ഇങ്ങനെയും ചിലരുണ്ട് നമുക്കിടയില്‍; മങ്ങാട്ടിരിയുടെ സ്വന്തം ഷാജിയേട്ടന്‍

 
ഇങ്ങനെയും ചിലരുണ്ട് നമുക്കിടയില്‍; മങ്ങാട്ടിരിയുടെ സ്വന്തം ഷാജിയേട്ടന്‍

ഉണ്ണികൃഷ്ണന്‍ വി

സ്ഥലം മലപ്പുറം തലക്കാട് പഞ്ചായത്തിലെ മങ്ങാട്ടിരി അങ്ങാടി. സമയം പുലര്‍ച്ചെ 5 മണി. സ്ട്രീറ്റ് ലൈറ്റിന്‍റെ അരണ്ട വെളിച്ചം മാത്രം. തലേന്ന് പെയ്ത മഴയില്‍ റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. സ്ട്രീറ്റ് ലൈറ്റിന്റെ പ്രതിബിംബം അതില്‍ തെളിഞ്ഞു കാണാം. രണ്ടു തെരുവുനായകള്‍ അതിനുമുകളിലൂടെ കടിപിടി കൂടികൊണ്ട് ഓടിമറഞ്ഞു.

നാട്ടില്‍ പുതുതായി വാടകയ്ക്ക് താമസത്തിനെത്തിയ പയ്യന്മാര്‍ ജോഗിംഗിനിറങ്ങിയതായിരുന്നു അന്ന്. ടാറിട്ട റോഡില്‍ എന്തോ ഉരയ്ക്കുന്ന മാതിരി ഒരു ശബ്ദം കേട്ട് അതിലോരുവന്‍ മുന്നോട്ടു പോവാന്‍ അറച്ചു. അങ്ങാടീലെ ബാലന്‍ ചേട്ടന്‍റെ സിമന്റ് കടയുടെ പടിക്കല്‍ നിന്ന് നാലും കൂടിയ കവലയിലേക്ക് അവന്‍ എത്തി നോക്കി.

മുണ്ടും ഷര്‍ട്ടും ധരിച്ച ഒരു മനുഷ്യന്‍ വട്ടത്തൊപ്പിയൊക്കെ ചാര്‍ത്തി റോഡിലെ ചപ്പും കുപ്പയുമൊക്കെ മാറ്റുന്നു. അയാള്‍ അങ്ങാടി അടിച്ചു വാരുന്ന ശബ്ദമാണ്. മുനിസിപ്പാലിറ്റിക്കാര്‍ ഇത്ര കാലത്തെ ഇറങ്ങാറില്ലല്ലോ. മാത്രല്ല, വേഷം കണ്ടിട്ട് ജീവനക്കാരന്‍ ആണെന്നു തോന്നുന്നുമില്ല.

‘ഇതാരാണപ്പാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്!’

മുനിസിപ്പാലിറ്റിയുടെ അടുത്തേക്കുള്ള വഴിയില്‍ നിന്ന് മൂന്നു പയ്യന്മാര്‍ കസര്‍ത്തൊക്കെ കാട്ടി നടന്നു വരുന്നുണ്ടായിരുന്നു, അവരും രാവിലെ ജോഗിംഗിനിറങ്ങിയതായിരുന്നു.

ആരാ ആ കക്ഷി?

എതിരെ വന്നവരില്‍ ഒരാള്‍ മറുപടിപറഞ്ഞു.

ഹ,അനക്കറീലേ? അത് മ്മടെ ഷാജിയേട്ടനാ. നീ വന്നിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ. അതോണ്ടാ.

മങ്ങാട്ടിരിയുടെ സ്വന്തം ഷാജിയേട്ടന്‍റെ വിശേഷങ്ങളിലേക്ക്...

ഇങ്ങനെയും ചിലരുണ്ട് നമുക്കിടയില്‍; മങ്ങാട്ടിരിയുടെ സ്വന്തം ഷാജിയേട്ടന്‍

ഷാജിയേട്ടന്‍ ഈ പഞ്ചായത്തിന്‍റെ ഐശ്വര്യം

സിപിഐഎം തലക്കാട് ലോക്കൽ സെക്രട്ടറി. തലക്കാട് പഞ്ചായത്തിലെ വാർഡ് മെമ്പർ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇതൊക്കെയാണ് ഷാജിയുടെ ഒഫീഷ്യല്‍ സ്ഥാനങ്ങള്‍. പക്ഷേ തലക്കാടുകാര്‍ക്ക് ഇദ്ദേഹം ഷാജിയേട്ടനാണ്. എന്നുവച്ചാല്‍ നാട്ടുകാരുടെ സ്വന്തം ഷാജിയേട്ടന്‍. രാഷ്ട്രീയം, മതം എന്നിവയ്ക്കതീതമായി നാട്ടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യന്‍.

