യുപിയില്‍ യോഗിക്കെതിരായ കേസ് യോഗി പിന്‍വലിച്ചു

 
യുപിയില്‍ യോഗിക്കെതിരായ കേസ് യോഗി പിന്‍വലിച്ചു

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരായ കേസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്‍വലിച്ചു. 1995ലെ കേസാണിത് - നിരോധന ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട്. കേന്ദ്ര ധനകാര്യ സഹമന്ത്രി ശിവ് പ്രതാപ് ശുക്ല, ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡെ തുടങ്ങിയവരടക്കം 10 പേരാണ് കേസിലെ പ്രതികള്‍. ഡിസംബര്‍ 20നാണ് കേസ് പിന്‍വലിക്കുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കാന്‍ ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന് യുപി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. കേസിന്റെ വസ്തുതകള്‍ പരിശോധിച്ച ശേഷം ഒക്ടോബര്‍ 27ന് ജില്ല മജിസ്‌ട്രേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കോടതിയില്‍ ഹാജാരാകാത്ത പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നില്ല. 1995 മേയ് 27ന് പിപിഗഞ്ച് ടൗണില്‍ ജില്ലാഭരണകൂടത്തിന്റെ നിരോധനം ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ചതിന്റെ പേരിലാണ് യോഗി ആദിത്യനാഥ് അടക്കം 14 പേര്‍ക്കെതിരെയാണ് പിപിഗഞ്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 188ാം വകുപ്പ് പ്രകാരം. ഡിസംബര്‍ 21ന് ഉത്തര്‍പ്രദേശ് ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ കൊണ്ടുവന്ന് യോഗി ആദിത്യനാഥ് പറഞ്ഞത് ഇരുപതിനായിരത്തോളം രാഷ്ട്രീയപ്രേരിതമായ കേസുകളുണ്ട് എന്നായിരുന്നു. ഈ നിയമഭേദഗതി ഇത്തരം കേസുകള്‍ അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നും യോഗി പറഞ്ഞിരുന്നു.