ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍

 
ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍

രാകേഷ് നായര്‍

വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഋഷിരാജ് സിംഗിനെ മാറ്റിയ വിവരം പങ്കുവച്ചപ്പോള്‍ കെഎസ്ഇബിയിലെ ഒരു ജീവനക്കാരന്റെ കമന്റ്, 'വെള്ളാപ്പള്ളിയെ തൊട്ടപ്പോഴെ പുള്ളി തെറിക്കുമെന്നാ ഞങ്ങളൊക്കെ കരുതിയത്' എന്നായിരുന്നു. ഈയൊരു വാചകത്തില്‍ തന്നെ, തൊട്ടാല്‍ പൊള്ളുന്നവരെ തൊടാതിരിക്കുന്നതാണ് ഏതൊരുദ്യോഗസ്ഥനും നല്ലതെന്ന മുന്നറിയിപ്പുണ്ട്. ജോസഫ് അലക്‌സ് സിന്‍ഡ്രോം ബാധിച്ച ഐഎഎസ്/ഐപിഎസ് ഉദ്യോഗസ്ഥരൊക്കെ ഒന്നു മനസ്സിലാക്കുക, നിങ്ങള്‍ക്ക് ചോദിക്കാനും പറയാനുമൊന്നും ആരുമില്ലെങ്കിലും, നിങ്ങള്‍ പിടിക്കുന്നവര്‍ക്ക് അതിനൊക്കെ ആളുകളുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഋഷിരാജ് സിംഗ്. വേട്ടപ്പുലി പോലെ പാഞ്ഞുനടന്ന സിംഗിന് ഇനി വെയിലും കൊണ്ട് പൊലീസുകാരുടെ പരേഡും നോക്കി നില്‍ക്കാം.

ഋഷിരാജ് സിംഗിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കണ്ണടച്ച് രാഷ്ട്രീയം കാണേണ്ട എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഒരു ചാക്രിക പ്രവര്‍ത്തിയുടെ ഭാഗം മാത്രമാണ് ഈ മാറ്റവും. ഒരു മുന്‍ ചീഫ് സെക്രട്ടറി ചോദിച്ചതുപോലെ, ആ പദവി അയാള്‍ക്ക് കാരായ്മയായി കിട്ടിയതൊന്നും അല്ലല്ലോ? അതുകൊണ്ട് രണ്ടുവര്‍ഷം കഴിയുമ്പോള്‍ സാധാരണ നടക്കാറുള്ള സ്ഥാനമാറ്റത്തിന്റെ ഭാഗമായി അദ്ദേഹത്തെ ഒരു വകുപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി, അത്ര തന്നെ. ശരിയാണ്, എന്തിലും ഏതിലും കുറ്റം മാത്രം കാണുന്നവര്‍ക്കെ ഇതിലൊക്കെ പൊരുത്തക്കേടുകള്‍ കാണാനൊക്കൂ. അതല്ലാത്തവര്‍ക്ക് മുറപോലെ നടന്നൊരു സര്‍ക്കാര്‍കാര്യം. കഴിഞ്ഞദിവസത്തെ പത്രങ്ങളെടുത്തു നോക്കൂ, ഒറ്റക്കോളത്തില്‍ വിശദമായിമായി മാറിമറിഞ്ഞ ഐ പി എസ് ഉദ്യോഗസ്ഥന്മാരുടെ ലിസ്റ്റ് കാണാം. ഒരാളെ മാത്രമായിരുന്നു ഇളക്കി പ്രതിഷ്ഠിച്ചതെങ്കില്‍ കുറ്റം പറയുന്നതില്‍ ഒരു അന്തസ്സ് ഉണ്ടായിരുന്നു, ഇതങ്ങനെയൊന്നും നടന്നിട്ടില്ലല്ലോ. കൂട്ടത്തിലൊരാള്‍ മാത്രമല്ലേ.