പത്തു വര്‍ഷമായി എതിരില്ലാത്ത പഞ്ചായത്ത് മെമ്പറാണ് കക്ഷി. ചുക്കു ചേരാത്ത കഷായം ഇല്ല എന്നു പറഞ്ഞതു പോലെയാണ് മൂപ്പരുടെ കാര്യം. നാട്ടില്‍ എന്തു നടന്നാലും ഷാജിയേട്ടന്‍ മുന്നിലുണ്ടാവും. ‘ഷാജിയേട്ടന്‍ ഇല്ലാത്ത ഒരു പരിപാടിയ്ക്കും ഒരു ഗുമ്മുണ്ടാവില്ല' എന്നാണ് പ്രദേശവാസികളുടെ ഒരിത്.

നാട്ടിലെ കല്ല്യാണം, ഗൃഹപ്രവേശനം, ചരടുകെട്ട്, ചരമം, അടിയന്തിരം എന്നിങ്ങനെ എല്ലാ ചടങ്ങിനും നാട്ടുകാർക്ക് ഷാജിയേട്ടൻ ഇല്ലാതെ പറ്റില്ല. അതിപ്പോ മതം ഏതെന്നോ പാര്‍ട്ടി ഏതെന്നോ ഒന്നും വ്യത്യാസമില്ല. സാധാരണ ഹിന്ദു മരണാനന്തര ചടങ്ങുകളില്‍ കാര്‍മികത്വം വഹിക്കുന്നതിനു പ്രത്യേകമായി ഒരാളുണ്ടാവും; പക്ഷേ ഇവിടെ അതിനും ഈ മനുഷ്യന്‍ തന്നെ. മങ്ങാട്ടിരിയിൽ ദഹിപ്പിക്കുന്ന ചടങ്ങ് മുതൽ 'തെളി പറയുന്നതും' അസ്ഥി പെറുക്കുന്നത് വരെ ചെയ്യുക ഷാജിയേട്ടനാണ്. ഉത്തരവാദിത്വങ്ങള്‍ ഒക്കെ കക്ഷി തന്നെ ഏറ്റെടുക്കും, നടത്തിക്കൊടുക്കും. അതുകൊണ്ടു തന്നെ ഷാജിയേട്ടന്‍ ഒരു പാര്‍ട്ടി പ്രതിനിധിയാണെങ്കിലും നാട്ടുകാര്‍ അവരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ.

ഷാജിയേട്ടന്റെ പ്രവര്‍ത്തന മണ്ഡലവും യുവധാര മങ്ങാട്ടിരിയും

ഷാജിയേട്ടന്‍റെ ദിവസം തുടങ്ങുക രാവിലെ നാലു മണിക്കാണ്. പാര്‍ട്ടി പത്രം 67 വീടുകളില്‍ വിതരണം ചെയ്യലാണ് ആദ്യ പരിപാടി. മണി അഞ്ചടിച്ചാല്‍ കക്ഷി അങ്ങാടിയില്‍ ഹാജര്‍. പിന്നത്തെ ഒരു മണിക്കൂര്‍ അങ്ങാടിയിലെ ചപ്പും കുപ്പയും മാറ്റലാണ്. പെട്ടിക്കടയ്ക്കു മുന്നില്‍ കിടക്കുന്ന സിഗരറ്റ് കുറ്റിയും തീപ്പെട്ടിക്കൊള്ളിയടക്കം നുള്ളിപ്പെറുക്കി അങ്ങാടി ക്ലീന്‍ ക്ലീന്‍ ആകുന്നത്‌ വരെ ആള്‍ പണി തുടരും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 16 വര്‍ഷമായി ഷാജിയേട്ടന്‍ ഈ ശുചീകരണയജ്ഞം നടത്താന്‍ തുടങ്ങിയിട്ട്.

റിയാസ് എന്ന ചെറുപ്പക്കാരന്‍ ഇദേഹത്തിനെക്കുറിച്ച് പറയാനുള്ളത് ഇതാണ് ; ‘ഈ മനുഷ്യന്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഞങ്ങള്‍ മാതൃകയാക്കുന്നത്. ഷാജിയേട്ടന്‍ ഇത്ര കാലമായി നടത്തിക്കൊണ്ട് പോകുന്ന കാര്യങ്ങള്‍ക്കൊന്നും കണക്കില്ല. അതൊട്ടു പറഞ്ഞാലും തീരില്ല. നിസ്വാര്‍ത്ഥമായ സേവനം നടത്തുന്ന ഇദ്ദേഹത്തിനെ പോലെയുള്ളവര്‍ അപൂര്‍വ്വമാണ്. മറ്റുള്ളവരില്‍ നിന്നും ഷാജിയെട്ടനെ വ്യത്യസ്തനാക്കുന്നത് വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന ചിന്താഗതിയാണ്’

'യുവധാര മങ്ങാട്ടിരി' എന്ന സന്നദ്ധസംഘടനയിലൂടെയാണ് കൂടുതലും ഷാജിയുടെ സേവനപ്രവര്‍ത്തനങ്ങള്‍. 1996-ല്‍ രൂപീകരിക്കുകയും 1998-ല്‍ പ്രവര്‍ത്തകര്‍ കുറയുകയും എന്നാല്‍ 1999-ല്‍ രജിസ്റ്റര്‍ ചെയ്തു പുനര്‍പ്രവര്‍ത്തനം തുടങ്ങുകയും ചെയ്ത ഈ സംഘടനയിലൂടെയാണ് ഷാജി തന്‍റെ സാമൂഹ്യപ്രവര്‍ത്തനം ശകതിപ്പെടുത്തുന്നത്.

