മഴക്കെടുതിയും പ്രളയവും - ബിഹാര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായത് കേരളത്തില്‍

 
മഴക്കെടുതിയും പ്രളയവും - ബിഹാര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായത് കേരളത്തില്‍

മഴക്കെടുതികളിലും പ്രളയത്തിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായ സംസ്ഥാനങ്ങളില്‍ കേരളം രണ്ടാമത്. 2016 മുതല്‍ 2019 ജൂലൈ വരെയുള്ള കണക്ക് പ്രകാരം ബിഹാറില്‍ 970 മരണവും കേരളത്തില്‍ 726 മരണവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഓഗസ്റ്റിലെ മഴക്കെടുതിയില്‍ കേരളത്തിലുണ്ടായ 95 മരണങ്ങള്‍ ഇതില്‍ കൂട്ടിയിട്ടില്ല. ഇതും കൂട്ടിയാല്‍ കേരളത്തില്‍ മരണം 821.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും മഴക്കെടുതികളിലുമായി 477 പേരാണ് കേരളത്തില്‍ മരിച്ചത്. 2016 മുതലുള്ള ഈ കാലയളവില്‍ കേരളത്തിലെ ഏഴ് ലക്ഷത്തോളം വീടുകള്‍ക്ക് നാശമുണ്ടായി. പശ്ചിമ ബംഗാളില്‍ ഈ കാലയളവില്‍ 663 പേരും മഹാരാഷ്ട്രയില്‍ 522 പേരും ഹിമാചല്‍ പ്രദേശില്‍ 458 പേരും ഗുജറാത്തില്‍ 418 പേരും മരിച്ചു. ബിഹാറില്‍ 2017-18 കാലത്ത് പ്രളയത്തില്‍ 654 പേരാണ് മരിച്ചത്.