ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാര്‍ഷികത്തില്‍ തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന് ആദ്യ പ്രതിമ

 
ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാര്‍ഷികത്തില്‍ തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന് ആദ്യ പ്രതിമ

തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്‌റെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവരണം ചെയ്തു. നാരായണ ഗുരുവിന്‌റെ ചരമ ദിനത്തിലാണ് പ്രതിമ നാടിന് സമര്‍പ്പിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്സര്‍വേറ്ററി ഹില്‍സില്‍ സ്ഥാപിച്ച പ്രതിമ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവരണം ചെയ്തു.

'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ നാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ആദ്യത്തെ ഗുരുദേവ പ്രതിമയാണിത്. 1.19 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിച്ചത്.

ശ്രീനാരായണ ഗുരുവിന് സമാനമായി നവോഥാന നായകനായ ചട്ടമ്പിസ്വാമികള്‍ക്കും തലസ്ഥാന നഗരിയില്‍ ഉചിതമായ സ്മാരകം സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരു പ്രതിമ അനാഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ അദ്ധ്യക്ഷനും,മന്ത്രി കടകംപള്ളി സരേന്ദ്രന്‍ മുഖ്യാതിഥിയുമായി. ഡോ. ശശി തരൂര്‍ എം.പി, മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍ വി. കെ. പ്രശാന്ത് , ഒ. രാജഗോപാല്‍, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ലളിതകലാ അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു.


കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഉണ്ണി കാനായയാണ് ശില്‍പം നിര്‍മിച്ചത്. പരേതനായ ചെത്ത് തൊഴിലാളി ഇ. പത്മനാഭന്റെയും അക്കാളത്ത് ജാനകിയുടെയും മകനാണ് ഉണ്ണി. ശില്പനിര്‍മ്മാണം ശാതസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത വ്യക്തികൂടിയാണ് ഇദ്ദേഹം. സര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരവും ക്ഷേത്രകലാ അക്കാഡമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജസ്നയാണ് ഭാര്യ. അര്‍ജുന്‍, ഉത്തര എന്നിവര്‍ മക്കള്‍.