പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

 
Jahir Hussain

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ജയില്‍ ചാടിയത്. ജോലിക്കായി സെല്ലിനു പുറത്തിറക്കിയശേഷം ഇയാളെ കാണാതാവുകയായിരുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ജാഹിര്‍ ഹുസൈന്‍.

ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഒമ്പത് മണിയോടെയാണ് ജാഹിര്‍ ഹുസൈന്‍ ചാടിയ വിവരം ജയില്‍ അധികൃതര്‍ അറിയുന്നത്. ജയില്‍ ചുറ്റുമതിലിനോട് ചേര്‍ന്ന അലക്ക് യന്ത്രത്തിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. രാവിലെ ഏഴരയ്ക്കാണ് അലക്ക് യന്ത്രത്തിലേക്ക് ഇയാളെ ജോലിക്കായി നിയോഗിച്ചത്. ഇതിനു പിന്നാലെയായിരുന്നു ജയില്‍ ചാട്ടം.

ഇയാള്‍ക്കായി വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. ഇയാള്‍ ഒരു ഷര്‍ട്ട് കയ്യിലെ കവറില്‍ കരുതിയിരുന്നതായാണ് വിവരം. ബസില്‍ കയറി കളിയിക്കാവിളയിലേക്ക് പോയെന്നും കണ്ടെത്തിയിട്ടുണ്ട്. ജാഹിര്‍ ഹുസൈന്‍ ഇതിനുമുമ്പ് ഇത്തരത്തിലൊരു ശ്രമം നടത്തിയിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.

മൊയ്തീന്‍ എന്നയാളെ കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2004ല്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ശിക്ഷ.