'ഞാനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയതല്ല; ജനാധിപത്യ രീതിയിലാണ് പട്ടിക തയ്യാറാക്കിയത്'

 
VD Satheesan

ഡിസിസി അധ്യക്ഷ പട്ടികയില്‍ ചര്‍ച്ച നടന്നില്ലെന്ന വാദം തെറ്റാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതില്‍ ഇത്രയും വലിയ ചര്‍ച്ചകള്‍ നടന്ന കാലം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല പുറത്ത് വന്നത്. ജനാധിപത്യ രീതിയിലാണ് പട്ടിക തയ്യാറാക്കിയത്. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക പുറത്തിറക്കാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത് ശ്രദ്ധിച്ചു. കുറച്ചുകൂടി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ മെച്ചപ്പെട്ട പട്ടിക പുറത്തിറക്കാമായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. നമ്മള്‍ ഏത് പട്ടിക പുറത്തുവിട്ടാലും പൂര്‍ണത ആഗ്രഹിക്കും. പക്ഷേ, പലകാര്യങ്ങളും പരിഗണിച്ചുകൊണ്ടാണല്ലോ പട്ടിക പുറത്തുവിടുന്നത്. ചര്‍ച്ച നടത്തിയില്ലെന്ന ഭാഗം തെറ്റാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിനുമുമ്പ് ഇത്രയും ചര്‍ച്ച നടത്തിയ കാലം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയാണ് ചര്‍ച്ച നടത്തിയത്. 

കഴിഞ്ഞ 18 വര്‍ഷമായി ചെയ്ത രീതിയില്‍ നിന്നും ഇത്തവണ മാറ്റം വന്നിട്ടുണ്ട്. താഴേത്തട്ടിലേക്ക് ചര്‍ച്ച പോയിട്ടുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക ഇറക്കാന്‍ പറ്റുമോ. ജനാധിപത്യ രീതിയിലാണ് പട്ടിക തയ്യാറാക്കിയത്. താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല പുറത്തുവന്നത്. 14 പേരെ പ്രഖ്യാപിച്ചതില്‍ തനിക്കും സുധാകരനും പൂര്‍ണമായ ഉത്തരവാദിത്വം ഉണ്ട്. അനാവശ്യമായ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും സതീശന്‍ വ്യക്തമാക്കി.