ലഖിംപുര്‍ ഖേരി സന്ദര്‍ശനത്തിന് രാഹുലിന് അനുമതിയില്ല; ആള്‍ക്കൂട്ടത്തിന് വിലക്കെന്ന് യുപി സര്‍ക്കാര്‍

 
rahul

ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ലഖ്നൗവില്‍ 144 പ്രഖ്യാപിച്ചിരുന്നു

പ്രതിഷേധത്തിനിടെ വാഹനം പാഞ്ഞുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരി സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. രാഹുലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പ്രതിനിധി സംഘത്തിന് സന്ദര്‍ശനാനുമതി തേടി കോണ്‍ഗ്രസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടം വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഹുലിനും സംഘത്തിനും അനുമതി നിഷേധിക്കുകയായിരുന്നു. 

നേരത്തെ, ലഖിംപുര്‍ ഖേരി സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ നേതാക്കളെ യുപി പൊലീസ് തടങ്കലിലാക്കിയിരുന്നു. യാതൊരു കാരണവും കൂടാതെയാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയവരെ കസ്റ്റഡിയിലെടുക്കാതെ പ്രിയങ്കയെ അറസ്റ്റുചെയ്തതിനെ ചോദ്യംചെയ്ത കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. കസ്റ്റഡിയിലെടുത്ത് 38 മണിക്കൂറിനുശേഷവും തടങ്കലില്‍ വെച്ചിരിക്കുന്നതിന്റെ കാരണം പൊലീസ് അറിയിച്ചിട്ടില്ലെന്ന് പ്രിയങ്കയും പ്രസ്താവനയില്‍ പറഞ്ഞു. ഇതുവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നും അവര്‍ അറിയിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച ലഖിംപുര്‍ ഖേരിയിലേക്ക് പോയതിനാലാണ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് വിശാല്‍ ഭരദ്വാജിന്റെ പ്രതികരണം.

അതേസമയം, ചൊവാഴ്ച അര്‍ധരാത്രിയോടെ ലഖ്നൗവില്‍ 144 പ്രഖ്യാപിച്ചുകൊണ്ട് പൊലീസ് ഉത്തരവിറക്കിയിരുന്നു. നവംബര്‍ എട്ടു വരെയാണ് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വരാനിരിക്കുന്ന ഉത്സവങ്ങള്‍, വിവിധ പ്രവേശന പരീക്ഷകള്‍, കര്‍ഷക പ്രതിഷേധങ്ങള്‍ എന്നിവ കണക്കിലെടുത്ത് ക്രമസമാധാനം നിലനിര്‍ത്താനും കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് നിയന്ത്രണങ്ങളെന്നും പൊലീസ് ഉത്തരവില്‍ പറയുന്നു.