വിശദീകരണം തൃപ്തികരമല്ല; ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ മരവിപ്പിച്ചു

 
E-Bull Jet

വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനത്തിന്റെ രൂപമാറ്റം സംബന്ധിച്ച് ജോയിന്റ് ആര്‍ടിഒയുടെ നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി. താക്കീത് എന്ന നിലയില്‍ മൂന്ന് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്.

'നെപ്പോളിയന്‍' എന്ന് പേരിട്ടിരിക്കുന്ന ടെംപോ ട്രാവലറിനെയാണ് സഹോദരന്മാരായ എബിനും ലിബിനും കാരവാന്‍ മാതൃകയിലാക്കിയത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഇരുവര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍, നിയമപ്രകാരമുള്ള മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളുവെന്നും അതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നുമായിരുന്നു സഹോദരന്‍മാരുടെ നിലപാട്. തുടര്‍ന്നാണ് വിശദീകരണം തൃപ്തികരമല്ലെന്ന കണ്ടെത്തലില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്. നിലവില്‍ മൂന്ന് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിട്ടുള്ളത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും. 

വാഹനം നിയമവിരുദ്ധമായി മോഡിഫിക്കേഷന്‍ ചെയ്തതിനെത്തുടര്‍ന്ന് ഇരുവരോടും പിഴയടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇരുവരും ആര്‍ടിഒ ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പരാതിയില്‍ സഹോദരങ്ങള്‍ക്കെതിരെ കേസെടുത്തിരുന്നു.