എല്‍ഡിഎഫിനെ പിന്തുണച്ച് ബിജെപി; കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

 
Kottayam Miunicipality

കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായതോടെയാണ് ആറുമാസത്തെ യുഡിഎഫ് ഭരണം അവസാനിച്ചത്. 52 അംഗ നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങളാണുള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളുമുണ്ട്. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് യുഡിഎഫ് വിട്ടുനിന്നു. എന്നാല്‍, അവസാന നിമിഷം ബിജെപി എല്‍ഡിഎഫിനെ പിന്തുണച്ചു. ഇതോടെ ജില്ലയില്‍ ഈരാറ്റുപേട്ട നഗരസഭയ്ക്കു പിന്നാലെ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന രണ്ടാമത്തെ നഗരസഭയായി കോട്ടയം.

അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍ യുഡിഎഫ് വിട്ടുനിന്നെങ്കിലും എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ ഹാജരായതോടെ ക്വാറം തികഞ്ഞു. പ്രമേയ വോട്ടെടുപ്പില്‍നിന്ന് ബിജെപി അംഗങ്ങളും വിട്ടുനില്‍ക്കുമെന്നായിരുന്നു യുഡിഎഫ് കണക്കുക്കൂട്ടല്‍. എന്നാല്‍, പ്രമേയത്തെ പിന്തുണയ്ക്കാന്‍ ബിജെപി വിപ്പ് നല്‍കിയിരുന്നു. ഇതോടെ, പ്രമേയത്തെ പിന്തുണക്കുന്നവരുടെ എണ്ണം 30 ആയി. എന്നാല്‍, 18ാം വാര്‍ഡ് കൗണ്‍സിലര്‍ എല്‍ഡിഎഫ് സ്വതന്ത്രാംഗം പി.ഡി സുരേഷിന്റെ വോട്ടാണ് അസാധുവായി. 29 വോട്ടുകളോടെ പ്രമേയം പാസായി. 
 
തെരഞ്ഞെടുപ്പിനു പിന്നാലെ എല്‍ഡിഎഫിന് 22, യുഡിഎഫിന് 21, ബിജെപി എട്ട്, ഒരു കോണ്‍ഗ്രസ് വിമത എന്നിങ്ങനെയായിരുന്നു നഗരസഭയിലെ സീറ്റ് നില. എന്നാല്‍, ഗാന്ധിനഗര്‍ സൗത്തില്‍നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റിയന്‍ ചേര്‍ന്നതോടെയാണ് യുഡിഎഫിനും 22 സീറ്റായത്. ടോസിലെ ഭാഗ്യവും തുണച്ചതോടെ, യുഡിഎഫ് ഭരണത്തില്‍ വരുകയും ബിന്‍സ് ചെയര്‍പേഴ്‌സണ്‍ ആവുകയും ചെയ്തു. 

എല്‍ഡിഎഫില്‍ സിപിഎം-16, സിപിഐ-2 കേരള കോണ്‍ഗ്രസ്-1, സ്‌കറിയ തോമസ് വിഭാഗം-1, കോണ്‍ഗ്രസ് എസ്-1, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫില്‍ കോണ്‍ഗ്രസ്-20 ജോസഫ് വിഭാഗം-1, സ്വതന്ത്ര-1 ആകെ  22. ബിജെപി 8.