ബത്തേരി കോഴ വിവാദം: കെ സുരേന്ദ്രന്റെയും പ്രസീതയുടെയും ശബ്ദരേഖ പരിശോധിക്കണമെന്ന് കോടതി

 
Surendran Bribery Case

സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന ആരോപണത്തില്‍ ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്. ആരോപണം ഉന്നയിച്ച ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കണമെന്നാണ് ഉത്തരവ്. ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 

പൊലീസ് നല്‍കിയ അപേക്ഷയില്‍, കൊച്ചിയിലെ സ്റ്റുഡിയോയില്‍വെച്ച് ശബ്ദരേഖ പരിശോധിക്കാനാണ് കോടതി അനുമതി നല്‍കിയത്. ഇരുവരും ഒക്ടോബര്‍ 11ന് കാക്കനാട് സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിളുകള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ സുരേന്ദ്രന്‍ ഒന്നാം പ്രതിയും പ്രസീത അഴീക്കോട് മുഖ്യ സാക്ഷിയുമാണ്.

കോഴ ആരോപണത്തില്‍ സുരേന്ദ്രനുമായുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കാന്‍ ബിജെപി ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് പ്രസീത പുറത്തുവിട്ടത്.