ആദ്യം കിടപ്പാടങ്ങള്‍ തിരിച്ചു തരൂ, എന്നിട്ടുമതി അന്വേഷണ ഏജന്‍സികള്‍

 
ആദ്യം കിടപ്പാടങ്ങള്‍ തിരിച്ചു തരൂ, എന്നിട്ടുമതി അന്വേഷണ ഏജന്‍സികള്‍

ഹരി

വായ്പാതട്ടിപ്പിനിരയായ ദരിദ്ര, ദളിത് കുടുംബങ്ങളുടെ കിടപ്പാടങ്ങള്‍ എടുക്കാത്ത വായ്പയുടെ പേരില്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്ത് തെരുവിലെറിയപ്പെടുകയാണ്. ഭരണകൂടവും നിയമപാലകരും ബാങ്കധികാരികളും ചേര്‍ന്ന് ദരിദ്ര, ദളിത് കുടുംബങ്ങളെ അവരുടെ കിടപ്പാടത്തില്‍ നിന്ന് തെരുവിലേക്ക് തള്ളുന്നതിനെതിരെ സര്‍ഫാസി/ബാങ്ക്ജപ്തി വഞ്ചനയ്‌ക്കെതിരായ സമരസമിതിയും, ബ്ലേഡ് ബാങ്ക് ജപ്തിവിരുദ്ധ സമിതിയും മറ്റ് സംഘടനകളും ചേര്‍ന്ന് സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സഹായസമിതി രൂപീകരിക്കുകയുണ്ടായി. ഈ സമിതിയുടെ നേതൃത്വത്തില്‍ 2015 ആഗസ്റ്റ് 10 മുതല്‍ എറണാകുളം കളക്ടറേറ്റിന് മുന്‍പില്‍ വായ്പാതട്ടിപ്പിനിരയായവരുടെ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്, ജനവിരുദ്ധ സര്‍ഫാസി നിയമം റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കണ്ണുകെട്ടി സമരം നടത്തി വരികയാണ്. കണ്ണുകെട്ടി സമരം 150 ദിവസത്തിലേക്ക് അടുക്കുമ്പോള്‍ സര്‍ക്കാര്‍ കേവലം അന്വേഷണ ഏജന്‍സിയെ നിയമിച്ച് വായ്പാ തട്ടിപ്പിനിരയായ ദരിദ്ര, ദളിത് കുടുംബങ്ങളുടെ ജീവല്‍ പ്രശ്‌നത്തെ വിലകുറച്ച് കാണുകയാണ് ചെയ്യുന്നത്.

സമരസമിതി കണ്ണുകെട്ടി സമരത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അന്വേഷണ ഏജന്‍സിയെ നിയമിക്കാനല്ല, മറിച്ച് എടുക്കാത്ത വായ്പയുടെ പേരില്‍ ലോണ്‍ മാഫിയകളാല്‍ ചതിക്കപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവരുടെ തട്ടിച്ചെടുത്ത ആധാരം അസാധുവാക്കി കിടപ്പാടത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് തന്നെ തിരിച്ച് നല്‍കണം എന്നാണ്. കണ്ണുകെട്ടി സമര പന്തലില്‍ വായ്പാ തട്ടിപ്പിനിരയായ ദരിദ്ര, ദളിത് കുടുംബങ്ങള്‍ നിരാഹാരവും അനുഷ്ഠിക്കുന്നുണ്ട്. നിരാഹാര സമരം 75 ദിവസം പിന്നിടുകയാണ്. വായ്പാതട്ടിപ്പിനിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല സംഘടനകളിലുള്ളവരും നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. കണ്ണുകെട്ടി സമരം 150 ദിവസത്തിലേക്ക് എത്തിച്ചേരുമ്പോള്‍ ആദ്യം പുച്ഛിച്ച് തള്ളിയ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ഓരോരുത്തരായി സമരപന്തലില്‍ ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് എന്നുപറഞ്ഞുകൊണ്ട് എത്തുകയാണ്. ഇലക്ഷന്‍ അടുത്തതുകൊണ്ടാണോ ഈ വരവ് എന്നറിയില്ല. എന്നാലും സമരസമിതി എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

