'ഈശോ' വിവാദത്തില്‍ പ്രതികരിച്ച ഫാ. ജയിംസ് പനവേലിനെതിരെ ഭീഷണി, സൈബര്‍ ആക്രമണം

 
Fr James Panavel

നാദിര്‍ഷ സംവിധായകനായ 'ഈശോ' സിനിമയ്‌ക്കെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച ഫാദര്‍ ജയിംസ് പനവേലിനെതിരെ ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഭീഷണികളെന്ന് ഫാ. ജയിംസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

പ്രതികരിക്കുക എന്നുള്ളത് നല്ലതാണ്. എന്നാല്‍ അത് മാനവികവും ക്രിസ്തീയവുമാകണം. സോഷ്യല്‍ മീഡിയയില്‍ ക്രിസ്തീയ സംരക്ഷണത്തിന്റേതെന്ന പേരില്‍ വരുന്ന പല കമന്റുകളുടെയും സ്വഭാവത്തിലും ശൈലിയിലും ക്രിസ്തീയതയുടെയോ മാനവികതയുടെയോ യാതൊരു അംശവുമില്ല. ഇത്തരം കമന്റുകളാണ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്നത്. നിരന്തരമായി ഫോണ്‍കോളുകളും വരുന്നുണ്ട്. അത്രമാത്രം അസഹിഷ്ണുതയാണ് ഉണ്ടാകുന്നത്. ഒരു പേരിലോ, പോസ്റ്ററിലോ, സിനിമയിലോ കൈമോശം വരേണ്ടതാണോ വിശ്വാസം? വിശ്വാസമെന്നാല്‍ വികാരമല്ല, ഒരു നിലപാടാണ്. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാല്‍ ഭയമില്ല. മാറ്റിപ്പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാ. ജയിംസ് വ്യക്തമാക്കി.

ഈശോ സിനിമക്കെതിരെ നടക്കുന്നത് സമുദായവാദവും മതാത്മകതയുമാണെന്നായിരുന്നു ഫാ. ജയിംസിന്റെ പ്രതികരണം. അത്തരം വാദങ്ങളെ ആത്മീയതയെ കണക്കാക്കാനാവില്ലെന്നുള്ള അദ്ദേഹത്തിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. സത്യദീപം ഇംഗ്ലീഷിന്റെ അസോസിയേറ്റ് എഡിറ്ററാണ് ഫാ. ജയിംസ് പനവേലില്‍.