സുനീഷയുടെ ആത്മഹത്യ; വിജീഷിന്റെ മാതാപിതാക്കളെക്കൂടി പ്രതിചേര്‍ത്തു

 
Suneesha

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയ സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് വിജീഷിന്റെ മാതാപിതാക്കളെക്കൂടി പ്രതിചേര്‍ത്തു. വിജീഷന്റെ അച്ഛന്‍ രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞമാസം 29ന് ഭര്‍തൃവീട്ടിലെ ശുചിമുറിയിലാണ് സുനീഷ തൂങ്ങി മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന സുനീഷയുടെ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വീജിഷിനൊപ്പം മാതാപിതാക്കളെക്കൂടി പ്രതി ചേര്‍ത്തത്. അതേസമയം, ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിജീഷിന്റെ അമ്മ കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ വീട്ടില്‍ ക്വാറന്റെനിലും. വിജീഷിന്റെ അറസ്റ്റ് കഴിഞ്ഞ ജിവസം രേഖപ്പെടുത്തിയിരുന്നു.

ഒന്നരവര്‍ഷം മുമ്പാണ് പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയും വീജിഷും വിവാഹിതരായത്. പ്രണയ വിവാഹമായതിനാല്‍ ഇരു വീട്ടുകാരും തമ്മില്‍ ഏറെക്കാലം അകല്‍ച്ചയിലായിരുന്നു. ഭര്‍തൃവീട്ടില്‍ താമസം തുടങ്ങിയ സുനീഷയ്ക്ക് നിരന്തരം ശാരീരികവും മാനസികവുമായി പീഡനം ഏറ്റിരുന്നു. ഇതില്‍ മനംനൊന്താണ് സുനീഷ ആത്മഹത്യ ചെയ്തത്. തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് സുനീഷ സഹോദരനോട് പറയുന്നതിന്റെയും ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനത്തെക്കുറിച്ച് പറയുന്നതിന്റെയും ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു.