മധ്യപ്രദേശില്‍ പതിനാറുകാരന്‍ കോവിഡ് വാക്‌സിനെടുത്തു, ശാരീരിക അസ്വസ്ഥത; അന്വേഷണം

 
Covid Vaccination

മധ്യപ്രദേശില്‍ കോവിഡ് വാക്‌സിനെടുത്ത 16കാരന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. മൊറേന ജില്ലയിലെ ബാഗ് കാ പുര പ്രദേശത്ത് കമലേഷ് കുശ്‌വാഹ എന്നയാളുടെ മകനായ പില്ലുവിനാണ് വാക്‌സിനെടുത്തശേഷം ശാരീരിക അസ്വസ്ഥതകളുണ്ടായത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.   

ശനിയാഴ്ച, 35 കിലോമീറ്റര്‍ അകലെയുള്ള മൊറേന ജില്ലാ ആസ്ഥാനത്തെത്തിയാണ് പില്ലു വാക്‌സിന്‍ സ്വീകരിച്ചത്. പിന്നാലെ, തലകറക്കം അനുഭവപ്പെടുകയും വായില്‍നിന്ന് നുരയും പതയും വരുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയ പില്ലുവിനെ ഗ്വാളിയോറിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, പില്ലു ഗ്വാളിയോറിലേക്ക് പോയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടി തിരിച്ചു വീട്ടിലേക്കു തന്നെ പോയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതിനിടെ, കുടുംബാംഗങ്ങള്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി ബഹളംവെക്കുകയും ചെയ്തു. 

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. 18 വയസില്‍ താഴെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍, പില്ലുവിന് എങ്ങനെ വാക്‌സിന്‍ ലഭിച്ചു എന്നതടക്കം കാര്യങ്ങളാണ് അന്വേഷിക്കുക. പില്ലുവിന്റെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ പരിശോധിക്കും. 2005 ജനുവരി ഒന്നാണ് പില്ലുവിന്റെ ജനനത്തീയതിയായി ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നതെന്നാണ് കുടുംബവുമായി അടുപ്പമുള്ളവര്‍ നല്‍കുന്ന വിവരം.