സത്യം ഇതൊക്കെയാണെന്നിരിക്കെ പിന്നെ എന്തിനാണ് ജനാധിപത്യത്തിന്റെ പ്രധാന ആണിക്കല്ലുകളായ മുഖ്യധാര മാധ്യമങ്ങള്‍ക്കുപോലും ഇല്ലാത്ത ആത്മരോഷം സോഷ്യല്‍ മീഡിയ എന്ന ആള്‍ക്കൂട്ടത്തിന് മാത്രമായി ഉണ്ടാകുന്നത്? അവര്‍ പറയുന്നതുപോലെ 'ഏതോ ഒരു വമ്പ'നെ പൂട്ടാറായപ്പോഴാണോ ഋഷിരാജ് സിംഗിന് ഒഴിഞ്ഞുപോകാന്‍ ഇണ്ടാസ് കിട്ടിയത്. അല്ലെന്നാണ് വീണ്ടും ചില മുന്‍ ഉദ്യോഗസ്ഥര്‍ കണ്ണുരുട്ടി കണ്ടുപിടിച്ചു പറഞ്ഞത്. പക്ഷെ അവരൊന്നും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെതിരെ ഉയരുന്ന പുക അണയ്ക്കാന്‍ മാത്രം തയ്യാറാകുന്നില്ല. മൂത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സ്‌കൈ ഷെഫിന്റെ പ്രമുഖനെ സിംഗ് പൂട്ടുമെന്ന് എതാണ്ട് ഉറപ്പായതോടെയാണ് വകുപ്പ് മന്ത്രിയുടെ ഇഷ്ടക്കാരനായിട്ടുകൂടി ഋഷിരാജ് സിംഗ് തെറിച്ചതെന്ന് പലരും അടക്കം പറയുന്നുണ്ട്. മന്ത്രിയെയും കവച്ചു കാര്യങ്ങള്‍ നീക്കണമെങ്കില്‍ അതിലും വലിയ മന്ത്രിയായിരിക്കണമല്ലോ കളത്തിലിറങ്ങിയിരിക്കുന്നത്. പക്ഷെ, അതിവേഗം ബഹുദൂരം കാര്യങ്ങള്‍ നീക്കുന്നവര്‍ കാണേണ്ട, അറിയേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.

കെഎസ്ഇബി അങ്ങനെയൊന്നും നന്നാകണ്ടാ എന്നാണോ?
നമ്മുടെ കെഎസ്ഇബിയുടെ ഇപ്പോഴത്തെ പോക്ക് മറ്റൊരു ബിഎസ്എന്‍എല്‍ ആകാനാണെന്ന് തോന്നുംവിധമാണ്. ആളുകളെകൊണ്ട് മടുപ്പിച്ചേ അടങ്ങൂ എന്നാണ് വാശി. പതിയെ പതിയെ ഇങ്ങീ കേരളത്തിലും സ്വകാര്യവൈദ്യുത കമ്പനികള്‍ സ്ഥാപിക്കപ്പെടുന്ന കാലം അത്രകണ്ടങ്ങ് വിദൂരവുമല്ല. കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കിലും അതിലൊരു ഗ്യാരണ്ടിയും പറയുന്നുമില്ല. നാളെ ഒരു അംബാനിയോ അദാനിയോ വന്ന് എന്റെ കയ്യില്‍ കറണ്ട് ഉണ്ട്, അത് ജനങ്ങള്‍ക്ക് വില്‍ക്കാന്‍ അനുവാദം തരണമെന്ന് പറഞ്ഞാല്‍, സര്‍ക്കാരിന് അനുമതി നല്‍കിയേ പറ്റൂ, നിയമമുണ്ട്. നിലവില്‍ സ്വകാര്യമേഖല ഈ രംഗത്തേക്ക് കടന്നുവരാനുള്ള ഏകപ്രയാസം ഇതു പ്രസരിപ്പിക്കാനുള്ള സംവിധാനം അവര്‍ക്ക് സ്വന്തമായി ഇല്ലെന്നതാണ്. അതായത് വൈദ്യുതി പോസ്റ്റുകളും കമ്പികളും. വായുവില്‍ കൂടി കറണ്ട് പ്രസരിപ്പിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ എന്നേ കെഎസ്ഇബി അടച്ചുപൂട്ടിയേനേ! പക്ഷെ ഈ പ്രശ്‌നത്തിനും ഇപ്പോള്‍ പരിഹാരമുണ്ട്. ലൈസന്‍സ് ഉള്ളവര്‍ ആവശ്യപ്പെട്ടാല്‍ നിശ്ചിത വാടക വാങ്ങി കെഎസ്ഇബിയുടെ വൈദ്യുതപോസ്റ്റുകളും ലൈനുകളും ഉപയോഗിക്കാന്‍ അവരെ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ പോസ്റ്റുകളെല്ലാം സര്‍ക്കാര്‍ വക സ്ഥലത്താണല്ലോ, അതിനാല്‍ ഇക്കാര്യത്തില്‍ ബോര്‍ഡിനു മുകളിലും സര്‍ക്കാരിന് തീരുമാനമെടുക്കാം. കെഎസ്ഇബി രണ്ടുരൂപയ്ക്ക് നല്‍കുന്ന വൈദ്യുതി ഞങ്ങള്‍ ഒന്നര രൂപയ്ക്ക് നല്‍കാമെന്നു പറഞ്ഞാല്‍ ഏതുപഭോക്താവാണ് അവരുടെ മുന്നില്‍ വീണുപോകാത്തത്! ആഗോളകച്ചവടക്കാരുടെ സ്ഥിരം സൂത്രപ്പണി തന്നെ, ആദ്യം വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കി, പിന്നെ ഒറ്റയടിക്ക് ഇരട്ടിവിലയാക്കും. അപ്പോഴേക്കും ഈ ഉപഭോക്താക്കള്‍ അവരുടെ വലയിലെ അഴിയാക്കുരുക്കില്‍ അകപ്പെട്ടിരിക്കും. ഇവിടെയും നടക്കാന്‍ പോകുന്നത് മറ്റൊന്നുമാകില്ല. അതോടെ ഒരു വകുപ്പിന്റെ മെയിന്‍ സ്വിച്ച് കൂടി നമുക്ക് ഓഫാക്കാം. ഇതൊക്ക മനസ്സിലാക്കിയവരാണോ കക്കുന്നവര്‍ കട്ടോട്ടെ എന്നു പറഞ്ഞ് അവര്‍ക്ക് കൂട്ടുനില്‍ക്കുന്നത്.

ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍

ഋഷിരാജ് സിംഗ് എന്ന ഐപിഎസ് കാരന്‍ ഒറ്റയ്ക്കു വിചാരിച്ചാല്‍ കെഎസ്ഇബിയെ രക്ഷിച്ചെടുക്കാമെന്നൊന്നും ആരും വിശ്വസിച്ചിട്ടില്ല. പക്ഷെ അദ്ദേഹം ചെയ്തപോലെ ഒരോരുത്തരും അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നെങ്കില്‍ ഈ കമ്പനി ഇന്ന് ലാഭത്തില്‍ കറങ്ങിയേനെ. കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുത്താല്‍ തന്നെ പകുതി ബുദ്ധിമുട്ട് തീരും. അതിനുപക്ഷെ ആരു ധൈര്യപ്പെടും? കോടികള്‍ തരാനുള്ളത് സ്രാവുകളാണ്. അവരുടെയൊക്കെ മുന്നില്‍ പോയി മുട്ടിടിക്കാതെ നില്‍ക്കാന്‍ ധൈര്യമുണ്ടോ? ഇതിലും വലിയ ദ്രോഹം ചെയ്യുന്നവരാണ് വൈദ്യുതി മോഷ്ടാക്കള്‍. അതായത് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുകയും ഉപഭോഗത്തിനനുസരിച്ച് ചാര്‍ജ് നല്‍കാതെയും ഇരിക്കുന്നവര്‍. കുടുംബങ്ങള്‍ തൊട്ട് വന്‍കിട കമ്പനികള്‍ വരെ ഈ ശ്രേണിയില്‍പ്പെടുന്നു. ഈ കൂട്ടരില്‍ പിടിവീഴുന്നവര്‍ വീട്ടുടമകളാണ്, മാക്‌സിമം പോയാല്‍ ചെറുകിട ഉത്പാദകനോ വ്യാപാരിയോ. മീറ്റര്‍ റീഡര്‍മാരായിരിക്കും മിക്കവാറും ഇത്തരം കുറ്റങ്ങള്‍ കണ്ടെത്തുന്നത്. ഒരു ലക്ഷംവരെയൊക്കെ മാക്‌സിമം പിഴയീടാക്കുകയും ചെയ്യും. ഇതിനപ്പുറമൊന്നും സാധാരണ കെഎസ്ഇബിയില്‍ നടക്കാറില്ലായിരുന്നു. പക്ഷെ ഋഷിരാജ് സിംഗ് ചാര്‍ജ്ജ് എടുത്തകഴിഞ്ഞപ്പോള്‍ പലതിനും മാറ്റമുണ്ടായി. വൈദ്യുതി മോഷണം നടത്തുന്നവരെ പിടികൂടാനുള്ള ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു ഊര്‍ജ്ജം കൈവന്നു; ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തല്‍.

ഋഷിരാജ് സിംഗ് കാണിച്ച മാജിക്
വൈദ്യുതി ബോര്‍ഡിലെ (ഇപ്പോള്‍ കമ്പനി) അഴിമതിയും വൈദ്യുതി മോഷണവും പിടികൂടലാണ് വിജിലന്‍സിന്റെ പ്രധാന ചുമതല. സിംഗ് ഇവിടെ പ്രധാനമായും കേന്ദ്രീകരിച്ചത് വൈദ്യുതി മോഷണം പിടികൂടാനായിരുന്നു. പല വമ്പന്‍മാരും ഇതിനു പിന്നിലുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ആജ്ഞാപിക്കാതെ നേരിട്ട് തന്നെ വേട്ടയ്ക്കിറങ്ങാനാണ് സിംഗിന് താല്‍പര്യം. പണ്ട് ലോറി ക്ലീനറുടെ വേഷത്തില്‍ കറങ്ങി നടന്ന് കൈക്കൂലി തിന്നുന്ന ഏമാന്‍മാരെ കൈയോടെ പൊക്കിയ കഥകളൊക്കെ ഇന്നും നാട്ടില്‍ പാട്ടാണ്. ഇവിടെയും അദ്ദേഹം അതേ പാത തന്നെ പിന്തുടര്‍ന്നു. വേഷം മാറാനൊന്നും നിന്നില്ലെന്നുമാത്രം. ഇതിന്റെ ആദ്യപടിയായാണ് ജില്ലകള്‍ തോറുമുള്ള ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡുകള്‍ (എപിടിഎസ്) ഊര്‍ജസ്വലമാക്കാനും അവ ഇല്ലാത്തയിടത്ത് പുതിയവ രൂപീകരിക്കാനും തയ്യാറായത്. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നതാണ് ഇത്തരം സ്‌ക്വാഡുകള്‍. ജില്ലകള്‍തോറും നടക്കുന്ന വൈദ്യുത മോഷണം പിടുകൂടാന്‍ ഈ സ്‌ക്വാഡുകളെ അദ്ദേഹം സജ്ജരാക്കി. ഇതിനു പുറമെ പഴയ രാജതന്ത്രം കൂടി സിംഗ് ഉപയോഗിച്ചു. കള്ളന്മാരെ കുറിച്ചു വിവരം തരൂ, നിങ്ങള്‍ക്ക് സമ്മാനവും കള്ളന്മാര്‍ക്കും ശിക്ഷയും ഞാന്‍ ഉറപ്പു തരുന്നുവെന്ന് അദ്ദേഹം വിളംബരം ചെയ്തൂ. നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും അവിടെ അദ്ദേഹത്തിന് പിന്തുണ കൊടുത്തു. ഒരൊറ്റ കെഎസ്ഇബി സെഷന്റെ പരിധിയില്‍ നിന്നു തന്നെ നൂറോളം മോഷണമാണ് പിടികൂടിയത്. ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ചെറുകിട മോഷണങ്ങള്‍ പലതും പിടികൂടി പിഴയീടാക്കാന്‍ സാധിച്ചു. പക്ഷെ അവര്‍ക്കപ്പോഴും വലിയവരെ തൊടാന്‍ സാധിച്ചില്ല.

