസ് ഒരുക്കിയ തിരക്കഥയ്‌ക്കൊപ്പം ആടുകയാണ്. ഞങ്ങള്‍ ഭയപ്പെടുന്നില്ല. കാരണം ഞങ്ങള്‍ ശരിയുടെ ഭാഗത്ത് മാത്രമേ നിന്നിട്ടുള്ളു. ഇനിയും അങ്ങനെ തന്നെയാകും.

(മാധ്യമവിദ്യാര്‍ത്ഥിയാണ് നിതിന്‍ അംബുജന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)