'പിഴവ് സംഭവിച്ചിട്ടില്ല, പെണ്‍കുട്ടി കളവ് പറയുന്നു'; ലൈംഗിക ആരോപണത്തിനെതിരെ നിപ്പോണ്‍ ദാസ്

 
'പിഴവ് സംഭവിച്ചിട്ടില്ല, പെണ്‍കുട്ടി കളവ് പറയുന്നു'; ലൈംഗിക ആരോപണത്തിനെതിരെ നിപ്പോണ്‍ ദാസ്

ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച ഹിമ ദാസിന്റെ പരിശീലകന്‍ നിപ്പോണ്‍ ദാസ് തനിക്കെതിരെയുള്ള ലൈംഗിക ആരോപണത്തില്‍ താന്‍ നിരപരാധിയാണെന്ന് പ്രതികരിച്ചു. ഗുവാഹട്ടിയില്‍ നിപ്പോണിന് കീഴില്‍ പരിശീലനം നടത്തുന്ന ഒരു അത്ലറ്റാണ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്.

'അവര്‍ ഉന്നയിച്ച ലൈംഗിക ആരോപണം കളവാണ്. ആരോപണം ഉന്നയിച്ചതിന് ശേഷവും അവര്‍ പരിശീലനത്തിന് വരുന്നുണ്ടായിരുന്നു. ഏന്തെങ്കിലും പിഴവുണ്ടായിട്ടുങ്കില്‍ തീര്‍ച്ചയായും ഞാന്‍ ശിക്ഷാര്‍ഹനാണ്, എന്നാല്‍ എനിക്ക് പിഴവ് സംഭവിച്ചിട്ടില്ല. അതുകൊണ്ട് ആ കുട്ടി ശിക്ഷാര്‍ഹയാണ്. ഞാന്‍ പരിപൂര്‍ണമായും നിരപരാധിയാണ്. എന്റെ വിദ്യാര്‍ഥികളോട് നിങ്ങള്‍ക്ക് ചോദിക്കാം.. പോലീസ് എന്നെ വിളിപ്പിച്ചപ്പോഴും അവരോട് ഞാന്‍ പൂര്‍ണമായി സഹകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.' നിപ്പോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

100, 200 സ്പ്രിന്റ് ഇനങ്ങളില്‍ പരിശീലനം നടത്തുന്ന കുട്ടി സംസ്ഥാന ടീമില്‍ ഇടം നല്‍കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പലതവണ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ മികച്ച മറ്റുതാരങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. ഇതായിരിക്കാം ഇത്തരമൊരു പരാതിക്ക് കാരണമെന്നും നിപ്പോണ്‍ മുമ്പ് പ്രതികരിച്ചിരുന്നു.

ഗുവാഹട്ടി ഇന്ദിരാ ഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനിടെ നിപ്പോണ്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് അത്‌ലറ്റ് പരാതി നല്‍കിയത്. ഇക്കാര്യം വ്യക്തമാക്കി ജൂണ്‍ 22-ന് അത്ലറ്റ്, പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയില്‍ ഗുവാഹാട്ടി പോലീസ് നിപ്പോണിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതി പ്രകാരം നിപ്പോണിനെ ഒരു തവണ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തയിരുന്നെങ്കിലും മറ്റ് നടപടികളൊന്നും പോലീസ് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

https://www.azhimukham.com/sports-its-just-the-beginning-hima-will-touch-the-sky-coach-nipon-das/