ആലപ്പുഴയിലെ ഒരു പ്രമുഖ ആശുപത്രിക്കാര്‍ നടത്തുന്ന വമ്പന്‍ കൊള്ള തിരിച്ചറിഞ്ഞ ഒരു സബ് എഞ്ചിനീയറെ ബോര്‍ഡ് മെംബര്‍ നേരിട്ടെത്തി ശാസിച്ചതായാണ് പറയുന്നത്. ഇതേ ആശുപത്രിയും ഇപ്പോള്‍ മുത്തൂറ്റ് സ്‌കൈ ഷെഫുകാര്‍ കാണിച്ച അതേപരിപാടി, ഭൂഗര്‍ഭ മോഷണം, നടത്തിയവരാണ്. ആശുപത്രിക്കെട്ടിടത്തിനു സമീപത്തുകൂടി പോകുന്ന പൊതുറോഡിനു കീഴില്‍ക്കൂടി ലൈന്‍ വലിച്ച് അപ്പുറത്തെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന നഴ്‌സിംഗ് കോളേജിലേക്ക് കണക്ഷന്‍ എടുക്കുന്നു. ഇതൊന്നും ചെറിയ സാറുമ്മാര്‍ക്ക് പൊക്കാന്‍ പറ്റുന്ന കേസല്ല. ഇങ്ങനെയുള്ളിടത്ത് നേരിട്ട് തന്നെ ഇറങ്ങി ചെയ്യേണ്ടത് ചെയ്യുകയായിരുന്നു ഋഷിരാജ് സിംഗ് (നേരത്തെ പരാമര്‍ശിച്ച ആശുപത്രി കേസില്‍ പക്ഷെ നടപടിയൊന്നും ഉണ്ടായതായി അറിയില്ല. അവരിപ്പോള്‍ എന്തോ ചെറിയ ചില്ലറ കൊടുത്ത് കാര്യങ്ങളൊക്കെ നിയമാനുസൃതമാക്കിയെന്നാണ് കേട്ടത്). കഴിഞ്ഞ ഡിസംബറിലാണ് കണിച്ചുകുളങ്ങരയിലുള്ള വെള്ളാപ്പള്ളി നടേശന്റെ ബാറിലെ വൈദ്യുതി മോഷണം സിംഗ് പിടികൂടിയത്. ബാറില്‍ ഇരുണ്ട വെളിച്ചമേ ആവശ്യമുള്ളൂവെങ്കിലും കട്ടത് കുറച്ച് കൂടുതലായി തന്നെയായിരുന്നു. നല്ലൊരു സംഖ്യ പിഴയായി ഒടുക്കിയാണ് സിംഗ് ബാറില്‍ നിന്ന് ഇറങ്ങിയത്. ഈ കാര്യം നമ്മുടെ പ്രമുഖ മാധ്യമങ്ങള്‍ക്കൊന്നും ഇതുവരെ ചോര്‍ന്നുകിട്ടാതെപോയതുകൊണ്ട് ജനസമക്ഷം എത്തിക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തിന്റെ ക്ലൈമാക്‌സ് പക്ഷെ തമാശ ആയിരിക്കും. മുതലാളി കേസിനു പോയി. കാര്യങ്ങളൊക്കെ മുറപോലെ ചെയ്തിട്ടും തന്നെ കള്ളനാക്കിയെന്നാണ് പരാതി. പരോപകാരിയായ മുതലാളിക്കു വേണ്ടതരത്തിലാണ് ബോര്‍ഡിനോട് ആത്മാര്‍ത്ഥതയുള്ള കെഎസ്ഇബി ജീവനക്കാര്‍ മഹസ്സര്‍ എഴുതിയിരിക്കുന്നതെന്നതുകൊണ്ട് കേസ് മുതലാളി തന്നെ ജയിക്കും.

ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍

ഋഷിരാജ് സിംഗിന്റെ ഇത്തരം പ്രവര്‍ത്തികളാണ്, അതായത് ആളും തരവും നോക്കാതെ കുത്തിനുപിടിക്കുന്ന സ്വഭാവം, അദ്ദേഹത്തിന്റെ ഈ ഓട്ടത്തിനു കാരണവും. ഒരിക്കല്‍ മോഷണത്തിന് പിടിച്ചാല്‍ പിന്നെയവന്‍ ഒരുകാലത്തും കക്കില്ലെന്നാണ് പാവം സിംഗ് കരുതിയിരിക്കുന്നത്. രാജസ്ഥാനില്‍ അങ്ങനെയായിരിക്കും, കേരളത്തില്‍ പക്ഷെ അങ്ങനെയല്ല. ഇവിടെയുള്ള മുതലാളിമാര്‍ക്ക് കട്ടേ പറ്റൂ. അല്ലാതെ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. ഇവരുടെയൊക്കെ ടാക്‌സ് നിശ്ചയിക്കുമ്പോള്‍ ഇലക്ട്രിസിറ്റി ബില്ലും അടിസ്ഥാനമാക്കും. അതുകൊണ്ട് തന്നെ ഒരിക്കല്‍ പിടിക്കപ്പെട്ടാലും വീണ്ടും കക്കും. ടാക്‌സ് കുറയ്ക്കുകയുമാകാം, അമിതമായ വൈദ്യുത ചാര്‍ജ് അടയ്ക്കാതെയുമിരിക്കാം.

ഒരു വെള്ളാപ്പള്ളിയിലൊന്നും ഒതുങ്ങുന്നതായിരുന്നില്ല സിംഗ് വലവീശി പിടിച്ച മുഴുത്ത മത്സ്യങ്ങള്‍, അതില്‍ മുന്‍ മന്ത്രി ടി എച്ച് മുസ്തഫയുണ്ടായിരുന്നു, സിനിമാനടന്‍ കലാഭവന്‍ മണിയുണ്ടായിരുന്നു... ഒടുവിലത് മുത്തൂറ്റിലെത്തിയപ്പോള്‍ പണി പാളി.

തന്നെക്കൊണ്ട് നല്ലതൊന്നും ചെയ്യിക്കാത്ത സംസ്ഥാനത്തോട് വിടപറഞ്ഞ് കേന്ദ്രത്തിലോട്ട് പോകാന്‍ ചില ആലോചനകളൊക്കെ നടത്തുന്നുണ്ടായിരുന്നത്രേ സിംഗ്. അത്രകണ്ട് മടുത്തുകാണും. പണ്ട് ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും സ്പീഡ് ഗവര്‍ണറുമൊക്കെ നിര്‍ബന്ധമാക്കിയതിന്റെ പേരില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തു നീക്കിയപ്പോള്‍ തൊട്ട് ഇത്തരമൊരു ചിന്ത തോന്നിത്തുടങ്ങിയതാണ്. വൈദ്യുതി വകുപ്പില്‍ ഇതാദ്യമായിട്ടല്ല എത്തുന്നത്. മുമ്പൊരിക്കല്‍ പാതി വഴിയില്‍ ഇറങ്ങിപ്പോകേണ്ടി വന്നതാണ്. പക്ഷെ ഇത്തവണ ധൈര്യം നല്‍കി കൂടെ നിര്‍ത്തിയത് വകുപ്പ് മന്ത്രി തന്നെയാണ്. നിലമ്പൂരും തിരുവഞ്ചൂരും രണ്ട് സ്ഥലങ്ങളാണല്ലോ. പക്ഷെ അതിലുമൊക്കെ മുകളിലാണ് മറ്റുചിലയിടങ്ങളെന്ന് ഇപ്പോള്‍ ബോധ്യമായി.

