കസ്റ്റഡി മരണങ്ങള്‍ പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

 
കസ്റ്റഡി മരണങ്ങള്‍ പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

പോലീസുകാര്‍ പ്രതിയായ കസ്റ്റഡി മരണക്കേസുകള്‍ പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി. വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം ശരിയായ ദിശയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.

ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് പി സോമരാജന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അന്വേഷണ കാര്യത്തില്‍ കോടതി സിബിഐയുടെ നിലപാടും അന്വേഷിച്ചു. വരാപ്പുഴയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഖില കോടതിയെ സമീപിച്ചത്.

ശ്രീജിത്തിനെ പ്രതിചേര്‍ത്തതിലും അറസ്റ്റു ചെയ്തതിലും ബാഹ്യ ഇടപെടലുണ്ടായോയെന്ന് പരിശോധിക്കണമെന്നും സിപിഎം നേതാക്കളുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും അഖിലയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനും കേസില്‍ കക്ഷി ചേര്‍ന്നു. ഹര്‍ജി അടുത്തമാസം നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.