പൂന്തുറയിലെ ഓഖി ദുരിത ബാധിതര്‍ക്കൊപ്പം മഞ്ജു വാര്യര്‍

 
പൂന്തുറയിലെ ഓഖി ദുരിത ബാധിതര്‍ക്കൊപ്പം മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യര്‍ ഓഖി ദുരിത ബാധിതരെ സന്ദര്‍ശിച്ചു. പൂന്തുറയില്‍ ദുരിത ബാധിതരുടെ വീടുകളില്‍ എത്തിയാണ് മഞ്ജു സാന്ത്വനം പകര്‍ന്നത്. ഓഖി ദുരന്തം ഏറ്റവുമധികം ബാധിച്ചത് പൂന്തുറയിലാണ്. ഇന്ന് രാവിലെയാണ് മഞ്ജു പൂന്തുറയിലെത്തിയത്. ഇതുവരെ എട്ട് വീടുകളില്‍ സന്ദര്‍ശനം നടത്തി.

ഓഖി ദുരന്തത്തില്‍ മരിച്ച 74 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 32 പേരെ തിരിച്ചറിഞ്ഞു. 28 പേര്‍ തിരുവനന്തപുരം സ്വദേശികളും നാല് പോര്‍ കൊല്ലം സ്വദേശികളുമാണ്. കാണാതായവരില്‍ 164 പേരുടെ പേരിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാണാതായ 33 പേരുടെ പേരില്‍ എഫ്‌ഐആര്‍ ഇട്ടിട്ടില്ല. കാണാതായവരില്‍ കൂടുതലും തിരുവനന്തപുരത്താണ് 132 പേരെയാണ് തിരുവനന്തപുരത്തു നിന്നും കാണാതായിരിക്കുന്നത്.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. ആഭ്യന്തരവകുപ്പ് ചീഫ് സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ എറണാകുളത്തെത്തിയ സംഘം അഞ്ച് പേര്‍ വീതമുള്ള രണ്ട് സംഘങ്ങളായാണ് സന്ദര്‍ശനം നടത്തിയത്. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് ഇവരുടെ സന്ദര്‍ശനം.