നമുക്ക് തേങ്ങാ കള്ളന്മാരെ പിടിക്കാം, വമ്പന്‍മാരെ വിട്ടേക്കൂ
വികസനവും കരുതലുമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറയുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ പിന്നെ എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടൊരു വിഭാഗമായ വൈദ്യുതി വകുപ്പില്‍ കാര്യക്ഷമമായി ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ തന്റെ കടമകള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ നീക്കം ചെയ്തത്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഒരാള്‍ക്ക് സ്വാഭാവികമായി വരുന്ന സ്ഥാനമാറ്റമാണിതെന്ന് പറഞ്ഞു നില്‍ക്കാമെങ്കിലും അങ്ങനെ ചെയ്‌തോളണം എന്നും നിയമമുണ്ടോ? ഒരേ സ്ഥാനത്തു തന്നെ മൂന്നു വര്‍ഷത്തോളം ജോലി ചെയ്ത ഉദ്യോഗസ്ഥന്മാര്‍ ഈ സംസ്ഥാനത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കൃത്യം രണ്ടുവര്‍ഷം കഴിയുമ്പോള്‍ എല്ലാവരെയും മാറ്റിമറിച്ചേ മതിയാകൂ എന്നൊന്നുമില്ല. കുറ്റാന്വേഷണത്തില്‍ അതീവ പ്രാഗത്ഭ്യം തെളിയിച്ചൊരു ഉദ്യോഗസ്ഥ ആയിട്ടും ഇതുവരെ ബി സന്ധ്യയെ ക്രൈംബ്രാഞ്ച് തലപ്പത്ത് കൊണ്ടുവന്നിട്ടില്ലല്ലോ? ഉള്ളതില്‍വെച്ച് ഏറ്റവും പ്രധാന്യം കുറഞ്ഞ ആംഡ് ബറ്റാലായിനില്‍ അഞ്ചുവര്‍ഷത്തോളം അവരെ ഇരുത്തിയപ്പോഴും ഇരുകൊല്ലം കൂടുമ്പോഴുള്ള ഈ സ്ഥാനമാറ്റനിയമം ബാധകമാക്കിയല്ലോ? ഇപ്പോള്‍ ആംഡ് ഫോഴ്‌സ് ബറ്റാലിയന്‍ എഡിജിപിയായി ഋഷിരാജ് സംഗിനെ മാറ്റിയപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന കെഎസ്ഇബി വിജിലന്‍സ് ഡയറക്ടറുടെ കസേരയില്‍ പകരം ഒരാളെ ഇതുവരെ നിയമിക്കാത്തത് എന്തേ? ഉടനടി തീര്‍പ്പുകല്‍പ്പിക്കേണ്ട ചില ഫയലുകളില്‍ (മൂത്തൂറ്റിന്റെയുള്‍പ്പെടെ) എങ്ങനെ തീരുമാനം എടുക്കണമെന്ന് വീണ്ടുവിചാരത്തോടെ ചിന്തിക്കാന്‍ കഴിവുള്ളവരെ കിട്ടാത്തതാണോ കാരണം.

ഈ ഒളിച്ചുകളിയാണ് ഒരു വിഭാഗത്തെയെങ്കിലും സംശയാലുക്കളാക്കുന്നത്.

ഇതെന്തായാലും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്; പ്രമുഖ വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഈ വിഷയത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അദ്ദേഹം തുടരുന്നു, ധാരാളം അഴിമതികളും കള്ളത്തരങ്ങളും കണ്ടുപിടിക്കുന്നതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നൊരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്നു മാറ്റുന്നത്, ഇത്തരം കള്ളത്തരങ്ങള്‍ മൂടിവയ്ക്കാന്‍ സര്‍ക്കാരും തെറ്റുകള്‍ ചെയ്യാന്‍ ജനപ്രതിനിധികളും സഹായിക്കുന്നു എന്നു സാമാന്യ ജനത്തിന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. പലതരം കളവുകള്‍ കണ്ടുപിടിക്കുകയും നഷ്ടത്തിലായ കെഎസ്ഇബിയെ ലാഭത്തില്‍ ആക്കാനായി ഒരുപരിധിവരെയെങ്കിലും ശ്രമിക്കുകയും ചെയ്ത ഋഷിരാജ് സിംഗിന്റെ സ്ഥാനചലനത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. പലകഴിവുകളും തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. അങ്ങനെയുള്ളൊരാളെ താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരിടത്തേക്ക് മാറ്റിയതും ശരിയല്ല. ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് ഇത്രയധികം അധികാരങ്ങള്‍ ഉണ്ടെന്ന് മനസ്സിലായത് അദ്ദേഹം ആ കസേരയില്‍ ഇരുന്നപ്പോഴാണ്. അതുവരെ ആ സ്ഥാനത്തിന്റെ പ്രസക്തി ആരും മനസ്സിലാക്കിയിരുന്നില്ല. അതുപോലെ തന്നെയായിരുന്നു വൈദ്യുതി ബോര്‍ഡിലെ വിജിലന്‍സ് ഡയറക്ടര്‍ക്കും പലതും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചത്.ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍

നമ്മുടെ നാട്ടില്‍ ഇപ്പോഴും തേങ്ങ മോഷ്ടിക്കുന്നവനാണ് വലിയ കള്ളന്‍. അത്തരം കള്ളന്മാരെ പിടിക്കുന്നതിലാണ് നമുക്ക് താല്‍പര്യവും. അതേസമയം വന്‍കിടക്കാരുടെ കള്ളത്തരങ്ങള്‍ക്ക് വേണ്ട സഹായം കിട്ടുന്നു. പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ലീക്കായതിന് രണ്ടുകുട്ടികളെ പിടിച്ചു നാം ആഘോഷിക്കുകയാണ്, ഇതിനു പിന്നിലെ യഥാര്‍ത്ഥ കിംഗ് പിന്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. എന്തായാലും വന്‍കിട മോഷണങ്ങള്‍ നടക്കുമ്പോള്‍ അതു പിടിക്കാന്‍ ശ്രമിക്കുന്നവരെ മാറ്റുകയും തേങ്ങാക്കള്ളന്മാരെ പിടിക്കാന്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് നല്ല സിഗ്നല്‍ അല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം- ചിറ്റിലപ്പള്ളി പറഞ്ഞു നിര്‍ത്തുന്നു.