ഇത് കേവലം സാമ്പത്തിക ആവശ്യത്തിനുള്ള സമരമല്ല. ഭരണകൂടം കരുതിക്കൂട്ടി ദരിദ്രരേയും ദളിതരേയും അവരുടെ കിടപ്പാടത്തില്‍ നിന്നുതന്നെ ആട്ടി ഓടിക്കുമ്പോള്‍ സമരം സാമ്പത്തിക സമരത്തില്‍ നിന്ന് മാറി രാഷ്ട്രീയ ജനകീയ സമരത്തിലേക്ക് മാറുകയാണ്. രാഷ്ട്രീയക്കാര്‍ക്കുവേണ്ടത് അധികാരമാണ്. അധികാരം ലഭിക്കണമെങ്കില്‍ ഇലക്ഷനില്‍ നിന്ന് വിജയിക്കണം. അപ്പോള്‍ ജനാധിപത്യം നടപ്പാകണമെങ്കില്‍ ഇലക്ഷന് ജനങ്ങള്‍ വോട്ട് ചെയ്യണം. ഇത്തവണ കേരളത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നടന്ന ഇലക്ഷനില്‍ വായ്പാതട്ടിപ്പിനിരയായ കുടുംബങ്ങള്‍ ഇലക്ഷന്‍ ബഹിഷ്‌കരിക്കുകയാണ് ഉണ്ടായത്.

ഈ സമരത്തെ മുഖ്യധാര മാധ്യമങ്ങള്‍ ഒന്നാകെ കയ്യൊഴിയുമ്പോള്‍ ഫേസ്ബുക്കിലൂടേയും, ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലായ അഴിമുഖത്തിലൂടെയും, തേജസ്, മാധ്യമം പോലുള്ള പത്രങ്ങളിലൂടെയുമാണ് ലോകം അറിയുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി വായ്പാതട്ടിപ്പിനും സര്‍ഫാസി നിയമത്തിനുമെതിരായി നടക്കുന്ന ജനകീയസമരമാണിത്.

ആദ്യം കിടപ്പാടങ്ങള്‍ തിരിച്ചു തരൂ, എന്നിട്ടുമതി അന്വേഷണ ഏജന്‍സികള്‍

എന്താണ് സര്‍ഫാസി നിയമം?
2002ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്താണ് സര്‍ഫാസി നിയമം (സെക്യൂരിറ്റൈസേഷന്‍ ആന്റ് റികണ്‍സ്ട്രക്ഷന്‍ ഓഫ് ഫൈനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്) പാസാക്കിയത്. തൊണ്ണൂറുകളോടെ മന്‍മോഹന്‍സിംഗിന്റേയും ചിദംബരത്തിന്റേയും നേതൃത്വത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വ അടിത്തറയുള്ള സര്‍ഫാസി നിയമം ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇങ്ങനെയുള്ള സെക്യൂരിറ്റൈസേഷന്‍ നിയമങ്ങളാണ് 2008ല്‍ അമേരിക്കല്‍ സാമ്പത്തിക മാന്ദ്യത്തിന് വഴിതെളിച്ചത്. ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുക എന്ന വ്യാജേന ആഗോള മൂലധന ശക്തികളുടെ ഊഹമൂലധന കച്ചവടത്തിനുവേണ്ടി പാസാക്കിയതാണ് ഈ നിയമം. ഈ നിയമത്തില്‍ സിവില്‍ കോടതിയില്‍ പോകാനുള്ള 34-ാം വകുപ്പ് അവകാശം റദ്ദ് ചെയ്തുകൊണ്ട് ചേര്‍ത്തിരിക്കുന്നു. ദരിദ്രരേയും, ദളിതരേയും, ആദിവാസികളേയും സംരക്ഷിക്കുന്നു എന്ന് പറയുന്ന ഈ നിയമ വ്യവസ്ഥിതി തന്നെ മനുഷ്യര്‍ക്ക് സിവില്‍ കോടതിയില്‍ പോകാനുള്ള മൗലിക അവകാശത്തെ തന്നെ ഇല്ലാതാക്കുക കൂടിയാണ് സര്‍ഫാസി നിയമം പാസാക്കിയതിലൂടെ ചെയ്തിട്ടുള്ളത്.

വായ്പയെടുത്താല്‍ മൂന്ന് മാസം ഗഡു മുടങ്ങുകയോ, കുടിശ്ശിക വരികയോ ചെയ്താല്‍ വായ്പയുടെ കാലാവധി പോലും പരിഗണിക്കാതെ ബാങ്കുകള്‍ക്ക് വായ്പ എടുത്ത ആളുടെ കിടപ്പാടത്തെ നിഷ്‌ക്രിയാസ്തിയായി പ്രഖ്യാപിച്ച് നേരിട്ട് പിടിച്ചെടുത്ത് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനും ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് സര്‍ഫാസി നിയമം.

