കെ.സി വേണുഗോപാലിനെതിരെ രാഹുല്‍ ഗാന്ധിക്ക് കത്തയച്ച പി.എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

 
Prashanth

കെ.സി വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച കെപിസിസി സെക്രട്ടറി പി.എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി. ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയാണ് അറിയിച്ചത്. 

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പ്രശാന്ത്. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രശാന്ത് ആരോപണങ്ങളുമായി രംഗത്തെത്തിയത്. വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും ആരോപിച്ചാണ് പ്രശാന്ത് രാഹുലിന് കത്തയച്ചത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു. പുറത്താക്കിയതിന് പിന്നാലെ നാളെ മാധ്യമങ്ങളെ കാണുമെന്നാണ് പ്രശാന്ത് അറിയിച്ചിട്ടുണ്ട്.