മൂന്നാറില്‍ പുഴയൊഴുക്കിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്ന് സബ്കളക്ടര്‍ രേണുരാജ്

 
മൂന്നാറില്‍ പുഴയൊഴുക്കിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്ന് സബ്കളക്ടര്‍ രേണുരാജ്

മൂന്നാറില്‍ പുഴയോരത്തെ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിന് തടസ്സം നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്നാണ് സബ്കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരം കെട്ടിടങ്ങളെക്കുറിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

മൂന്നാറില്‍ പ്രളയം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സബ്കളക്ടര്‍ രംഗത്തെത്തിയത്. മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. അശാസ്ത്രീയമായ നിര്‍മ്മാണങ്ങളും പുഴ കയ്യേറ്റവുമാണ് മൂന്നാറിലെ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് വിമര്‍ശനം.

മൂന്നാര്‍ ടൗണിലും പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കും. പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാരെ നിയമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. ചെറിയൊരു മഴ പെയ്താല്‍ തന്നെ മൂന്നാര്‍ ടൗണിലും പരിസരപ്രദേശത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് അനധികൃത കയ്യേറ്റം മൂലമാണെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍.

also read:തിരുവനന്തപുരത്ത് നിന്നും ഇനിയും ലോഡ് പോകും; ദുരിതത്തില്‍ പെട്ട മനുഷ്യര്‍ക്കായി മാത്രമല്ല, മിണ്ടാപ്രാണികള്‍ക്ക് വേണ്ടിയും