എന്താണീ വായ്പാതട്ടിപ്പ്?
മൂന്നും, അഞ്ചും സെന്റുള്ള ദരിദ്ര, ദളിത്, കുടുംബത്തിലുള്ളവര്‍ക്ക് ഒരു ബാങ്കും ലോണ്‍ നല്‍കാറില്ല എന്നുമാത്രമല്ല ഇവര്‍ ലോണ്‍ ചോദിച്ചു ചെന്നാല്‍ മാനസിക പീഢനവും അനുഭവിക്കേണ്ടി വരാറുണ്ടെന്നത് മറച്ചുവയ്ക്കാനാവാത്ത വസ്തുതയാണല്ലോ. ഇങ്ങനെയുള്ള ദരിദ്ര, ദളിത് കുടുംബങ്ങള്‍ക്ക് 'ഞങ്ങള്‍ ലോണ്‍ മേടിച്ചുതരാം' എന്നുപറഞ്ഞ് ഒരു സംഘം ആളുകള്‍ സമീപിക്കുകയും വായ്പാ വേണ്ട കുടുംബത്തിന് തുച്ഛമായ തുക നല്‍കി അവരുടെ ആധാരം ചതിവില്‍ വിശ്വാസ തീറാക്കി പണം നല്‍കിയ ലോണ്‍ മാഫിയ സംഘം ആധാരം കൈക്കലാക്കുകയും ചെയ്യും.

പണം വാങ്ങിയ ദരിദ്ര, ദളിത് കുടുംബങ്ങള്‍ക്ക് പണം നല്‍കിയത് ലോണ്‍ മാഫിയകളാണെന്ന് പോലും അറിയില്ല. ഈ ലോണ്‍ മാഫിയക്കാര്‍ തട്ടിച്ചെടുത്ത ആധാരം ഉപയോഗിച്ച് നാഷണലൈസ്ഡ് ബാങ്കുകള്‍ മുതല്‍ ന്യൂജനറേഷന്‍ ബാങ്കുകളിലെ മാനേജരുമായി ഒത്തുകളിച്ച് ലക്ഷക്കണക്കിന് രൂപ വായ്പയെടുക്കുകയും ചെയ്യുന്നു. ഇതൊന്നും അറിയാത്ത കുടുംബങ്ങള്‍ സ്വന്തം കിടപ്പാടം സര്‍ഫാസി നിയമപ്രകാരം ജപ്തിക്ക് വരുമ്പോഴാണ് തങ്ങള്‍ക്കുപറ്റിയ ചതിവിനെ കുറിച്ചും വായ്പാതട്ടിപ്പിനെക്കുറിച്ചും അറിയുന്നത്. അപ്പോഴേക്കും ബാങ്ക് കിടപ്പാടം ജപ്തി ചെയ്ത് വേറൊരു സ്വകാര്യ വ്യക്തിക്കോ, കമ്പനിക്കോ വിറ്റുകാണും. യഥാര്‍ത്ഥത്തില്‍ എടുക്കാത്ത വായ്പയുടെ പേരില്‍ ബാങ്ക് പോലും കാണാത്ത ദരിദ്ര, ദളിത് കുടുംബങ്ങളുടെ കിടപ്പാടങ്ങളാണ് ഈ വായ്പാ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നത്.

