തെന്നല പോക്‌സോ കേസ്; യുവാവിനെ തെറ്റായി പ്രതിചേര്‍ത്തതില്‍ അന്വേഷണം

 
Thennala Pocso case

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട യുവാവ് 35 ദിവസം ജയിലില്‍ കിടക്കേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

തിരൂരങ്ങാടി തെന്നല സ്വദേശി ശ്രീനാഥാണ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്ന ശ്രീനാഥിന്റെ മൊഴി കണക്കിലെടുക്കാതെയായിരുന്നു പൊലീസ് നടപടി. പിന്നീട് ശ്രീനാഥിന്റെ ആവശ്യപ്രകാരമാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശാനുസരണം യുവാവിനെ ജയില്‍ മോചിതനാക്കി. 

ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് തീരുമാനിച്ചത്. 35 ദിവസം യുവാവ് തിരൂര്‍ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. സ്‌കൂളില്‍ നിന്നും മടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. കല്‍പ്പകഞ്ചേരി പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പൊലീസാണ് തുടരന്വേഷണം നടത്തിയത്.