ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; സിറ്റിസണ്‍ പോര്‍ട്ടല്‍ നാളെ മുതല്‍

 
Citizen Portal

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നു. പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതന സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായ (ഐഎല്‍ജിഎംഎസ്)ത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ സിറ്റിസണ്‍ പോര്‍ട്ടല്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. പോര്‍ട്ടലിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഉണ്ടാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐഎല്‍ജിഎംഎസ് അപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിലെ 153 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് നിലവില്‍ വിന്യസിച്ചു പ്രവര്‍ത്തിച്ചുവരുന്നുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ്വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തുന്നതിനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും പൊതു ജനങ്ങള്‍ക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 

ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളില്‍ കൂടി സേവനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നല്‍കാനുള്ള ഫീസുകള്‍ ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഐഎല്‍ജിഎംഎസിന്റെ തന്നെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസണ്‍ പോര്‍ട്ടല്‍.