ആദ്യം കിടപ്പാടങ്ങള്‍ തിരിച്ചു തരൂ, എന്നിട്ടുമതി അന്വേഷണ ഏജന്‍സികള്‍

വല്ലാര്‍പാടത്തെ ദളിതയായ സുശീലയുടെ കണ്ണ് ഓപ്പറേഷന് വായ്പ കൊടുക്കാന്‍ ഒരു ബാങ്കും തയ്യാറായില്ല. ലോണ്‍ മാഫിയാസംഘം 50,000/- രൂപ നല്‍കി. ബാങ്കില്‍ ഈട് വക്കാനെന്ന വ്യാജേന ആധാരം രജിസ്റ്റര്‍ ചെയ്ത് എടുക്കുകയും എറണാകുളത്തുള്ള ഇന്ത്യന്‍ ബാങ്ക്, ഇടപ്പള്ളി ശാഖയില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ ലോണ്‍ മാഫിയ വായ്പയെടുക്കുകയും ചെയ്തു. സുശീലാമ്മയുടെ സ്ഥലം ബാങ്കുകാര്‍ കാണാന്‍ പോലും വരാതെ മൂന്ന് ലക്ഷം രൂപയുടെ ആധാരത്തിന് 15 ലക്ഷം രൂപയാണ് നല്‍കിയത്. ഇങ്ങനെ ഈ തട്ടിപ്പിന് ബാങ്കും കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത് എന്നത് പകല്‍ പോലെ സത്യമാണ്. .21 കുടുംബങ്ങളെയാണ് ലോണ്‍മാഫിയ തട്ടിപ്പിനിരയാക്കിയത്. 30 വര്‍ഷം ബാങ്കില്‍ ജോലിചെയ്ത ദിലീപിനെപോലും തട്ടിപ്പില്‍പ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. ദിലീപ് ഈയിടെ ആത്മഹത്യ ചെയ്തു. മുളവുകാട് പോലീസ് സുശീലയുടെ പരാതിയിന്മേല്‍ പട്ടികജാതി പീഢനനിരോധന നിയമപ്രകാരം ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലക്ഷക്കണക്കിന് രൂപ വായ്പയെടുക്കുന്ന ലോണ്‍ മാഫിയ ഒരു ചില്ലിക്കാശുപോലും ബാങ്കില്‍ അടക്കുന്നില്ല. നേരത്തേ പറഞ്ഞതുപോലെ മൂന്നുമാസം ഗഡു മുടങ്ങിയാല്‍ സര്‍ഫാസി നിയമപ്രകാരം ബാങ്ക് കിടപ്പാടം ജപ്തി ചെയ്യുകയും വായ്പ എടുക്കാത്ത കുടുംബങ്ങളെ തെരുവിലെറിയുകയും ചെയ്യുന്നു. ലോണ്‍മാഫിയകള്‍ ആഡംബരജീവിതം നയിക്കുമ്പോള്‍ ദരിദ്ര, ദളിത് കുടുംബങ്ങള്‍ എടുക്കാത്ത വായ്പയുടെ പേരില്‍ തെരുവില്‍ തള്ളുകയാണ്. വായ്പാ തട്ടിപ്പിനിരയായവര്‍ക്ക് ഇനി പോകാന്‍ കഴിയുന്ന സ്ഥലമാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍. ഈ DRT ആണെങ്കിലോ കേരളത്തിനും ലക്ഷദ്വീപിനും ചേര്‍ന്ന് എറണാകുളത്തെ പനമ്പിള്ളിനഗറിലാണുള്ളത്.

കേരളം മുങ്ങുകയാണ്; ബ്ലേഡ് മാഫിയയും ബാങ്കുകാരും വീതിച്ചെടുക്കുന്ന ജീവിതങ്ങള്‍DRT വായ്പാതട്ടിപ്പിനിരയായവരുടെ ശബ്ദം കേള്‍ക്കുക കൂടിയില്ല. ബാങ്കുകള്‍ പറയുന്നതു കേട്ട് തീരുമാനം പുറപ്പെടുവിക്കുകയാണ് DRT ചെയ്യുന്നത്. ഇത് മുതലെടുത്ത് വക്കീലന്മാരും DRTയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുകയാണ്. ഇവിടെ നിയമങ്ങള്‍ പാസാക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയും അത് പ്രയോഗിക്കുന്നത് ദരിദ്ര, ദളിത്, ആദിവാസി വിഭാഗങ്ങളള്‍ക്കുമിടയിലാണ്. ലക്ഷം കോടി രൂപ വായ്പയെടുക്കുന്ന മദ്യരാജാവായ വിജയ് മല്യയുടേയും, കല്‍ക്കരിപ്പാടങ്ങളില്‍ അഴിമത് കാണിച്ച ബിര്‍ലയുടേയും, വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ പിഴിഞ്ഞൂറ്റുന്ന റിലയന്‍സിനും, അദാനിക്കും നേരേ സര്‍ഫാസി നിയമം പ്രയോഗിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. കാരണം സര്‍ക്കാര്‍ എന്നും ഇത്തരം ഊഹമൂലധന കച്ചവടക്കാരായ കോര്‍പ്പറേറ്റുകളുടെ കൂടെയാണ്. ദരിദ്ര, ദളിത്, ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് സമയമില്ല. അങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനായിട്ടാണ് കണ്ണുകെട്ടി സമരം നടത്തുന്ന വായ്പാതട്ടിപ്പിനിരയായ ദരിദ്ര, ദളിത് കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്.

വായ്പാ തട്ടിപ്പിനിരയായ ദരിദ്ര, ദളിത് കുടുംബങ്ങളുടെ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ നിര്‍ത്തിവെക്കാനും തട്ടിയെടുത്ത അധാരങ്ങള്‍ അസാധുവാക്കി തിരികെ നല്‍കാനും കടബാദ്ധ്യതയില്‍ നിന്ന് ഒഴിവാക്കാനും വേണ്ടി പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. അല്ലാതെ ജനങ്ങളുടെ ജീവല്‍ പ്രശ്‌നത്തെ കേവലം അന്വേഷണമായി മാത്രം ചുരുക്കി കാണാനല്ല.

(സര്‍ഫാസി/ജപ്തി വിരുദ്ധ സമര സമിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യം കിടപ്പാടങ്ങള്‍ തിരിച്ചു തരൂ, എന്നിട്ടുമതി അന്വേഷണ ഏജന്‍സികള്‍