ഇങ്ങനെയും ചിലരുണ്ട് നമുക്കിടയില്‍; മങ്ങാട്ടിരിയുടെ സ്വന്തം ഷാജിയേട്ടന്‍

ആദ്യകാലങ്ങളില്‍ ഇദ്ദേഹമടക്കം നാലു പേരാണ് അങ്ങാടി ശുചീകരണം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചത്. ഒരു കഷ്ണം പുട്ടും ചായയും; അതായിരുന്നു അന്നത്തെ ചെലവ്. പിന്നീട് പലരും പലവഴിക്കായെങ്കിലും ഷാജി മാത്രം തുടര്‍ന്നു. ഇപ്പോള്‍ അംഗങ്ങള്‍ കൂടിയെങ്കിലും നേതൃത്വം ഒരാള്‍ തന്നെ.

യുവധാരയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആഴ്ചയിലും രണ്ടു ദിവസം ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട് മങ്ങാട്ടിരിയില്‍. ഡോക്ടറുടെ സേവനവും മരുന്നുകളും സൗജന്യമായാണ് നല്‍കുക. ആറു വര്‍ഷമായി ഇത് തുടരുന്നുമുണ്ട്.

പഞ്ചായത്തിലെ മരണവീടുകളില്‍ പ്രത്യേകിച്ചും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നയിടങ്ങളില്‍ ഷാജിയും ടീമും സഹായവുമായി എത്തും. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഒരു വ്യക്തി സംഭാവന നല്‍കിയ ഫ്രീസറും കൂടാതെ ഇവര്‍ തന്നെ വാങ്ങിയ ഒരു മൃതദേഹ സംസ്കരണ യൂണിറ്റും ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും. മൃതദേഹം സംസ്കരിക്കാന്‍ സ്വന്തമായി ഒരു തുണ്ട് ഭൂമി ഇല്ലാത്തവര്‍ക്ക് വലിയ സഹായമാണിത്. മറ്റുള്ളവരില്‍ നിന്നും ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനത്തിനുള്ള തുകമാത്രമാണ് വാങ്ങുക. ഫ്രീസറും ഇത് പോലെ തന്നെ. കൂടാതെ ചടങ്ങുകള്‍ക്കാവശ്യമായ കസേര തുടങ്ങിയ ഉരുപ്പടികള്‍ കൂടി ഇവര്‍ എത്തിച്ചു നല്‍കും. ഈ സേവനം മറ്റു ഗ്രാമങ്ങളില്‍ കൂടി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാജിയും കൂട്ടരും.

‘ഷാജിയേട്ടന്‍ എല്ലാം ചെയ്യുന്നതല്ലാതെ ഒരിക്കലും പ്രശസ്തനാവാന്‍ ശ്രമിച്ചിട്ടില്ല, തന്നെക്കൊണ്ട് ആര്‍ക്കെങ്കിലും ഉപകാരമുണ്ടെങ്കില്‍ അതു നടക്കണം എന്ന് മാത്രമേ അദ്ദേഹം ചിന്തിക്കാറുള്ളൂ. ഇടയ്ക്ക് പ്രാദേശിക ചാനലുകാര്‍ വന്നിരുന്നു ഷൂട്ട്‌ ചെയ്യാന്‍, അന്ന് നേരത്തെ പണികള്‍ തീര്‍ത്ത് കക്ഷി എസ്കേപ് ആയി’ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം ഫിറോസ്‌ പറയുന്നു.

സമാനമായ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുകൂടി ഈ മനുഷ്യന്‍ ഒന്നിനും പിടി കൊടുത്തിട്ടില്ല. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും ഉണ്ട് ഷാജിയേട്ടന്. തന്റെ ജീവിതവും സേവനവുമൊക്കെ കുടുംബത്തു മാത്രം ഒതുക്കാതെ അദ്ദേഹം മുന്‍പോട്ടു പോകുന്നു. എല്ലാവരുടെയും പിന്തുണയോടെ...

(അഴിമുഖം സ്‌റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍ )

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇങ്ങനെയും ചിലരുണ്ട് നമുക്കിടയില്‍; മങ്ങാട്ടിരിയുടെ സ്വന്തം ഷാജിയേട്ടന്‍