'തന്റെ പേരില്‍ ഒരു ഗ്രൂപ്പുമുണ്ടാകില്ല; പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കള്‍'

 
vd

എറണാകുളം ഡിസിസി ഓഫീസിനുമുന്നില്‍ തനിക്കെതിരെ പ്രതിഷേധ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തങ്ങളൊക്കെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു. ഗ്രൂപ്പുകളേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്ന് കാണിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. തന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഒരു ഗ്രൂപ്പുമുണ്ടാകില്ല. അതില്‍ ചേരാന്‍ ആരും കാത്തിരിക്കേണ്ടതില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്. പാര്‍ട്ടി നേതാക്കളെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ഒരു തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്കും കീഴ്പ്പെടുന്ന പ്രശ്നമില്ല. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ കെപിസിസി നിയോഗിച്ച അഞ്ച് മേഖലാസമിതികളും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പാര്‍ട്ടി ചര്‍ച്ച ചെയ്യും. ഉത്തരവാദികളായവര്‍ക്കെതിരെ ഇതുവരെ ഇല്ലാത്തവിധം നടപടി സ്വീകരിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

യഥാര്‍ത്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് സതീശനെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ജീവന്‍ ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയണമെന്ന് പോസ്റ്റര്‍ പറയുന്നു. ഗ്രൂപ്പില്ലാ എന്ന് കള്ളം പറഞ്ഞ് ഗ്രൂപ്പ് കളിക്കുന്ന വി.ഡി സതീശന്റെ കോണ്‍ഗ്രസ് വഞ്ചന ജനം തിരിച്ചറിയണം. ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നുള്ള വി.ഡി സതീശന്റെ ദുര്‍വാശിയും മര്‍ക്കടമുഷ്ടിയും അവസാനിപ്പിക്കുക. രക്ഷകന്റെ മുഖംമൂടി അണിഞ്ഞു തന്ത്രപരമായി പുത്തന്‍ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസ് പ്രസ്ഥാനം നശിപ്പിക്കുന്ന അഭിനവ തുഗ്ലക്ക് വി.ഡി സതീശനെ തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകള്‍. എറണാകുളം ജില്ലയില്‍ സതീശന്റെ അടുപ്പക്കാരനായ മുഹമ്മദ് ഷിയാസ് ഡിസിസി പ്രസിഡന്റ് ആയേക്കുമെന്നാണ് സൂചനക്കിടെയാണ് പോസ്റ്റര്‍ പ്രതിഷേധം.