അതേ സമയം തന്നെ ഋഷിരാജ് സിംഗിന്റെ മാറ്റത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് മുന്‍ ചീഫ് സെക്രട്ടറിയായ സി പി നായര്‍ പറയുന്നത്. സ്വഭാവികമായ മാറ്റം മാത്രമാണ്. എങ്കില്‍ തന്നെയും ഏതെങ്കിലും തരത്തിലുള്ള പൊളിറ്റിക്‌സ് അതിന്റെ പിന്നിലില്ല എന്ന് ഉറപ്പിച്ചു പറയുന്നുമില്ലെന്ന് ഹോം സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള സി പി നായര്‍ പറയുന്നു. നേരത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയപ്പോഴും ഇതുപോലെ വിമര്‍ശനങ്ങള്‍ ഉണ്ടായതാണ്. അതുപോലെ ഇവിടെയും സംഭവിച്ചുകൂടായ്ക ഇല്ല. കാരണം അദ്ദേഹം പിടികൂടിയത് വന്‍ മോഷ്ടാക്കളെയാണ്. ഏതെങ്കിലും ഒരു കേസില്‍ മുന്നോട്ടു പോകരുതെന്ന് പറഞ്ഞാല്‍ അതനുസരിക്കുന്നൊരാള്‍ അല്ലായിരുന്നു അദ്ദേഹം.

എന്തായാലും ജനങ്ങള്‍ വിശ്വസിക്കുന്നൊരു ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റുമ്പോള്‍ അത് മറ്റുള്ളവരില്‍ സംശയങ്ങള്‍ ഉണ്ടാക്കുന്നതില്‍ അത്ഭുതമില്ല. ജേക്കബ് തോമസിനെ വിജിലന്‍സ് എഡിജിപി സ്ഥാനത്തു നിന്ന് ഫയര്‍ അന്‍ഡ് റെസ്‌ക്യു ആസ്ഥാനത്തേക്ക് മാറ്റിയതും അത്തരമൊരു സംശയാസ്പദമായ നീക്കമാണ്. ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അങ്ങനെയൊരാളെയാണ് ആരെ വേണമെങ്കിലും പോസ്റ്റ് ചെയ്താലും പ്രശ്‌നമല്ലാത്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യു തലപ്പത്തേക്ക് മാറ്റിയത്. വിജിലന്‍സില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും അരോചകമായിരുന്നുവെന്നത് ക്ലിയറാണ്. ജേക്കബ് തോമസിനെ ഒതുക്കുകയായിരുന്നു. അതുതന്നെയാണ് ഋഷിരാജ് സിംഗിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എന്തായാലും ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം ഇറക്കാമായിരുന്നു. ക്രൈംബ്രാഞ്ചിലും വിജിലന്‍സിലും കഴിവു തെളിയിച്ചവര്‍ക്ക് രണ്ടുകൊല്ലമെന്നത് ബാധകമല്ല, അതുകൊണ്ട് തന്നെ സിംഗിനെ മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പറയാനും കഴിയില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ തലത്തില്‍ സ്വകാര്യവ്യക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിവുള്ള സാഹചര്യത്തില്‍. പുറമെ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഗവണ്‍മെന്റ് വഴങ്ങില്ലെന്നു ചിന്തിക്കാനും സാധ്യമല്ല. ഇതൊക്കെയായി ബന്ധപ്പെടുത്തുമ്പോള്‍ ഋഷിരാജ് സിംഗിനെ ട്രാന്‍സ്ഫറില്‍ മറ്റു മാനങ്ങളും ഉണ്ടാകാമെന്നും സി പി നായര്‍ പറയുന്നു.

