തട്ടിപ്പുകാരന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പില്‍ ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥര്‍ക്ക് നിക്ഷേപം

 
തട്ടിപ്പുകാരന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പില്‍ ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥര്‍ക്ക് നിക്ഷേപം

പഞ്ചാബ് നാഷണല്‍ ബാങ്ക് വഴി വായ്പ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ വ്യാപാരി മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പില്‍ ടൈംസ് ഓഫ് ഇന്ത്യ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ & കമ്പനി ലിമിറ്റഡിനും (ബിസിസിഎല്‍) നിക്ഷേപം. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മറ്റൊരു പ്രമുഖ മാധ്യമ ഗ്രൂപ്പായ എച്ച്ടി മീഡിയ ലിമിറ്റഡും (ഹിന്ദുസ്ഥാന്‍ ടൈംസ്) ഗീതാഞ്ജലി ജെംസില്‍ നിക്ഷേപം നടത്താന്‍ ആലോചിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗീതാഞ്ജലി ജെംസിന്റെ ഉപകമ്പനികളായ നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ്, ഗിലി ഇന്ത്യ ലിമിറ്റഡ് എന്നിവയ്ക്ക് 32.5 കോടി രൂപ വരുന്ന അഞ്ച് കണ്‍വെര്‍ട്ടിബിള്‍ വാറണ്ടുകളാണ് ബെന്നറ്റ് കോള്‍മാന്‍, ഗീതാഞ്ജലിക്ക് നല്‍കിയിരിക്കുന്നത്. എച്ച്ടി മീഡിയ ലിമിറ്റഡില്‍ നിന്ന് 30.67 കോടി രൂപ വരുന്ന പത്ത് കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളും. ഇരു കമ്പനികളുടേയും പ്രമേയങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തങ്ങള്‍ ഗീതാഞ്ജലി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നും സാധ്യതകള്‍ പരിശോധിക്കുകയാണ് ചെയ്തതെന്നുമാണ് എച്ച് ടി മീഡിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പിയൂഷ് ഗുപ്ത ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. അതേസമയം ബെന്നറ്റ് കോള്‍മാന്റെ പ്രതികരണം ലഭ്യമല്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ഡിസംബര്‍ ഒന്നിനാണ് എച്ച്ടി മീഡിയ ലിമിറ്റഡ് ബോര്‍ഡ് പ്രമേയം പാസാക്കുന്നത്. 2018 ജനുവരി 31ന് മെഹുല്‍ ചോക്‌സിക്കും നിരവ് മോദിക്കും ഭാര്യക്കും സഹോദരനുമെതിരെ സിബിഐ കേസെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 280 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ഫെബ്രുവരി 14ന് മൊത്തം തട്ടിപ്പ് തുക 11,400 കോടി രൂപ എന്ന് കണക്കാക്കി.