ഇതൊരു ദുരവസ്ഥയാണ്, പ്രതികരിക്കേണ്ടത് വോട്ടിലൂടെയും
നിലവിലെ ഈ മാറ്റത്തിന് സര്‍ക്കാരിന് നിരത്താന്‍ ന്യായം കാണുമെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഒരു കോടി രൂപ പിഴയടയ്‌ക്കേണ്ട കുരുക്കിലേക്ക് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സ്‌കൈ ഷെഫ് പ്രമുഖന്‍ വീണു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മുത്തൂറ്റ് സ്‌കൈ ഷെഫ് വൈദ്യുതി മോഷ്ടിക്കുന്നത് സിംഗ് കണ്ടെത്തിയത്. വൈദ്യുതി ബോര്‍ഡിന്റെ തിരുവനന്തപുരം ശ്രീവരാഹം സെക്ഷനു പരിധിയിലാണ് സ്‌കൈഷെഫ് വരുന്നത്. ഭൂഗര്‍ഭ കേബിള്‍ വഴിയാണ് കമ്പനി വൈദ്യുത മോഷണം നടത്തിയത്. ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡില്‍ മുത്തൂറ്റ് വൈദ്യുതി മോഷണം നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സിംഗ് നടത്തി വരുമ്പോഴാണ് ഇപ്പോഴത്തെ സ്ഥാനചലനവും. ഇവിടെയാണ് സര്‍ക്കാര്‍ നിരത്താന്‍ പോകുന്ന ന്യായവും യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നതും. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍പോലും ഇത്തരം ഇടപെടലുകള്‍ രണ്ടുമൂന്നുവര്‍ഷത്തേക്ക് ഒരു ഉദ്യോഗസ്ഥനുമേല്‍ നടത്തരുതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ഭരണക്കാരുടെ താല്‍പര്യത്തിനനുസരിച്ച് പല ഉദ്യോഗസ്ഥരെയും ബലികഴിക്കുകയാണ്. ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള രാഷ്ട്രീയ ദൃഢതയൊന്നും നമ്മുടെ സര്‍ക്കാരുകള്‍ക്കില്ല. ഇതൊരു ദുരവസ്ഥയാണ്; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത സാഹിത്യകാരനുമായ എന്‍ എസ് മാധവന്‍ പറയുന്നു. ഋഷിരാജ് സിംഗ് സ്വാര്‍ത്ഥ താല്‍പര്യങ്ങളെ നേരിട്ട് എതിര്‍ക്കുന്നൊരു വ്യക്തിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം ഈ പദവിയില്‍ ഇരിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ലായിരിക്കാം.

ഉദ്യോഗസ്ഥന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ സംബന്ധിച്ച് അവസാന തീരുമാനം രാഷ്ട്രീയക്കാരുടെതാണ്. രാഷ്ട്രീയക്കാരുടെ ഉപകരണമാണ് ഉദ്യോഗസ്ഥന്‍. എങ്ങനെ ഭരിക്കാം എന്നു തീരുമാനം എടുക്കുന്നത് അവരാണ്. നല്ലൊരു ഉദ്യോഗസ്ഥനെ സ്ഥാനത്തുവച്ച് പൊറുപ്പിക്കുന്നില്ലെങ്കില്‍ അവര്‍ എങ്ങനെയാണ് ജനങ്ങളെ സേവിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് ഒതുങ്ങി നിന്ന് പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍. പക്ഷെ അതിനകത്ത് അവരെ സ്വതന്ത്രരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുന്നതാണ് ഖേദകരം.

ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഒരു മാധ്യമം ആക്കി ജനങ്ങളുമായി ബന്ധപ്പെടുന്നൊരു കളക്ടറെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതിനു പകരം എതിര്‍ക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയം. അതൊരു വ്യക്തിയുടെ മാത്രം വിവരക്കേടായി കണ്ടാല്‍ മതിയെങ്കിലും.
സ്വാര്‍ത്ഥതയോടെയാണ് ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള എറ്റവും നല്ല അവസരം തെരഞ്ഞെടുപ്പുകളാണ്. തെറ്റുചെയ്യുന്നവരെ വോട്ടിലൂടെ പുറത്താക്കുക മാത്രമാണ് ജനങ്ങളുടെ മുന്നിലെ ഏകമാര്‍ഗം; എന്‍ എസ് മാധവന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു.

ഋഷിരാജ് സിംഗിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിശദീകരണം സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. പലപ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പകരമായാണ് ഇത്തരം വിശദീകരണങ്ങള്‍ ഉണ്ടാകാറ്. നിങ്ങളുടെ ശരീരം എങ്ങനെയുണ്ടെന്ന് പറയാനല്ല, നിങ്ങളെന്തുകൊണ്ട് ഇത്രനാളും ഞങ്ങള്‍ക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറായില്ല എന്ന് ഒരു സിനിമ സംവിധായകന്റെ മുന്നില്‍ കാണിച്ച വീരത്വമൊന്നും ഋഷിരാജ് സിംഗിനെ മാറ്റിയത് മുത്തൂറ്റ് ഗ്രൂപ്പിനെ തൊട്ടതുകൊണ്ടാണോ എന്ന് മുഖ്യമന്ത്രിയോടോ, ആഭ്യന്തരമന്ത്രിയോടോ ചോദിക്കാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് ഉണ്ടാവണമെന്നില്ല. അന്നമല്ലേ ആദര്‍ശത്തെക്കാള്‍ വലുത്...

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഋഷിരാജിനെ തെറിപ്പിച്ചതിന് പിന്നിലെ സുതാര്യമല്ലാത്ത സര്‍ക്കാര്‍